പാലക്കാട്: ചിറ്റൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ (ശനി) ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്.
ചിറ്റൂര്‍ എരുമങ്കോട് സ്വദേശി അനസ്-തൗഹിത ദമ്പതികളുടെ മകനായ സുഹാന് വേണ്ടിയാണ് തിരച്ചില്‍. ഇന്നലെ ആറുവയസുകാരന്റെ വീടിന് സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും പരിശോധന നടത്തിയിരുന്നു.
എന്നാല്‍ വിവരങ്ങളും ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തിയത്. കൂടുതല്‍ വിവരം ലഭിക്കാതെ വന്നതോടെ രാത്രി എട്ട് മണിയോടെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ഡോഗ് സ്‌ക്വാഡും തിരച്ചിലിനായുണ്ട്. നിലവില്‍ സുഹാനായുള്ള പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.
ഇന്ന് മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് തിരച്ചില്‍ നടത്തും. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
കുട്ടി അധികം ദൂരം പോകാന്‍ വഴിയില്ലെന്നും സുഹാന് സംസാരിക്കാന്‍ അടക്കം ബുദ്ധിമുട്ടുണ്ടെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
കുട്ടിയെ കാണാതാകുമ്പോള്‍ രക്ഷിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പിതാവ് അനസ് പ്രവാസിയാണ്. അധ്യാപികയായ അമ്മ തൗഹിത പാലക്കാടുമായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയും മുത്തശിയും സഹോദരനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കാണാതാകുന്ന സമയം കറുത്ത ട്രൗസറും വെളുത്ത വരയുള്ള ഷര്‍ട്ടുമാണ് സുഹാന്‍ ധരിച്ചിരുന്നത്.
Content Highlight: Search for missing six-year-old boy in Chittur resumed