വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറില്‍ കത്രികയുള്ള വിവരം പരാതിക്കാരിയും കുടുംബവും അറിയുന്നത്. എം.ആര്‍.ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്.
2021ല്‍ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നെങ്കിലും വേദന വരാനുള്ള കാരണം വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസം ബ്ലീഡിങ് ഉണ്ടായതിന് പിന്നാലെയാണ് ഉഷ സ്വകാര്യ ആശുപത്രയില്‍ ചികിത്സ തേടിയത്.
കുറേക്കാലമായി അതികഠിനമായ വേദനയാണ് സഹിക്കുന്നതെന്നും മൂത്രമൊഴിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഉഷ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി ഇനി വണ്ടാനം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കില്ലെന്നും ഉഷ പ്രതികരിച്ചു.
മൂത്രസഞ്ചിയില്‍ കല്ലുണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും പിന്നീട് എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഉഷ പറയുന്നു. ചികിത്സക്കായി ഒരുപാട് പണം ചെലവായെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.