വിഭവാധികാരം, വനാവകാശം, ഭൂമി, ഗോത്രാചാരങ്ങള്‍ തുടങ്ങിയവ തിരിച്ചു പിടിക്കാന്‍ ആദിവാസി-ദളിത് ജനതയുടെ രണ്ടാം വില്ലുവണ്ടി സമരം
ജംഷീന മുല്ലപ്പാട്ട്

കേരളത്തിന്റെ പുരോഗമന നാട്യങ്ങള്‍ക്ക് മര്‍മത്തു കിട്ടിയ അടിയായിരുന്നു ശബരിമല യുവതീ പ്രവേശന വിധി. കേരളത്തിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന ബ്രാഹ്മണ-ജാതീയ ചിന്തകള്‍ ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാപമായി രൂപാന്തരപ്പെട്ടു. മലഅരയര്‍ ശബരിമലയുടെ അവകാശം ഉന്നയിച്ചതോടെ ശബരിമലയ്ക്ക് ഒരു രാസ്ത്രീയ മാനം കൈവന്നു.

കേരളത്തിലെ ദളിത്-ആദിവാസി പ്രസ്ഥാനങ്ങള്‍ ശബരിമലയിലും മറ്റു ആരാധനാലയങ്ങളിലും അവര്‍ക്കുണ്ടായിരുന്ന വിഭാവാധികാരം, ഭൂമി, വനാവകാശം, ഗോത്രാചാരങ്ങള്‍ തുടങ്ങിയവ തിരിച്ചു പിടിക്കാനുള്ള സമരവഴിയിലാണ്. ബ്രാഹ്മണാധിപത്യത്തിനെതിരേയും പൊതു ഉടമസ്ഥതയ്ക്ക് വേണ്ടിയും അയ്യങ്കാളി നയിച്ച വില്ലുവണ്ടി യാത്രയുടെ പാതയില്‍ രണ്ടാം വില്ലുവണ്ടി സമരം നയിക്കാനൊരുങ്ങുകയാണ് ദളിത്- ആദിവാസി പ്രസ്ഥാനങ്ങള്‍. വില്ലുവണ്ടിയുടെ സംഘാടകര്‍ സംസാരിക്കുന്നു.

കേരളത്തിന്റെ എല്ലാ രാഷ്ട്രീയ മനസ്സുകളിലും നിലനില്‍ക്കുന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ വില്ലുവണ്ടി അല്ലാതെ വേറെ മാര്‍ഗമില്ല എന്നുള്ള കൃത്യമായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നവോത്ഥാനത്തിനു മൂലാധാരമായ വില്ലുവണ്ടി സമരത്തിന്റെ പ്രയോഗം എടുക്കുന്നത്. ജനാധിപത്യത്തിനുള്ളില്‍ നിലനിന്നിരുന്ന ജാതി ശക്തമായി വന്നതിന്റെ ഭാഗമായി അയ്യങ്കാളി ഉയര്‍ത്തിയ വില്ലുവണ്ടി തന്നെയാണ് പ്രതിരോധമെന്ന ബോധ്യത്തില്‍ ന്നിന്നുകൊണ്ടാണ് വില്ലുവണ്ടി സമരം ഉണ്ടാകുന്നത്.

കേരളത്തിന്റെ തദ്ദേശീയ ജനതയുടെ സ്വത പുനസ്ഥാപനം ഇതിലൂടെ മാത്രമേ സാധിക്കൂ എന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സമരത്തിനു നേതൃത്വം കൊടുക്കുന്നത്. തദ്ദേശീയ ജനങ്ങളുടെ സ്വത്തപരമായ വിശ്വാസ കേന്ദ്രങ്ങള്‍, കാവുകള്‍, പതികള്‍, ക്ഷേത്രങ്ങള്‍ ഇവയൊക്കെ പിടിച്ചെടുക്കുകയും അവ തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോള്‍ കേരളത്തിന്റെ നവോത്ഥാനത്തില്‍ ഉറങ്ങിക്കിടന്നിരുന്ന ജാതി ബോധങ്ങള്‍ വീണ്ടും പുനര്‍ജനിച്ചു.

ശബരിമല തിരിച്ചു പിടിക്കുക എന്നുള്ളതും തന്ത്രികള്‍ പടിയിറങ്ങുക എന്ന ആശയവും പൂര്‍ണമാകണമെങ്കില്‍ അയ്യങ്കാളിയുടെ വില്ലുവണ്ടി മാര്‍ഗമല്ലാതെ മറ്റൊരു മാര്‍ഗമില്ല. കര്‍ഷകനും ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി കണ്‍വീനറുമായ തങ്കച്ചന്‍ പറയുന്നു.

