ചെല്ലാനത്തെ എന്തിനാണ് കൊലയ്ക്ക് കൊടുക്കുന്നത്
നിമിഷ ടോം

മഴയൊന്ന് കനത്താല്‍ ചെല്ലാനത്തിന് നെഞ്ചിടിപ്പേറും. കടലിനോട് അതിര്‍ത്തി പങ്കിടുന്ന ഇവരുടെ ജീവിതങ്ങള്‍ ആശങ്കയിലും അനിശ്ചിതത്വത്തിലാകുമാകും. കടലില്‍നിന്നും കരയെ രക്ഷിക്കാന്‍ കടല്‍ഭിത്തി വേണമെന്നും പുലിമുട്ട് നിര്‍മ്മിക്കണമെന്നുമുള്ള ഇവരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഓഖി ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ ചെല്ലാനത്തുകാര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു. കടല്‍ഭിത്തിക്ക് പുറമെ ജിയോ ട്യൂബ് നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇവയെല്ലാം പതിവുപോലെ പ്രഖ്യാപനങ്ങളിലൊതുങ്ങി. ഇത്തവണയും കാലവര്‍ഷമെത്തിയതിന് പിന്നാലെ കടല്‍ കര ഭേദിച്ച് തോടുകളിലൂടെ വീട്ടുമുറ്റങ്ങളിലേക്കെത്തി.

അഞ്ച് സ്ഥലങ്ങളിലായി 145 ജിയോ ട്യൂബുകള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും രണ്ടെണ്ണം ഭാഗികമായി സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്തതിനാല്‍ ഭീതിയോടെയാണ് തീരദേശവാസികള്‍ അന്തിയുറങ്ങുന്നത്. അടിയന്തിര നടപടികളുണ്ടായിലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.