ദുരന്തകാലത്തെ സ്‌കൂളുകള്‍
Kerala Flood
ദുരന്തകാലത്തെ സ്‌കൂളുകള്‍
മുരളി തുമ്മാരുകുടി
Sunday, 26th August 2018, 1:43 pm

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയ ഒരു പ്രശ്‌നം ആണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടക്കും, പല സ്‌കൂളുകളും ദുരന്തന്തില്‍ തകര്‍ന്നിട്ടുണ്ടാകും, ചില സ്‌കൂളുകള്‍ എങ്കിലും ദുരിതാശ്വാസ ക്യാംപുകള്‍ ആയി ഉപയോഗിക്കപ്പെടുന്നുണ്ടാകും, അധ്യാപകര്‍ക്ക് അപകടം ഉള്ളതിനാല്‍ അവര്‍ക്ക് സ്‌കൂളുകളില്‍ തിരിച്ചെത്താന്‍ സാധിച്ചു എന്ന് വരില്ല. കുട്ടികള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാം, അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം, സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമായിക്കാണാം, കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്ന് വരാം.

ഇതൊക്കെ ആണെങ്കിലും ഏറ്റവും വേഗത്തില്‍ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം പുനര്‍സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

1 സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനം ആണ് സ്‌കൂള്‍ തുറക്കുക എന്നത്

2 കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ വലിയ ഒരു പേടി ആണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയ ഒരു ഭാരം ഇറങ്ങുന്നു.

3 കുട്ടികള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നു.

4 കുട്ടികള്‍ സ്‌കൂളില്‍ ഒരുമിച്ചു കൂടുമ്പോള്‍ ഏത് ദുരന്തത്തിന് ശേഷവും അവര്‍ സന്തോഷത്തിലേക്ക് മടങ്ങാന്‍ തുടങ്ങുന്നു.

ഇക്കാരണങ്ങളാല്‍ ഒക്കെ ആയിരക്കണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ച്യ്ക്കുള്ളില്‍ ക്യാംപിനുള്ളിലോ, മരത്തിന് താഴെയോ, മറ്റു സൗകര്യമായ എവിടെയോ പഴയ അധ്യാപകരില്ലെങ്കില്‍ സന്നദ്ധ സേവകരെ വച്ചോ പഴയ പുസ്തകങ്ങള്‍ ഇല്ലെങ്കില്‍ പുതിയ വിഷയങ്ങള്‍ വച്ചോ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈ എടുക്കാറുണ്ട്.

കേരളത്തില്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ ഒന്നുമില്ല. പ്രളയത്തില്‍ പലയിടത്തും വെള്ളം കയറിയെങ്കിലും മൊത്തമായി അധികം സ്‌കൂളുകള്‍ നശിച്ചതായി അധികം റിപ്പോര്‍ട്ടുകള്‍ ഇല്ല. വലിയ എണ്ണത്തില്‍ കുട്ടികളും അധ്യാപകരും മരിച്ചിട്ടില്ല, റോഡുകള്‍ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങളുടെ നാശം ഒക്കെയാണ് കൂടുതല്‍ വിഷയം. ഇത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതും ആണ്. അടുത്ത ഇരുപത്തി ഒന്‍പതാം തീയതി സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട ചില നിര്‍ദ്ദേശങ്ങള്‍ തരാം.

1 അത്യാവശ്യ സാഹചര്യത്തില്‍ ഏതെങ്കിലും കുറച്ചു സ്‌കൂളുകളില്‍ ഒഴിച്ച് മറ്റൊരിടത്തും സ്‌കൂള്‍ തുറക്കുന്ന തീയതി മാറ്റി വക്കരുത്. സ്‌കൂളുകളില്‍ ക്യാംപുകള്‍ ഉണ്ടെങ്കില്‍ ക്യാംപുകള്‍ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ ഒക്കെ മാറ്റുക, സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ഒരു പ്രിയോറിറ്റി വിഷയം ആണ്.

2 കേരളത്തിലെ ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം സ്‌കൂള്‍ കെട്ടിടത്തെ നേരിട്ട് ബാധിച്ച സ്‌കൂളുകള്‍ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും ദുരന്തത്തില്‍ അകപ്പെട്ട വിദ്യാര്ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകള്‍ (3) മറ്റുള്ളവ.

