എന്താണ് മനുഷ്യാവകാശം, ആര്‍ക്കാണ് മനുഷ്യാവകാശം ?
Opinion
എന്താണ് മനുഷ്യാവകാശം, ആര്‍ക്കാണ് മനുഷ്യാവകാശം ?
സെബാസ്റ്റ്യന്‍ പോള്‍
Wednesday, 6th November 2019, 1:35 pm

തീവ്രവാദികള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടുള്ള കേരള ചീഫ് സെക്രട്ടറിയുടെ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്ത വാക്കുകള്‍ വായിക്കേണ്ടി വന്നത് വേദനാജനകമായ അനുഭവമായിരുന്നു.

രാഷ്ട്രീയപരമായോ മതപരമായോ ഉള്ള തീവ്രവാദത്തോട് കൃത്യമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ചീഫ് സെക്രട്ടറി ഉന്നയിച്ച വാദം അങ്ങേയറ്റം അസ്വീകാര്യമാണ്. ഒരു ജനാധിപത്യ സമൂഹത്തിന് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ നല്‍കേണ്ട ഒരു സ്ഥാനത്തിരിക്കാന്‍ അദ്ദേഹം അയോഗ്യനാണ്. പ്രത്യേകിച്ച് മനുഷ്യാവകാശവും, ഭരണഘടനാ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്.

അപരന്റെ അവകാശങ്ങളെ നിഷേധിക്കുന്നവര്‍ അതേ അവകാശം സ്വയം അനുഭവിക്കാന്‍ യോഗ്യരല്ല. വാളെടുത്തവന്‍ വാളാലെ എന്നാണ് ജീസസ് പറഞ്ഞത്, പക്ഷേ അതിന്റെ സന്ദര്‍ഭം വേറെയായിരുന്നു. ഇവിടെ മനുഷ്യാവകാശം എല്ലാ മനുഷ്യവര്‍ക്കും വേണ്ടിയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതില്‍ ആളുകളുടെ ജീവിത ഗുണനിലവാരമോ വിശുദ്ധിയോ ഒന്നും പരിഗണനാ വിഷയമല്ല. നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്രവും നല്‍കുന്നുണ്ട്. അത്തരം നിയമപരിരക്ഷകള്‍ നിലനില്‍ക്കുന്ന നിയമ സംഹിതകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം ഉറപ്പു നല്‍കുന്നതല്ല.

ഒരു പ്രമുഖപത്രത്തില്‍ ചീഫ് സെക്രട്ടറി എഴുതിയ ആ ലേഖനത്തില്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുക്കളോട് പൊരുതുന്ന സൈന്യത്തെയും രാജ്യത്തിനകത്തെ തീവ്രവാദികളെ നേരിടുന്ന പൊലീസിനെയും താരതമ്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. പക്ഷെ രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക യുദ്ധങ്ങളില്‍ ആഭ്യന്തരനിയമങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ രാജ്യത്തെ പൊലീസ് എന്തു യുദ്ധ സമാന സാഹചര്യങ്ങളിലായാലും ഭരണഘടനാ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.

പൊലീസുകാര്‍ മനുഷ്യാവകാശത്തിന്റെ സംരക്ഷകരാണ്. ആ സംരക്ഷണം നിയമം ലംഘിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്. തീവ്രവാദികളടക്കമുള്ള എല്ലാവര്‍ക്കും നിയമപ്രകാരമുള്ള ആ സംരക്ഷണം ഉറപ്പ് നല്‍കുന്നു എന്നതാണ് ഭരണഘടനയുടെയും നിയമ സംവിധാനത്തിന്റെ ഭംഗി.

