| Wednesday, 18th February 2026, 2:23 pm

മാറിടത്തില്‍ തൊടുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീം കോടതി.

പൈജാമയുടെ കെട്ടഴിക്കുന്നത് ബലാത്സംഗത്തിന്റെ തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ മാര്‍ച്ച് 17നാണ് ഹൈക്കോടതി ഈ വിവാദ പ്രസ്താവന നടത്തിയത്. രണ്ട് യുവാക്കള്‍ക്കെതിരെ ഫയല്‍ ചെയ്ത പോക്‌സോ കേസിലായിരുന്നു പരാമര്‍ശം.

ഇതിനെ ചോദ്യം ചെയ്ത് ഒരു വനിതാ അഭിഭാഷകയുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

ലൈംഗിക കുറ്റകൃത്യം കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശം വരുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിനായി കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു.

നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടേത് മനുഷ്യത്തപരമല്ലാത്ത ഉത്തരവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി ജഡ്ജിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.  ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രക്കെതിരെയായിരുന്നു വിമര്‍ശനം. കേസില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പവന്‍, ആകാശ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

എഫ്.ഐ.ആര്‍ അനുസരിച്ച്, പ്രതികള്‍ 11 വയസുള്ള പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുകയും ആകാശ് എന്ന പ്രതി പെണ്‍കുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ സംഭവം കണ്ട വഴിയാത്രക്കാര്‍ ഇടപെട്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്തു.

തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച കോടതി, പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്നാണ് പറഞ്ഞത്.

Content Highlight: SC quashes Allahabad HC verdict that touching breasts and untying pyjamas does not constitute attempted abuse

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more