3 ഏതു തരത്തില്‍ ഉള്ള സ്‌കൂളുകളില്‍ ആണെങ്കിലും കേരളത്തില്‍ ഉള്ള എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട് എന്ന് ആദ്യമായി മനസിലാക്കുക.

4 വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും സംഘര്‍ഷം രണ്ടു രീതിയില്‍ ആണ്. എന്താണ് സംഭവിക്കുന്നത് എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങള്‍ ഒക്കെ നഷ്ടപെട്ടിട്ടുണ്ടെങ്കില്‍ അതിനെ പറ്റിയുള്ള വിഷമവും പരീക്ഷ വരുമോ പാഠഭാഗങ്ങള്‍ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ആണ് കുട്ടികളെ ആശങ്കാകുലര്‍ ആക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ എല്ലാം അധ്യാപകരുടെ മനസ്സില്‍ ഉണ്ടാകും, അതിന് മുകളില്‍ ആണ് സ്‌കൂളിലെ പ്രശ്‌നങ്ങള്‍, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളുടെ സുരക്ഷ, എന്നിങ്ങനെ തുടങ്ങി പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതും, കുട്ടികളുടെ സംഘര്‍ഷത്തെ മാനേജ് ചെയ്യുന്നതും ഒക്കെ അധ്യാപകരുടെ മനസ്സില്‍ ഉണ്ട്. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തത്തിന് മുന്‍പില്‍ സ്‌കൂള്‍ തുറക്കാന്‍.

5 സ്‌കൂളുതുറക്കുന്നതിന് മുന്‍പ് ഈ ആഴ്ച തന്നെ, പറ്റിയാല്‍ നാളെ തന്നെ, എല്ലാ സ്‌കൂള്‍ അധ്യാപകരുടെയും പി ടി എ യും മീറ്റിംഗ് പ്രത്യേകം നടത്തണം. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. അധ്യാപകരിലോ അധ്യാപകേതര സ്റ്റാഫുകളിലോ ആര്‍ക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. വേണ്ടത്ര ഫ്‌ലെക്‌സിബിലിറ്റി അവര്‍ക്ക് കൊടുക്കുകയും വേണം.

സ്‌കൂളുകള്‍ക്കോ, സ്‌കൂളിലെ രേഖകള്‍ക്കോ ഒക്കെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ “ഹെഡ്മിസ്ട്രസ്സിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു” എന്നൊക്കെ ആളുകള്‍ കുറ്റപ്പെടുത്താന്‍ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാര്‍ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നില്‍ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികള്‍ക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല. പ്രളയം വരുന്നതിന് മുന്‍പ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല, പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തരുത്. സ്‌കൂളുകളില്‍ ഉണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനദ്ധ്യാപകരോ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഏറ്റവും നല്ല കാര്യം ആയിരിക്കും.

7 ഈ ദുരന്തം ഏറെ ആളുകളെ സാമ്പത്തിക ബുദ്ധിമുട്ടില്‍ ആക്കിയിട്ടുണ്ട്. അപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ വിടുന്നതിന് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂള്‍ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വര്‍ഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂള്‍ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിന്റെ ചിലവ് സ്‌കൂളുകള്‍ വഹിക്കാം, അല്ലെങ്കില്‍ സര്‍ക്കാര്‍ വഹിക്കാം,അതുമല്ലെങ്കില്‍ പ്രശാന്ത് ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൌസ് ഉണ്ടാക്കിയാല്‍ പൊതുസമൂഹത്തില്‍ നിന്ന് തന്നെ കണ്ടെത്താം.

8 സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ കുറച്ചു കമ്മിറ്റികള്‍ ഉണ്ടാക്കണം, അധ്യാപകരും, പി ടി എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും അതില്‍ അംഗങ്ങള്‍ ആകണം. താഴെ പറയുന്ന കമ്മിറ്റികള്‍ ആണ് വേണ്ടത്

1 ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളില്‍ മാത്രം)

2 കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലും ആകാം)

3 കുട്ടികളുടെയും അധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനും ഉള്ള കമ്മിറ്റി

4 കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിന് വേണ്ടത്ര സാമ്പത്തിക സുരക്ഷ നല്‍കാനുള്ള കമ്മിറ്റി

5 പ്രളയത്തെ തുടര്‍ന്നുള്ള നിയമ പ്രശ്‌നങ്ങള്‍ (കുട്ടികളുടെ രേഖകള്‍ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകള്‍ നഷ്ടപ്പെട്ടത്) പരിഹരിക്കാന്‍.