ഒരുതരത്തിലും യോജിക്കാന്‍ സാധിക്കാത്ത ഒരു ‘പൊലീസ് സ്റ്റേറ്റ്’ നെയാണ് ടോം ജോസ് തന്റെ സംഭ്രമജനകമായ ലേഖനത്തില്‍ പടുത്തുവെയ്ക്കുന്നത്. ‘1984’ന്റെ കാലം കഴിഞ്ഞെങ്കിലും സര്‍വ്വാധിപത്യത്തെ ഓര്‍മിപ്പിക്കുന്ന ഒരു ഓര്‍വേലിയന്‍( ജോര്‍ജ് ഓര്‍വെലിന്റെ എഴുത്തു രീതി) ചിത്രം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെയത്രയൊന്നും വികസിത ജനാധിപത്യമല്ലാത്ത കുവൈത്തില്‍ വരെ ക്യാമറ നിരീക്ഷണത്തെക്കുറിച്ചുള്ള പൊലീസിന്റെ മുന്നറിയിപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മളിവിടെ എല്ലായ്‌പ്പോഴും ക്യാമറയുടെ നീരീക്ഷണത്തിലാണ്. ഒന്നുകില്‍ ചാരനായി സംശയിക്കപ്പെട്ട്, അല്ലെങ്കില്‍ കുറ്റവാളികളായി, അതുമല്ലെങ്കില്‍ അപകടകാരികളായ തീവ്രവാദികളായി, നമ്മളെപ്പോഴും പൊലീസിന്റെ കാഴ്ചക്കുള്ളിലുണ്ട്.

പൊതു സുരക്ഷയുടെയും രാഷ്ട്ര താത്പര്യങ്ങളുടെയും പേരില്‍ ഒരിക്കലും അന്യാധീനപ്പെടുത്താനും ഒഴിവാക്കാനും സാധിക്കാത്ത അവകാശങ്ങളത്രയും നീചമായി തഴയപ്പെടുകയാണ്. നിയമം പ്രബലമാവണമെന്ന് ആവശ്യപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഭരണഘടനാപരമായി കടിഞ്ഞാണിട്ട ഒരു പൊലീസ് സേന സമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്.

നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ കാതലായ തത്വം പൊലീസിന്റെ മേലുള്ള ആഴത്തിലുള്ള സംശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് പൊലീസ് കഥകളെ ഖണ്ഡിക്കാനുള്ള അവസരം ഓരോ വ്യക്തിക്കും കോടതി മുറികളില്‍ ലഭിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ സമീപനത്തിലെ പ്രധാന പ്രശ്‌നം അദ്ദേഹം പൊലീസ് സേനയില്‍ അര്‍പ്പിക്കുന്ന അന്ധമായ വിശ്വാസമാണ്.

അഗളിയില്‍ കാട്ടില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി എഴുതിയ ലേഖനത്തില്‍ മരിച്ചവര്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുടെ ഗ്രൂപ്പില്‍പ്പെട്ടവരാണെന്നും തിരിച്ചടിയെ തുടര്‍ന്നുണ്ടായ വെടിവെയ്പിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരിക്കുന്നത്. ഇങ്ങനെ യാതൊരുറപ്പുമില്ലാത്ത, മുന്‍വിധിയോടുകൂടിയ സംഗ്രഹങ്ങള്‍ ഒരു ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഒരിക്കലും ഉചിതമല്ല. കാരണം സുരക്ഷാ സേനകളുടെ നല്ലപെരുമാറ്റം ഉറപ്പുവരുത്തേണ്ട ഭരണവ്യവസ്ഥയുടെ ഭാഗമാണ് അദ്ദേഹവും.

യു.എ.പി.എ കേസുകളില്‍ നടപടി ശിപാര്‍ശ ചെയ്യുന്നതിനും അനുവദിക്കുന്നതിനും അധികാരമുള്ള അതോറിറ്റിയോ അല്ലെങ്കില്‍ അതിന്റെ ഭാഗമോ ആണ് ചീഫ് സെക്രട്ടറി. സംസ്ഥാനമൊട്ടാകെ കൊടിയ ഭീകരവാദികളുടെ പിടിയിലാണെന്ന് ചിന്തിക്കുന്ന പക്ഷക്കാരനാണ് അദ്ദേഹമെങ്കില്‍ യു.എ.പി.എയും മറ്റു ഭീകര വിരുദ്ധ നിയമങ്ങളും ചാര്‍ത്തേണ്ടവരെ എങ്ങനെയാകും അദ്ദേഹം വേര്‍തിരിക്കുക? ജനാധിപത്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍ ചീഫ് സെക്രട്ടറിയുടെ കണ്ണില്‍ മനുഷ്യമുഖമുള്ള തീവ്രവാദികളാണ് എന്നതാണ് വാസ്തവം.