വീണ്ടും വില്ലുവണ്ടികളെ റോഡിലിറക്കേണ്ടി വരുന്നത് പണ്ടുള്ളതിനേക്കാളും ശോചനീയമായ ഒരു സാമൂഹിക സാഹചര്യമാണ് ഇവിടെ ഉള്ളത് എന്നു കൊണ്ടാണ്. അധ്യാപികയായ ബിന്ദു തങ്കം കല്ല്യാണി പറയുന്നു.

 

മലഅരയന്മാരുടെ ശബരിമല അവകാശത്തോടൊപ്പം തന്നെ പിന്നോക്ക വിഭാഗങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും വില്ലുവണ്ടി യാത്ര നവോത്ഥാനമായി വരും. ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി ചെയര്‍പേഴ്സണ്‍ പ്രഭാകരന്‍ കണ്ണാട്ട് പറയുന്നു.

ഏതൊരു മല ആയിക്കോട്ടെ കാട് ആയിക്കോട്ടെ അതിലെ വിഭവങ്ങളും ക്ഷേത്രങ്ങളും ആദിവാസിയുടേതാണ്. ആദിവാസി പ്രവര്‍ത്തക ചിത്ര പറയുന്നു.

അസംഖ്യം ജാതി മൂല രൂപങ്ങള്‍ സമൂഹത്തില്‍ സ്ഥാപിക്കപ്പെട്ടത്തിന്റെ ഒന്നുമാത്രമാണ് ആര്‍ത്തവത്തെ അയിത്തമാക്കി മാറ്റുന്ന ബ്രാഹ്മണ്യ രീതി. ആര്‍ത്തവം അശുദ്ധമല്ലെന്നു മാത്രമല്ല ആര്‍ത്തവത്തെ ആഘോഷമാക്കി മാറ്റുന്ന സമൂഹമായിരുന്നു ഗോത്രവര്‍ഗക്കാരുടെ. ആദിവാസികളേയും പരമ്പരാഗത സമൂഹങ്ങളേയും അടിച്ചിറക്കുകയും കാടിനെ നാടാക്കുകയും അവരെ ഭൂരഹിതരാക്കുകയും ചെയ്തതിനു ശേഷം അവരുടെ വിശ്വാസങ്ങള്‍ കൂടി കയ്യടക്കിയത് ഈ രാജ്യത്തെ സവര്‍ണ സമ്പന്ന സമൂഹമാണ്. ഒരു വിശ്വാസ കേന്ദ്രം അചാരകേന്ദ്രം മാത്രമല്ല വിഭാവാധികാരത്തിന്റെ കേന്ദ്രം കൂടിയാണ്.

 

ഭൂമി, സമ്പത്ത്, വനവിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം തുടങ്ങിയവയോടൊപ്പം തന്നെ അവര്‍ക്കിഷ്ടമുള്ള അചാരാനുഷ്ടാനങ്ങള്‍ വിശ്വസിക്കാനുള്ള അവകാശമാണ് യഥാര്‍തത്തില്‍ ഒരു ഗോത്രസമുദായത്തെ സംമ്പന്ധിച്ചുള്ളത്. തന്ത്രി സമൂഹത്തെ എല്ലാ തരത്തിലുമുള്ള വിശ്വാസങ്ങളെ ക്രമീകരിക്കാനുള്ള ഒരു സാമൂഹിക ഫാസിസ്റ്റ് ഉപകരണമായി ബ്രാഹ്മണര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഭരണഘടനാ സദാചാരമൂല്ല്യത്തിനുപരിയാണ് ഈ പറയുന്ന തന്ത്രി സമുച്ചയം എന്നതാണ് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവറാണ് അതിന്റെ മുമ്പില്‍ നില്‍ക്കുന്നത്. എന്‍.എസ്.എസ് അടക്കമുള്ള സമുദായ പ്രസ്ഥാനങ്ങളുമുണ്ട്. കോണ്‍ഗ്രസുണ്ട്. സി.പി.ഐ.എമ്മിനുള്‍പ്പെടെ ഇക്കാര്യത്തില്‍ താത്വാധിഷ്ടിതമായ സ്റ്റാന്റ് സ്വീകരിക്കിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആദിവാസികളുടെ വനാവകാശം ഉള്‍പ്പെടെ പതിനെട്ടു മലകളിലും അവര്‍ക്കുള്ള അവകാശം തിരിച്ചു കൊടുക്കുക, സ്വയം ഭരണം സാധ്യമാക്കണം, ഊരുക്കൂട്ടങ്ങള്‍ തുടങ്ങിയവ മാത്രമല്ല അവരില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളും അവര്‍ക്ക് തിരിച്ചു കിട്ടണം എന്നുള്ളതാണ് വില്ലുവണ്ടിയുടെ പ്രധാനപ്പെട്ട ആവശ്യവും പ്രഖ്യാപനവും. കൂടാതെ ആദിവാസിയും ദളിതനും പുലയനും പറയനും എല്ലാം തന്നെ അവരുടെ പാരമ്പര്യ ആചാരമനുസരിച്ച് മൂര്‍ത്തികളെയാണ് ആരാധിച്ചിരുന്നത്. അവര്‍ക്ക് വിഗ്രഹാരാധനയില്ല. അവരുടെ പ്രാക്തന ആചാര രീതികള്‍ ഹിന്ദു ആചാര രീതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ്. അതുകൊണ്ട് നിലവിലുള്ള ദേവസ്വം ബോര്‍ഡ് നിയമങ്ങളില്‍ നിന്നും ഹിന്ദു നിയമങ്ങളില്‍ നിന്നും ഇതിനെ മോചിപ്പിക്കാനുള്ള നിയമ നിര്‍മാണങ്ങള്‍ വേണം എന്നത് കൂടി പ്രഖ്യാപനത്തിലുണ്ട്. ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്‍ പറയുന്നു.