6 പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതിതും ആയ എല്ലാ സ്‌കൂളുകളും അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ കൃത്യമായി ഡോക്കുമെന്റ് ചെയ്യണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തു വക്കണം.

7 നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളില്‍ സ്ട്രെച്ചറല്‍, ഇലക്ട്രിക്കല്‍ സുരക്ഷ, ലബോറട്ടറികളിലെ രാസ വസ്തുക്കള്‍ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകള്‍ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും ഒക്കെ സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം.

8 ദുരിതാശ്വാസ ക്യാംപുകള്‍ നടത്തിയ സ്‌കൂളുകളില്‍ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തില്‍ മാറ്റണം.

9 ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളില്‍ അധ്യാപനം നടത്തുകയാണെങ്കില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടികള്‍ ക്യാംപുകളില്‍ പോകുന്നത് ഒഴിവാക്കണം.

10 സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തില്‍ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തില്‍ നമ്മള്‍ ഉണ്ടാകാന്‍ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്‌കാരം ഉണ്ടാക്കുമെന്നും ഉള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാര്‍ത്ഥികളും എടുക്കണം. സുരക്ഷിതവും നൂതനവും ആയ ഒരു കേരളം സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നല്‍കണം.

11 ഒരു സ്‌കൂളില്‍ ഏതെങ്കിലും കുട്ടികളോ അധ്യാപകരോ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക സാധാരണമായി ചെയ്യുമല്ലോ. പക്ഷെ ഈ ഇത്തവണ അത് കഴിഞ്ഞു ക്ലാസ് പിരിച്ചു വിടരുത്, മറിച്ച് മറ്റു സ്‌കൂളുകളിലെ പോലെ ദുരന്തത്തെ പറ്റി ചര്‍ച്ച ചെയ്യണം.

12 എല്ലാ സ്‌കൂളുകളിലേയും ഒന്നാമത്തെ ദിവസം സുരക്ഷ വിഷയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകള്‍, ആശങ്കകള്‍ ഒക്കെ തുറന്നു പറയാന്‍ ഉള്ള അവസരം കൊടുക്കണം.

13 സ്‌കൂളിലെ സുരക്ഷാ വിഷയങ്ങള്‍ എന്തൊക്കെ ആയിരിക്കും എന്ന് ചര്‍ച്ച ചെയ്യുക (ഇത് ദുരന്തത്തില്‍ പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളില്‍ ഒരു അപകടം ഉണ്ടായാല്‍ എങ്ങനെ ആണ് അത് കൈകാര്യം ചെയ്യുക എന്ന് ചര്‍ച്ച ചെയ്യുക

14 ദുരന്തത്തില്‍ നേരിട്ട് ഉള്‍പ്പെടാത്ത സ്‌കൂളുകളില്‍ ദുരന്തത്തില്‍ അകപ്പെട്ട നാടുകളിലെ സ്‌കൂളുകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ചര്‍ച്ച ചെയ്യുക. വസ്തു വകകള്‍ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടന്‍ കൂടുതല്‍ പണം ശേഖരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ ഏതെങ്കിലും ദുരിത ബാധിത സ്‌കൂളുകളെ സഹോദര സ്‌കൂള്‍ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടുത്തെ കുട്ടികള്‍ പോകുന്നത് ഒക്കെ പ്ലാന്‍ ചെയ്യണം. ജപ്പാനില്‍ ദുരന്തത്തില്‍ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നും ഉള്ള സ്‌കൂളുകളില്‍ നിന്നും ഭാഗ്യ ചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന ഒരു രീതി ഉണ്ട്. ഇത് നമുക്ക് ചെയ്തു നോക്കാവുന്നതാണ്.

15  ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്‌കൂളുകളില്‍ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങള്‍ കുട്ടികളുടെ മാനസിക അവസ്ഥയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. ഇത് മനസ്സില്‍ വച്ചിട്ട് വേണം സ്‌കൂളുകളിലെ ഇടപെടല്‍ തുടങ്ങാന്‍.