പൂനെ: സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കലായി കണക്കാക്കാനാവില്ലെന്ന് പൂനെ ഹൈക്കോടതി. സര്‍ക്കാരിന്റെ നടരപടികളെക്കുറിച്ച് വിമര്‍ശിക്കാനും അഭിപ്രായം പറയാനും അഭിനന്ദിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
എന്‍.സി.പി. (ശരദ് പവാര്‍) സോഷ്യല്‍ മീഡിയ വിഭാഗം സംസ്ഥാന മേധാവി മഹാദേവ് ബല്‍ഗുഡെയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി. ഡി. കുല്‍ക്കര്‍ണി ഈ നിരീക്ഷണം നടത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും നക്‌സലൈറ്റ് അനുകൂല പോസ്റ്റുകള്‍ പങ്കുവെച്ചതിനും 2026 ഏപ്രിലിലാണ് പുനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചില കേസുകളിലെ അന്വേഷണത്തെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അപേക്ഷകന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നതായും ഇത് പൊതു ചര്‍ച്ചയുടെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേതാക്കളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതും ചോദ്യം ചെയ്യുന്നതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘പ്രതി രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനോ, അതിനായി ആളുകളെ പ്രേരിപ്പിച്ചതിനോ, ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവര്‍ത്തി ചെയ്തതിനോ തെളിവുകളില്ല,’ കോടതി പറഞ്ഞു.
ഈ കേസില്‍ ബി.എന്‍.എസ് സെക്ഷന്‍ 152 പ്രയോഗിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പ്രതിക്കെതിരെ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്നതാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം സമര്‍പ്പിച്ചെന്നും, ഇനി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ജാമ്യം അനുവദിച്ചുകൊണ്ട്, 25,000 രൂപയുടെ ബോണ്ടിലും ഒന്നോ രണ്ടോ ആള്‍ജാമ്യത്തിലും പുറത്തിറങ്ങാന്‍ കോടതി ബല്‍ഗുഡെയോട് നിര്‍ദേശിച്ചു. തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തന്റെ വിലാസവും ഫോണ്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
ബല്‍ഗുഡെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സമീര്‍ ഷെയ്ഖ്, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വാദിച്ചു. അന്വേഷണം പൂര്‍ത്തിയായതിനാല്‍ പ്രതിയില്‍ നിന്ന് ഇനി ഒന്നും കണ്ടെടുക്കാനില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ പ്രതി സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും രാജ്യത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നും കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
Content Highlight: Setback for Fadnavis: Criticizing the Chief Minister is not a declaration of war against the nation; it is a citizen’s fundamental right: Pune High Court.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.