കേരളത്തിന്റെ പുരോഗമന ചിന്തക്ക് ഏറ്റ ഒരടിയായിരുന്നു നാമജപഘോഷയാത്രയും അതിനു കാരണമായ കോടതി വിധിയും. ഈ മലകളും അവിടുത്തെ ദൈവവും അരുടേതാണെന്ന് ഈ അടുത്തകാലത്തായി പുറത്തു വന്നിട്ടുള്ളതാണ്. ആദിവാസികളുടെ ഈ സമരത്തെ, അവകാശങ്ങള്‍ നേടിയെടുക്കുക എന്നുള്ളത് ഒറ്റയ്ക്ക് നിന്നാല്‍ കഴിയുന്ന ഒന്നല്ല. കാരണം ആദിവാസികളെ സംബന്ധിച്ച് ശബരിമലയ്ക്ക് മലഅരയരുടേയും മലപണ്ടാരങ്ങളുടേയും ഉള്ളാടരുടയേും ക്ലെയിം ഉണ്ട്. ഇവയെല്ലാം വിശാലമായ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് മത ശക്തികള്‍ക്കെതിരെ യുദ്ധം നയിച്ചെങ്കില്‍ മാത്രമേ ഫലവത്താകുകയുള്ളൂ. അതിനു ഇത്തരത്തിലുള്ള ഒരു പുതിയ വില്ലുവണ്ടി യാത്ര അത്യാവശ്യമാണ്. സി.്ഡി.എസില്‍ അധ്യാപകനായ ഡോ.അഭിലാഷ് ടി പറയുന്നു.

നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കണം എന്ന് പറയുമ്പോള്‍ കേരളം എത്രത്തോളം നവോത്ഥാന വല്‍ക്കരിച്ചു എന്ന ചോദ്യം കൂടി നേരിടുന്നുണ്ട്. കാരണം സ്ത്രീയെ പൗരനായിട്ടോ അവരുടെ അവകാശങ്ങെള അംഗീകരിക്കാനോ കഴിയാത്ത ഒരു സമൂഹത്തെ
എങ്ങനെയാണ് നമ്മള്‍ നവോത്ഥാനവല്‍ക്കരിച്ചു എന്ന് പറയുക. നിലവില്‍ ഇവിടെ ഒരു നവോത്ഥാനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്ന രീതിയിലാണ് ഇവിടുത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍. എല്ലാ സമൂഹത്തോടും നമ്മുക്ക് പറയാനുള്ളത് സ്ത്രീയുടെ തുല്യതയെ അംഗീകരിക്കേണ്ടിയിരിക്കുന്നു. അവരുടെ ആചാരാവകാശത്തെ അംഗീകരിക്കെണ്ടിയിരിക്കുന്നു. അതിനു മേലൊരു ബലപ്രയോഗം നടത്തുന്ന എന്തുതന്നെ ആയാലും അത് നവീകരിക്കപ്പെടണം. ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി കണ്‍വീനര്‍ അഡ്വ.ജെസിന്‍ പറയുന്നു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം