പ്രായമായവർക്കും, വികലാംഗർക്കും, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്കും റേഷൻ കടകളിൽ എത്താനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡോർസ്റ്റെപ്പ് റേഷൻ ഡെലിവറി പദ്ധതി 2025 മെയ് ഒന്നിന് ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാർ ഔദ്യോഗികമായി നിർത്തലാക്കിയിരിക്കുകയാണ്.
2021 ജനുവരിയിൽ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ആരംഭിച്ച ഒരു സംരംഭമായിരുന്നു ഡോർസ്റ്റെപ്പ് റേഷൻ ഡെലിവറി. പ്രായമായവർക്കും, വികലാംഗർക്കും, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്കും റേഷൻ കടകളിൽ എത്താനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2025 മെയ് ഒന്നിന് ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാർ ഔദ്യോഗികമായി നിർത്തലാക്കിയിരിക്കുകയാണ്.
ഇതോടെ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികൾ, പ്രായമായവർ, വികലാംഗർ തുടങ്ങിയവർക്ക് ഭക്ഷണത്തിനുള്ള തങ്ങളുടെ അവകാശം നേടിയെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ആരംഭിച്ച പദ്ധതിയിൽ പ്രാദേശിക ഗ്രാമീണ സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് മൊബൈൽ ഡിസ്പെൻസിങ് യുണിറ്റ് വഴി റേഷൻ കാർഡ് ഉടമകളുടെ ഗ്രാമങ്ങളിലേക്ക് നേരിട്ട് റേഷൻ എത്തിച്ച് നൽകുമായിരുന്നു. അഴിമതി കുറയ്ക്കുന്നതിനും, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ആർക്കും റേഷൻ കിട്ടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തത്.
ഡോർസ്റ്റെപ്പ് റേഷൻ ഡെലിവറി വാഹനം
2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ (NFSA) സെക്ഷൻ 30 ൽ വിദൂര, കുന്നിൻ പ്രദേശങ്ങളിലെ, ഗോത്ര മേഖലകളിലെ ദുർബല സമൂഹങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
റേഷൻ വാങ്ങാൻ ബുദ്ധിമുട്ടുന്ന പാവങ്ങൾക്കുള്ളൊരു ആശ്രയമായിരുന്ന ഈ പദ്ധതിയിൽ നിന്നും ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഈ പിന്മാറ്റം അവർക്ക് വലിയ ദുരിതമാകുകയാണ്.
ചന്ദ്രബാബു നായിഡു
അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ താമസിക്കുന്ന വൃദ്ധരും വിധവകളുമായ പൗരന്മാർക്ക്, ഇത് വെറുമൊരു നയമാറ്റമല്ല, മറിച്ച് അവരുടെ ഭക്ഷ്യസുരക്ഷയ്ക്ക് നേരിട്ടുള്ള ഒരു പ്രഹരമാണ്.
ഒരുകാലത്ത് പ്രതിമാസ വീട്ടുപടിക്കൽ റേഷൻ വിതരണത്തെ ആശ്രയിച്ചിരുന്ന 62 വയസുള്ള ജെമ്മേലി റാസ്മോ എന്ന സ്ത്രീ ഇപ്പോൾ അടുത്തുള്ള റേഷൻ ഡിപ്പോയിലേക്ക് ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം. മോശം റോഡുകളും ഗതാഗത സൗകര്യങ്ങളുടെ അഭാവവും മൂലം ഈ യാത്ര അവർക്ക് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ മാസവും, റേഷൻ ഡിപ്പോകളിൽ നിന്നുള്ള റേഷൻ സ്റ്റോക്ക് നിശ്ചിത റൂട്ടുകളിൽ സഞ്ചരിക്കുന്ന മിനി ട്രക്കുകളിൽ കയറ്റി അയക്കുമായിരുന്നു. ഗ്രാമത്തിലെ വാർഡ് വളണ്ടിയർമാർ ഡെലിവറി ഷെഡ്യൂളിനെക്കുറിച്ച് താമസക്കാരെ മുൻകൂട്ടി അറിയിക്കും.
