ഈ മേഖലയെ പറ്റി അറിയാത്തത് കൊണ്ട്  ആശങ്കയിലായി;  അലോചിച്ചതിന് ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്: സെറിന്‍ ഷിഹാബ്
Malayalam Cinema
ഈ മേഖലയെ പറ്റി അറിയാത്തത് കൊണ്ട്  ആശങ്കയിലായി;  അലോചിച്ചതിന് ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്: സെറിന്‍ ഷിഹാബ്
ഐറിന്‍ മരിയ ആന്റണി
Saturday, 14th February 2026, 4:20 pm

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരിസിലൂടെ കരിയര്‍ ആരംഭിച്ച നടി ആട്ടം സിനിമയിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായത്. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിലെ പുഷ്പം എന്ന കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഇത്തിരി നേരം ആണ് സെറിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ചയില്‍ ഒരു കാമിയോ റോളിലും സെറിന്‍ എത്തിയിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. ഒരുപാട് ആലോചിച്ച ശേഷമാണ് ഇനി അഭിനയമാണ് തന്റെ കരിയര്‍ എന്ന തീരുമാനത്തില്‍ എത്തിയതെന്ന് താരം പറയുന്നു.

Photo: സെറിന്‍ ഷിഹാബ്

‘മൂന്നുനാല് വര്‍ഷം തിയേറ്റര്‍ ചെയ്ത് കഴിഞ്ഞാണ് സിനിമാ സ്‌ക്രീനിലേക്കുള്ള ഓഡിഷനുകളില്‍ പങ്കെടുത്തു തുടങ്ങിയത്. കോളേജ് പഠനത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനം കൂടി ചെയ്തിരുന്നു. പക്ഷേ അത് എനിക്ക് പറ്റിയ പണിയല്ലെന്ന് പെട്ടെന്ന് മനസിലായി. അങ്ങനെയിരിക്കെ, കോച്ചിങ്ങിന്റെ അടുത്ത ടേം ഫീസ് അടക്കേണ്ട സമയം ‘അത് അടക്കേണ്ട ഞാന്‍ ഇനി പോവുന്നില്ല’ എന്ന് വാപ്പയോട് പറഞ്ഞു. അവര്‍ പെട്ടെന്ന് ഞെട്ടി.

എനിക്ക് അവരുടെ പിന്തുണ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ആദ്യമായി കാര്യങ്ങള്‍ വീട്ടില റിയിച്ചു. അവര്‍ക്ക് ഈ മേഖല പരിചയമില്ലല്ലോ. അതിനാല്‍ ആശങ്കയുണ്ടായി.’എപ്പോഴും ഒരാളുടെ കീഴില്‍ ജോലി ചെയ്യാന്‍ നമുക്ക് താല്പര്യമുണ്ടാകില്ലല്ലോ’ എന്ന് ഞാന്‍ വാപ്പയോട് ചോദിച്ചു.

തന്റെ അച്ഛനും എയര്‍ഫോഴ്‌സില്‍ നിന്ന് പോന്നതിന് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങിയതാണെന്നും ‘അതു പോലെ എനിക്കുമൊന്ന് ശ്രമിക്കണം,’ എന്നൊക്കെ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തിയെന്നും സെറിന്‍ പറഞ്ഞു. അങ്കിളും ആന്റിയും വന്ന് ‘ഇവളുടെ ഒരേയൊരു നാടകം കണ്ടുനോക്ക്’ എന്ന് പറഞ്ഞ് തന്നെ പിന്തുണച്ചുവെന്നും പങ്കാളി ഡാനിയേല്‍ രാജ് ഡേവിഡും അന്ന് കൂടെയുണ്ടായിരുന്നുവെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പേട്രിയേറ്റാണ് സെറിന്റേതായി വരാനിരിക്കുന്ന ചിത്രം. ബിഗ് എംസിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍താര നിര തന്നെയുണ്ട്. ചിത്രം ഏപ്രില്‍ 23ന് തിയേറ്ററുകളിലെത്തും.

Content Highlight:   Serin Shihab talks about her acting career

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.