പാലക്കാട്: ചിറ്റൂരില്‍ നിന്ന് കാണാതായ ആറുവയസുകാരൻ മരിച്ച നിലയിൽ. വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ (ശനി) ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ എരുമങ്കോട് സ്വദേശി അനസ്-തൗഹിത ദമ്പതികളുടെ മകനായ സുഹാനാണ് മരിച്ചത്.
ഇന്നലെ വീടിന് സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങളും ഒന്നും ലഭിച്ചിരുന്നില്ല. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തിയത്.
കൂടുതല്‍ വിവരം ലഭിക്കാതെ വന്നതോടെ രാത്രി എട്ട് മണിയോടെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഡോഗ് സ്‌ക്വാഡും തിരച്ചിലിന് എത്തിയിരുന്നു.
ഇന്ന് മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് തിരച്ചില്‍ നടത്തുന്നതിനിടെ കുളത്തിൽ മൃതദേഹം പൊന്തുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
കുട്ടിയെ കാണാതാകുമ്പോള്‍ രക്ഷിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പിതാവ് അനസ് പ്രവാസിയാണ്. അധ്യാപികയായ അമ്മ തൗഹിത പാലക്കാടുമായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയും മുത്തശിയും സഹോദരനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കാണാതാകുന്ന സമയം കറുത്ത ട്രൗസറും വെളുത്ത വരയുള്ള ഷര്‍ട്ടുമാണ് സുഹാന്‍ ധരിച്ചിരുന്നത്.
Content Highlight: Search for missing six-year-old boy in Chittur resumed