റേഷൻ ഡിപ്പോ സംവിധാനത്തിൽ തങ്ങൾക്ക് അർഹതപ്പെട്ടതിലും കുറഞ്ഞ അളവ് ധാന്യങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് സർവേയിൽ പങ്കെടുത്ത 75% പേരും പറഞ്ഞു
ആദിവാസി മേഖലകളിൽ, ഈ സംവിധാനം പ്രധാനമായും ഓഫ്‌ലൈനായാണ് പ്രവർത്തിച്ചിരുന്നത്. റേഷൻ കാർഡുകളിലെ ബയോമെട്രിക് സംവിധാനം പരിശോധിക്കേണ്ട ആവശ്യകതകളൊന്നും ഇവിടെ ഇല്ല. പകരം, റേഷൻ കാർഡിന്റെ ഭൗതിക പരിശോധനയെ അടിസ്ഥാനമാക്കിയായിരുന്നു വിതരണം. ഗൃഹനാഥൻ ഇല്ലെങ്കിലും ഒരു കുടുംബാംഗത്തിനോ അയൽക്കാരനോ കാർഡ് ഹാജരാക്കി അവരുടെ പേരിൽ റേഷൻ വാങ്ങാൻ കഴിയുമായിരുന്നു.
ഏതെങ്കിലും വീട്ടുകാർക്ക് റേഷൻ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, ആ വൈകുന്നേരം ഗ്രാമത്തിൽ മിനി ട്രക്ക് എത്തുമായിരുന്നു. ആദിവാസി വിഭാഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ റേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർക്കുള്ള റേഷൻ വിതരണം ഇത്ര സുഗമമാക്കിയത്.
വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി
ഡോർസ്‌റ്റെപ്പ് ഡെലിവറി എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, മിനി ട്രക്കുകൾ എല്ലായ്പ്പോഴും ആളുകളുടെ വീടിന് മുന്നിൽ എത്താറില്ലായിരുന്നു. പകരം അവ എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന ഒരിടത്ത് പാർക്ക് ചെയ്യും, റേഷൻ വിതരണം നടത്തും. എന്നിരുന്നാലും, ആളുകൾക്ക് സഞ്ചരിക്കേണ്ട ദൂരം ഇത് കുറച്ചിരുന്നു. ദൂരെയുള്ള റേഷൻ ഡിപ്പോകളിൽ എത്താൻ കുടുംബങ്ങൾ പലപ്പോഴും ഇരുചക്ര വാഹനങ്ങളെയോ, ഷെയർ ഓട്ടോകളെയോ, കുതിരകളെയോ ആശ്രയിച്ചിരുന്ന ഗോത്ര മേഖലകളിൽ ഡോർസ്‌റ്റെപ്പ് ഡെലിവറി കാര്യമായ മാറ്റമുണ്ടാക്കിയിരുന്നു.
ഈ ഡോർസ്റ്റെപ്പ് ഡെലിവറി സംവിധാനത്തിന്റെ പിൻവാങ്ങൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് ഭരണഘടനാപരമായി വ്യത്യസ്തമായ സംരക്ഷണത്തിന് അർഹതയുള്ള ഗോത്ര സമൂഹങ്ങൾക്ക്.
ആന്ധ്രാപ്രദേശിലെ പഡേരു ഐ.ടി.ഡി.എ മേഖലയിലെ 790 ആദിവാസികളുമായി ലിബ്ടെക് ഇന്ത്യ നടത്തിയ ഒരു സമീപകാല പഠനത്തിൽ റേഷൻ ഡിപ്പോ സംവിധാനത്തിൽ നേരിട്ട് ചെന്ന് റേഷൻ വാങ്ങുമ്പോൾ പലപ്പോഴും ആദിവാസി വിഭാഗങ്ങൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്ന് പറയുന്നു.