കേരളത്തെ ഒരു തീവ്രവാദ സംസ്ഥാനമായി വിശേഷിപ്പിക്കുന്നത് ബി.ജെ.പിക്കു കുഴലൂതുന്നതിനു സമാനമാണ്. ചീഫ് സെക്രട്ടറി അത്തരത്തില്‍ അഭിപ്രായപ്പെടുമ്പോള്‍ അദ്ദേഹം സ്വന്തം സര്‍ക്കാരിന് മേല്‍ നിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. തന്റെ ചീഫ് സെക്രട്ടറിയുടെ വീക്ഷണത്തോട് യോജിക്കുന്നുണ്ടോയെന്ന് ഇനി മുഖ്യമന്ത്രി വിശദീകരിക്കേണ്ടത് അനിവാര്യമാണ്.

യുദ്ധ സാഹചര്യങ്ങളില്‍ കര്‍ക്കശവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളായിരിക്കും അരങ്ങു തകര്‍ക്കുന്നത്. എഡ്മണ്ട് ബ്രൂക്ക് പറയുന്നപോലെ ഒരു ജനാധിപത്യ സംവിധാനത്തിന്റെ തലവന്‍ അത്തരമൊരു സാഹചര്യത്തിനായി കൊതിക്കില്ല എന്നുള്ളതാണ് വാസ്തവം. അപകടകരമായ ഏതു സാഹചര്യത്തെയും ജനാധിപത്യപരവും ഭരണഘടനാനുസൃതവുമായ രീതിയില്‍ കൈകാര്യം ചെയ്യുകയും തീര്‍പ്പുണ്ടാക്കുകയുമാണ് അദ്ദേഹത്തിന്റെ കടമ. ചീഫ് സെക്രട്ടറി വാചാലനാകുന്ന ‘കൊല്ലുക, കൊല്ലപ്പെടുക’ എന്ന നയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കണം സ്വീകരിക്കേണ്ടത്.

2008 ലെ മുംബൈ ഭീകരാക്രമണം നടത്തിയ പാകിസ്ഥാന്‍ തീവ്രവാദി അജ്മല്‍ കസബിനെ ജീവനോടെ പിടിച്ച് നിയമാനുസൃതമായ വിചാരണയ്ക്ക് ശേഷം വധിക്കുകയായിരുന്നു. എന്നാല്‍ ടോംജോസിന്റെ ഫിലോസഫി അംഗീകരിക്കുകയാണെങ്കില്‍ അത് ഒരു പാഴ്‌ചെലവായിരുന്നു. എന്നാല്‍ ആ പ്രക്രിയയായിരുന്നു ഇന്ത്യയെ പാകിസ്ഥാനില്‍ നിന്നും വിവിധ തലങ്ങളില്‍ വ്യത്യസ്തമാക്കിയത്.

പൊതുജനാഭിലാഷം എന്തുതന്നെയായാലും, ഉത്തരവാദിത്വ ഭരണകൂടമെന്ന നിലയില്‍ സംസ്ഥാനം ചില നിയമങ്ങളും നടപടിക്രമങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. തീവ്രവാദികളെപ്പോലെ തന്നെ ഭരണകൂടവും പെരുമാറുകയാണെകില്‍ നമ്മളും അവരും തമ്മില്‍ വ്യത്യാസം എന്താണുള്ളത്? ഭരണകൂട ഭീകരത തീവ്രവാദത്തെ തഴച്ചു വളരാന്‍ അനുവദിക്കുക മാത്രമാണ് ചെയ്യുക.

പക്വതയുള്ള, പരിഷ്‌കൃതവും ജനാധിപത്യപരവുമായ ഒരു സമൂഹം മനക്കരുത്തും ദൃഢനിശ്ചയവും കൈമുതലാക്കി പ്രത്യയശാസ്ത്രപരമായും ശാരീരികമായും തീവ്രവാദത്തെ നിരായുധരാക്കേണ്ടതുണ്ട്. കോര്‍ട് മാര്‍ഷലുകളും ഭരണഘടനാ കോടതികളും ടോം ജോസിനെ ന്യായീകരിക്കേണ്ടതില്ല.

 

ഡെക്കാണ്‍ ക്രോണിക്കിളില്‍ വന്ന സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെബാസ്റ്റ്യന്‍ പോള്‍
മുന്‍ എം.പിയും ഹൈക്കോടതി അഭിഭാഷകനുമാണ് ലേഖകന്‍