| Wednesday, 2nd July 2025, 8:24 am

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്മങ്ങളായാണ് നാടകനടിമാരെക്കുറിച്ച് അവര്‍ ചിന്തിച്ചുവെച്ചിട്ടുള്ളത്: സീമ ജി. നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സീമ ജി. നായര്‍. 1984ല്‍ പുറത്തിറങ്ങിയ പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെയാണ് സീമ സിനിമാലോകത്തേക്കെത്തിയത്. പിന്നീട് 100ലധികം സിനിമകളില്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ പകര്‍ന്നാടാന്‍ സീമക്ക് സാധിച്ചു. ടെലിവിഷന്‍ രംഗത്തും അവര്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നാടകങ്ങള്‍ക്ക് പോകുമ്പോള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സീമ ജി. നായര്‍. അമ്പലങ്ങളുടെ അടുത്തുള്ള വീട്ടിലെ സ്ത്രീകള്‍ ഒരിക്കലും നാടകനടിമാരെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാറില്ലെന്ന് നടി പറഞ്ഞു. അമ്പലക്കമ്മിറ്റിക്കാര്‍ അവരോട് പരമാവധി വിനയത്തോടെ സംസാരിച്ചാലും അവര്‍ സമ്മതിക്കാറില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും മോശം ജന്മങ്ങളായാണ് അത്തരം വീട്ടുകാര്‍ നാടകനടിമാരെക്കുറിച്ച് ചിന്തിച്ച് വെച്ചിട്ടുള്ളതെന്നും ആ വീട്ടില്‍ മേക്കപ്പിനായി കയറിയ അവസരങ്ങള്‍ താന്‍ മറക്കാനാഗ്രഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. ഇതുവരെയുള്ള നാടകജീവിതത്തില്‍ വളരെ കുറച്ച് വീട്ടുകാര്‍ മാത്രമേ താനടക്കമുള്ള നാടകനടിമാരോട് സ്‌നേഹത്തില്‍ പെരുമാറിയിട്ടുള്ളൂവെന്നും സീമ ജി. നായര്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘അമ്പലത്തിന്റെ അടുത്തുള്ള വീടുകളിലെ സ്ത്രീകള്‍ ഒരിക്കലും നാടകനടിമാരെ അടുപ്പിക്കാറില്ല. ഞാന്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ള കാര്യമാണിത്. വീടിന്റെ ഉള്ളിലേക്ക് നാടകനടിമാരെ ആ സ്ത്രീകള്‍ കയറ്റാറില്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്മമായിട്ടാണ് അവര്‍ നാടകത്തിലെ സ്ത്രീകളെ കണക്കാക്കിയിട്ടുള്ളത്. ആ വീട്ടിലെ ആണുങ്ങള്‍ സമ്മതിച്ചാലും അവിടെ കുറച്ച് നേരം സമയം ചെലവഴിക്കുന്നത് വലിയ പ്രയാസമാണ്.

പരിപാടി തുടങ്ങാന്‍ രണ്ട് മണിക്കൂറൊക്കെ ബാക്കിയുള്ളപ്പോഴാണ് നമ്മള്‍ അമ്പലത്തിലെത്തുന്നത്. അവിടെയെത്തിക്കഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാലേ ഗ്രീന്‍ റൂമില്‍ കയറാന്‍ സാധിക്കുള്ളൂ. അത്രയും നേരം നമുക്ക് റെസ്റ്റെടുക്കാന്‍ വേണ്ടി കമ്മിറ്റിക്കാര്‍ ഏതെങ്കിലും വീട് നോക്കും. ആ വീട്ടിലെ സ്ത്രീകളുടെ പുച്ഛവും അവഞ്ജതയും സഹിച്ചുകൊണ്ട് ഇരിക്കുന്നത് വലിയ ടാസ്‌കാണ്.

എല്ലവരും ഇങ്ങനെയാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചിലരൊക്കെ നല്ല പെരുമാറ്റമാണ്. അതും വളരെ കുറച്ച് ആളുകളെ മാത്രമേ അങ്ങനെ കണ്ടിട്ടുള്ളൂ. ഇത്രയും കാലത്തെ നാടകജീവിതത്തിനിടയില്‍ കൂടിപ്പോയാല്‍ 20 അല്ലെങ്കില്‍ 25 വീട്ടുകാര്‍ മാത്രമേ നല്ല രീതിയില്‍ പെരുമാറിയിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം അവഗണിക്കുകയായിരുന്നു,’ സീമ ജി. നായര്‍ പറഞ്ഞു.

Content Highlight: Seema G Nair shares the bad experience during theatre life

We use cookies to give you the best possible experience. Learn more