കോഴിക്കോട്: ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ക്ക് പുറമെ ഭാര്യ യമുനഭായ് യും ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പപേക്ഷ എഴുതിയെന്നതിന് തെളിവുകള്‍. ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ നാഷണല്‍ ആര്‍ക്കൈവ്‌സിലുള്ള (Political K.W. Proceedings, June 1921, No.201) എന്ന ഫയലില്‍ എട്ടാമത്തെ പേജില്‍ യമുനയുടെ മാപ്പപേക്ഷയുണ്ടെന്നാണ് വിവരം.
1921 ഏപ്രില്‍ 18നാണ് യമുനഭായ് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചത്. പുതുതായി നിയമിതനായ വൈസ്രോയി റഫസ് ദാനിയേല്‍ ഐസക്കിനായിരുന്നു കത്ത്. ആന്‍ഡമാന്‍ ജയിലിലായിരുന്ന വി.ഡി. സവര്‍ക്കറെ വിട്ടയക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. മോചനം ആവശ്യപ്പെട്ട് സവര്‍ക്കര്‍ നല്‍കിയ ആറ് ദയാഹരജികള്‍ക്ക് ശേഷമായിരുന്നു യമുനയുടെ മാപ്പപേക്ഷ.
1919ല്‍ യമുനയും സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ സവർക്കറും ഉള്‍പ്പടെ അയച്ച ദയാഹരജികളും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് യമുനഭായ് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തെഴുതിയത്.
വൈസ്രോയിയെ സ്തുതിച്ചുകൊണ്ടാണ് യമുന കത്തയച്ചത്. യുവാക്കളായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കത്തിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. ഈ സമയം സവര്‍ക്കര്‍ സഹോദരന്മാര്‍ അനുഭവക്കുറവ് ഉള്ളവരായിരുന്നുവെന്നും പരാമര്‍ശമുണ്ടായിരുന്നു. അമിതാവേശം വഴിതെറ്റിച്ചുവെന്നും മാപ്പ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബാരിസ്റ്റര്‍ ജംമ്നാദാസ് മേത്തയാണ് യമുനഭായ്ക്ക് വേണ്ടി ഈ കത്ത് തയ്യാറാക്കിയത്. സവര്‍ക്കറുടെ അനുയായിയും പിന്നീട് ബോംബൈ പ്രവിശ്യയില്‍ ധനമന്ത്രിയുമായിരുന്നു ബാരിസ്റ്റര്‍ ജംമ്നാദാസ്.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നാഥുറാം വിനായക് ഗോഡ്സെ അഞ്ച് മണിക്കൂര്‍ നീണ്ടുന്ന നിന്ന പ്രസ്താവനയാണ് കോടതിയില്‍ നടത്തിയത്. ഈ പ്രസ്താവന തയ്യാറാക്കി നല്‍കിയതും ബാരിസ്റ്റര്‍ ആയിരുന്നു.
1910 മാര്‍ച്ച് 13നാണ് സവര്‍ക്കര്‍ അറസ്റ്റിലായത്. 1911 ജൂലൈ നാലിന് സവര്‍ക്കറെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 1911 ഓഗസ്റ്റ് 30ന് സവര്‍ക്കര്‍ തന്റെ ആദ്യ മാപ്പപേക്ഷ അയച്ചു. 1913 നവംബര്‍ 14ന് രണ്ടാമത്തെ ദയാഹരജി സമര്‍പ്പിച്ചു. തുടര്‍ന്ന് 1918ല്‍ മൂന്നാമതൊരു ദയാഹരജിയും കൂടി നല്‍കി. 1920 മാര്‍ച്ച് 30ന് സവര്‍ക്കര്‍ മറ്റൊരു ഹരജി കൂടി നല്‍കിയിരുന്നു.
എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. നാസിക്കിലെ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന എ.എം.ടി ജാക്സണിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് സവര്‍ക്കര്‍ അറസ്റ്റിലായത്. ശേഷം 13 വര്‍ഷങ്ങള്‍ക്ക് ശേഷം 1924നാണ് സവര്‍ക്കര്‍ മോചിതനാകുന്നത്. 50 കൊല്ലത്തെ തടവുശിക്ഷയാണ് സവര്‍ക്കര്‍ക്ക് വിധിച്ചിരുന്നത്.
Content Highlight: Savarkar’s wife Yamuna bai also ‘apologized’ to britain for him