| Saturday, 12th April 2025, 4:58 pm

മാമുക്കോയ നാടകത്തിലെ വലിയ നടനാണെന്ന് പറഞ്ഞത് അദ്ദേഹം: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോടന്‍ ശൈലിയിലുള്ള വര്‍ത്തമാനവും, രൂപവും, ഭാവവും, കൊണ്ട് മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് മാമുക്കോയ. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍, മാമുക്കോയ 450 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.

ഇപ്പോള്‍ മാമൂക്കോയയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍

ശ്രീനിവാസന്റെ സുഹൃത്തായിരുന്നൂ മാമുക്കോയയെന്നും ശ്രീനിവാസന്‍ വഴിയാണ് താന്‍ മാമുക്കോയയെ പരിചയപ്പെടുന്നതെന്നും സിബിമലയില്‍ പറയുന്നു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയുടെ ലൊക്കേഷന്‍ കാണിച്ച് തരാന്‍ വേണ്ടി കൂടെ വന്നിരുന്നയാളായിരുന്നു മാമുക്കോയയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിനിമയില്‍ കുതിരവട്ടം പപ്പുവിനെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നതെന്നും പിന്നീട് മാമുക്കോയയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു. ഓര്‍മ്മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘1987 ല്‍ ഞാന്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുക്കൂട്ടാം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കാണിക്കാനായിട്ട് കോഴിക്കോട് ഞാന്‍ എത്തിയപ്പോള്‍ എന്നും രാവിലെ മഹാറാണി ഹോട്ടലിന്റെ റിസപ്ഷനില്‍ മാമൂ എന്ന സുഹൃത്ത് അവിടെ എത്തും. ശ്രീനിവാസന്റെ സുഹൃത്തായിരുന്നു അദ്ദേഹം. ശ്രീനിവാസനാണ് മാമൂനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ ഒന്നിച്ചാണ് ലൊക്കേഷന്‍ കാണാന്‍ പോകുക. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഉള്ള ലൊക്കേഷന്‍ അദ്ദേഹം കാണിച്ച് തന്നിട്ടുണ്ട്. ഫറൂഖില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു.

ഷൂട്ടിങ്ങിന്റെ തലേദിവസമാണ് അതിന്റെ നിര്‍മാതാവായ എം മണി എന്നെ വിളിച്ച് നമ്മുടെ സിനിമയില്‍ കുതിരവട്ടം പപ്പു വേണ്ട എന്ന തീരുമാനം പറയുന്നത് ഞാന്‍ ശ്രീനിയുടെ അടുത്ത് കാര്യം പറഞ്ഞപ്പോള്‍ നമുക്ക് ആ മാമൂനേ എടുക്കാം എന്ന് പറഞ്ഞു. ഇത്രയും വലിയ ഒരാളുടെ റോള്‍ എങ്ങനെയാണ് മാമൂനെ കൊണ്ട് ചെയ്യിപ്പിക്കുക എന്ന് അപ്പോള്‍ ഞാന്‍ ശ്രീനിയോട് ചോദിച്ചു.

അപ്പോള്‍ ശ്രീനി പറഞ്ഞു നാടക അരങ്ങിലെ വലിയ നടനാണ് അദ്ദേഹം. കോഴിക്കോട് അറിയപ്പെടുന്ന നാടക നടനാണ് മാമൂ. ശ്രീനി തന്ന ആ ധൈര്യത്തിലാണ് ഞാന്‍ പാതി മനസോടെയാണ് കോസ്റ്റിയൂമറോടും അസിസ്റ്റന്‍ഡ് ഡയറക്ടറോടും പറഞ്ഞ് പപ്പു ഏട്ടന്‍ കൊടുക്കാന്‍ വെച്ച കോസ്റ്റിയും അദ്ദേഹത്തിന്റെ അളവിലേക്ക് തയിപ്പിച്ചത്. ഞാന്‍ ഷൂട്ടിങ്ങിനെത്തുമ്പോള്‍ അറബി മുന്‍ഷി വേഷത്തിന്‍ മാമൂ ഈ കോസ്റ്റിയും ഇട്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ ആ കാഴ്ചയില്‍ മറ്റൊരാളേ കാസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് തോന്നി,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sbibi  Malayil about Mamukkoya

We use cookies to give you the best possible experience. Learn more