പല പ്രദേശങ്ങളിലും, ഡിപ്പോ ഉടമകൾ പതിവായി റേഷൻ കാർഡ് ഉടമകളെ അരിക്കൊപ്പം സോപ്പ്, എണ്ണ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങാൻ സമ്മർദം ചെലുത്താറുണ്ട്. ഈ വാങ്ങലുകൾ നിർബന്ധിതമായാണ് നടത്തുന്നത്. മറ്റ് സാധനങ്ങൾ വേണ്ടെന്ന് പറഞ്ഞ് നിരസിച്ചാൽ തങ്ങൾക്ക് റേഷൻ ഇനി ലഭിക്കാതിരിക്കുമോ എന്ന ഭയത്താൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കാർഡ് ഉടമകൾ അവ വാങ്ങാൻ നിർബന്ധിതരാകുന്നു. ഇത്തരം ബുദ്ധിയമുട്ടുകൾ ഡോർസ്‌റ്റെപ്പ് ഡെലിവറി സംവിധാനം വന്നതോടെ കുറഞ്ഞു. റേഷൻ വിതരണം ആളുകളുടെ വീടുകൾക്ക് സമീപം നടന്നതോടെ, പൗരന്മാർക്ക് അവരുടെ യഥാർത്ഥ അവകാശങ്ങൾ പീഡനമോ കൃത്രിമത്വമോ ഇല്ലാതെ ലഭിച്ചു.
എന്നാൽ ഈ സംവിധാനം നിർത്തലാക്കുന്നതോടെ വീണ്ടും പഴയ അവസ്ഥ വരുമോയെന്ന ഭയത്തിലാണ് ആദിവാസികൾ.
ലിബ്ടെക് ഇന്ത്യ നടത്തിയ സർവേയിൽ, 75% പേരും റേഷൻ ഡിപ്പോ സംവിധാനത്തിൽ അരി നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടുതലാണെന്ന് പറഞ്ഞു.
റേഷൻ ഡിപ്പോ സംവിധാനത്തിൽ അരിക്കൊപ്പം അധിക സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നതായി സർവേയിൽ പങ്കെടുത്ത 65% പേർ പറഞ്ഞു.
റേഷൻ കട
റേഷൻ ഡിപ്പോ മാതൃകയേക്കാൾ വാതിൽപ്പടി ഡെലിവറി സംവിധാനമാണ് 83% പേരും ഇഷ്ടപ്പെടുന്നത്.
ഡോർസ്റ്റെപ്പ് ഡെലിവറി സംവിധാനത്തിൽ യാത്രാ ദൂരത്തിൽ കുറവുണ്ടായതായി 92% പേർ റിപ്പോർട്ട് ചെയ്തു.
ഡോർസ്റ്റെപ്പ് ഡെലിവറി സിസ്റ്റത്തിൽ റേഷൻ ശേഖരിക്കാൻ കുറച്ച് യാത്രകൾ മാത്രമേ വേണ്ടൂ എന്ന് 90% പേരും പറഞ്ഞു.
റേഷൻ ഡിപ്പോ സംവിധാനത്തിൽ തങ്ങൾക്ക് അർഹതപ്പെട്ടതിലും കുറഞ്ഞ അളവ് ധാന്യങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് സർവേയിൽ പങ്കെടുത്ത 75% പേരും പറഞ്ഞു.
റേഷൻ ഡിപ്പോ സംവിധാനത്തിൽ, നിരവധി ഗുണഭോക്താക്കൾക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിരുന്നു. മാത്രവുമല്ല തിരക്ക് മൂലമോ അല്ലെങ്കിൽ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞോ പലപ്പോഴും അവർക്ക് റേഷൻ നൽകാതെ പറഞ്ഞയക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. തൽഫലമായി വീണ്ടും വരേണ്ട അവസ്ഥ ഉണ്ടാവുകയും ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് അവരുടെ ദിവസ വേതനം തന്നെ നഷ്ടപ്പെടാറുമുണ്ടായിരുന്നു.
ഇതിനു വിപരീതമായി, ഡോർസ്‌റ്റെപ്പ് ഡെലിവറി മാതൃക കൂടുതൽ മാനുഷികമായ ഒരു ഇടപെടൽ സൃഷ്ടിക്കുകയും അവശ്യ സേവനങ്ങൾ ആളുകൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ച് നൽകിയിരുന്നു. ദിവസ വേതനക്കാർക്കും, പ്രായമായവർക്കും, വികലാംഗർക്കും ഇത് വെറുമൊരു ക്ഷേമ പദ്ധതി മാത്രമായിരുന്നില്ല, മറിച്ച് ഒരു ജീവനാഡിയായിരുന്നു.
Content Highlight: Setback for food security: Doorstep ration delivery, which was a relief for tribals, has been discontinued