| Thursday, 19th February 2026, 10:37 pm

ആലപ്പുഴയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതായി പരാതി; ആരോപണം വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ

രാഗേന്ദു. പി.ആര്‍

ആലപ്പുഴ: പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയതായി പരാതി. 2021ല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയക്കിടെയാണ് മെഡിക്കല്‍ സംഘത്തിന് വീഴ്ച സംഭവിച്ചത്.

പുന്നപ്ര സ്വദേശിയായ ഉഷ ജോസഫിന്റെ വയറിനുള്ളിലാണ് കത്രിക കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ കത്രിക വീട്ടമ്മയുടെ വയറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറില്‍ കത്രികയുള്ള വിവരം പരാതിക്കാരിയും കുടുംബവും അറിയുന്നത്. എം.ആര്‍.ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്.

2021ല്‍ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നെങ്കിലും വേദന വരാനുള്ള കാരണം വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസം ബ്ലീഡിങ് ഉണ്ടായതിന് പിന്നാലെയാണ് ഉഷ സ്വകാര്യ ആശുപത്രയില്‍ ചികിത്സ തേടിയത്.

കുറേക്കാലമായി അതികഠിനമായ വേദനയാണ് സഹിക്കുന്നതെന്നും മൂത്രമൊഴിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഉഷ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി ഇനി വണ്ടാനം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കില്ലെന്നും ഉഷ പ്രതികരിച്ചു.

മൂത്രസഞ്ചിയില്‍ കല്ലുണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും പിന്നീട് എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഉഷ പറയുന്നു. ചികിത്സക്കായി ഒരുപാട് പണം ചെലവായെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളിയാണ് ഉഷ. ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഉഷയുടെ സഹോദരന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ആരോപണമുണ്ട്.

കുറ്റകരമായ അനാസ്ഥയാണ് നടന്നിരിക്കുന്നതെന്ന് ആലപ്പുഴ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

Content Highlight: scissors found from stomach of woman at alappuzha

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more