ആദ്യ സിനിമയ്ക്ക് ലഭിച്ചത് 500 രൂപ, നസീര്‍ സാറിന് നാലായിരം, സത്യന്‍ മാഷിന് എണ്ണായിരം: ഓര്‍മ പങ്കിട്ട് മധു
Malayalam Cinema
ആദ്യ സിനിമയ്ക്ക് ലഭിച്ചത് 500 രൂപ, നസീര്‍ സാറിന് നാലായിരം, സത്യന്‍ മാഷിന് എണ്ണായിരം: ഓര്‍മ പങ്കിട്ട് മധു
അശ്വിന്‍ രാജേന്ദ്രന്‍
Monday, 23rd March 2026, 7:31 pm

1960കള്‍ മുതല്‍ എണ്‍പതുകള്‍ വരെ മൂന്നു പതിറ്റാണ്ടോളം മലയാളത്തില്‍ സജീവമായിരുന്ന നായകനടനാണ് മധു. കോളേജ് അധ്യാപകനായി പ്രൊഫഷന്‍ ആരംഭിച്ച മധുവിന്റെ ആദ്യ ചിത്രം എന്‍.എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പാടുകളാണ്. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം മലയാളത്തില്‍ നിന്നും ആദ്യമായി മികച്ച ചിത്രത്തിനുള്ള പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ ലഭിച്ച ചെമ്മീനിലൂടെയാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മധു മമ്മൂട്ടിക്കൊപ്പം. Photo: Mathrubhumi English

ഇന്നത്തെ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ രീതിയില്‍ അറിവുകളില്ലാത്ത അറുപതുകളിലെ മലയാള സിനിമയെക്കുറിച്ചും അന്ന് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അഭിനേതാക്കള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചും മധു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് മധു തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

‘എന്റെ ആദ്യ സിനിമയുടെ പ്രതിഫലമായി എനിക്ക് ലഭിച്ചത് അഞ്ഞൂറ് രൂപയായിരുന്നു. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ അതിന്റെ കൂടെ ഒരു മൂന്ന് പൂജ്യം കൂടി ചേര്‍ക്കുന്ന മതിപ്പ് ആ അഞ്ഞൂറിന് ഉണ്ട്. ആദ്യത്തെ രണ്ട് പടങ്ങള്‍ കഴിഞ്ഞ് മൂന്നാമത്തെ പടത്തിലേക്ക് വിളിച്ചപ്പോള്‍ അഞ്ഞൂറിനൊപ്പം ഒരു രൂപ കൂടി എനിക്ക് അധികം തരണമെന്ന് പറഞ്ഞു. ഞാന്‍ ശകലം വളരുകയാണെന്ന് എനിക്ക് തോന്നാന്‍ വേണ്ടിയിട്ടായിരുന്നു ഞാന്‍ അങ്ങനെ ചെയ്തത്.

ചെമ്മീനില്‍ രാമു കാര്യാട്ട് ഇങ്ങോട്ട് എനിക്ക് ഓഫര്‍ ചെയ്തത് 1500 രൂപയായിരുന്നു. ഒരുപാട് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചതിന് ശേഷമായിരുന്നു ചെമ്മീനിലേക്ക് വിളിച്ചത്. അതൊരിക്കലും കുറവായിരുന്നില്ല. കാരണം എന്റെ ഓര്‍മയില്‍ അന്ന് നസീറിന് കിട്ടിയിരുന്നത് നാലായിരം രൂപയും സത്യന്‍ മാഷിന് കിട്ടിയിരുന്നത് എണ്ണായിരം രൂപയുമായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്നത് ഇവര്‍ രണ്ടുപേരുമായിരുന്നു. നസീര്‍ കരിയറിന്റെ അവസാനത്തിലേക്ക് ഒന്നര ലക്ഷം വരെ വാങ്ങിയിട്ടുണ്ട്,’മധു പറഞ്ഞു.

ചെമ്മീനില്‍ മധു ഷീലക്കൊപ്പം. Photo: The week

തകഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെമ്മീന്‍. ചിത്രത്തില്‍ പരീക്കുട്ടി എന്ന കഥാപാത്രമായാണ് മധു വേഷമിട്ടിരുന്നത്. കറുത്തമ്മയായി ഷീല വേഷമിട്ട ചിത്രത്തില്‍ സത്യന്‍,അടൂര്‍ ഭവാനി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Senior Actor Madhu talks about remuneration in malayalam cinema in 1960’s

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.