ന്യൂദല്‍ഹി: ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിവാദത്തെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് പിന്‍വലിച്ച പുസ്തകം പുനപ്രസിദ്ധീകരിച്ച് എന്‍.സി.ഇ.ആര്‍.ടി. എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പുസ്തകമായിരുന്നു വിവാദമായതോടെ പിന്‍വലിച്ചത്.
എന്നാല്‍ കൂടുതല്‍ തിരുത്തലോടെയാണ് പുസ്തകം പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദുത്വ തീവ്രവാദിയായ സവര്‍ക്കറെ പ്രകീര്‍ത്തിച്ചും ഹിറ്റലര്‍ ഏകാധിപതിയാണെന്ന ഭാഗം ഒഴിവാക്കിയുമാണ് പുതിയ പതിപ്പിറക്കിയത്.
പൂര്‍ണ സ്വാതന്ത്ര്യം എന്ന ഭാഗത്താണ് സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. ‘1925ല്‍ വിനയക് ദാമോദര്‍ സവര്‍ക്കര്‍ സ്വരാജ് എന്ന സമാനമായ ആവശ്യമുന്നയിച്ചിരുന്നു’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറിനെക്കുറിച്ചും നാസി പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ഭാഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്.
ഹിറ്റ്‌ലര്‍വംശീയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏകാധിപതിയായിരുന്നു എന്നതായിരുന്നു മുമ്പുണ്ടായിരുന്നത്. അതും വെട്ടിമാറ്റി.
‘ ഒരു സൈന്യത്തെ രൂപികരിക്കാനായി സുഭാഷ് ചന്ദ്രബോസ് അഡോള്‍ഫ് ഹിറ്റ്‌ലറില്‍ നിന്ന് സഹായം തേടി. വംശീയതയില്‍ അധിഷ്ഠിതമായ നാസി തത്വശാസ്ത്രത്തിലൂടെ സ്വന്തം സാമ്രാജ്യം വിപുലീകരിക്കാന്‍ നോക്കിയ ഏകാധിപതിയായിരുന്നു ഹിറ്റ്‌ലര്‍’ എന്നതായിരുന്നു പഴയ ഭാഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത് മാറ്റി ‘ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ സഹായവും തേടി എന്നാക്കി മാറ്റി.
ഇന്ത്യ വിഭജനകാലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് സംബന്ധിച്ച ഭാഗത്തിലും എന്‍.സി.ഇ.ആര്‍.ടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
‘മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ വിഭജനത്തിനെതിരായിരുന്നുവെങ്കിലും മുന്നോട്ട് പോവാനുള്ള ഏക മാര്‍ഗമെന്ന നിലയില്‍ അതിനെ അംഗീകരിച്ചു’ എന്ന ഭാഗം തിരുത്തി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പോലും വിഭജനത്തെ എതിര്‍ക്കേണ്ടി വന്നുവെന്നും എന്നാല്‍ വിഭജനം മാത്രമായിരുന്നോ ഏക മാര്‍ഗമെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട് എന്നാക്കി മാറ്റി.
വിഭജന സമയത്ത് നടന്ന കൂട്ടക്കൊലകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അശരണരായിരുന്നു എന്ന ഭാഗവും പുതിയ പാഠപുസ്തകത്തില്‍ നിന്നും വെട്ടി മാറ്റിയിട്ടുണ്ട്. കോടതികളിലെ അഴിമതിയും കേസുകള്‍ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കെതിരെ ഈ വര്‍ഷമാദ്യം സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് പുസ്തകത്തിന്റെ ഡിജിറ്റല്‍, പ്രിന്റ് പതിപ്പുകള്‍ പിന്‍വലിച്ച് എന്‍.സി.ഇ.ആര്‍.ടി മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുസ്തകം പുനപ്രസിദ്ധീകരിച്ചത്.
Content Highlight: Savarkar praised; section describing Hitler as a dictator cut: Centre’s revisions appear in republished NCERT textbook as well.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.