ന്യൂദല്‍ഹി: വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സി.ജെ.പി നേതാക്കള്‍ അശുതോഷ് രങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യം തേടി ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണെന്ന് സി.ജെ.പി. ജാമ്യ ഹരജിയില്‍ അടിയന്തരമായി ഇന്ന് (ഒക്ടോബര്‍ 20, ചൊവ്വ) രാത്രി വാദം കേള്‍ക്കണമെന്ന് ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചതായി സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

സൗരവിനെയും അശുതോഷിനെയും മോചിപ്പിക്കണമെന്നും രാഷ്ട്രീയ പകപോക്കലിന് വേണ്ടി അവരുടെ സ്വാതന്ത്ര്യം ബലി കഴിപ്പിക്കാനാവില്ലെന്നും രത്‌ന പറഞ്ഞു. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അവര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘ഞങ്ങള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും, അടിയന്തരമായി രാത്രിയില്‍ത്തന്നെ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സൗരവിനെയും അശുതോഷിനെയും മോചിപ്പിക്കണം. രാഷ്ട്രീയ പകപോക്കലിന് വേണ്ടി അവരുടെ സ്വാതന്ത്ര്യം ബലികഴിക്കാന്‍ പാടില്ല,’ രത്‌ന സിങ് പറഞ്ഞു.

സൗരവും അശുതോഷും ഒരു നിമിഷം പോലും ജയിലില്‍ കഴിയേണ്ടവരല്ലെന്ന് സി.ജെ.പി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കളികള്‍ക്ക് വേണ്ടി അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ല. നീതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കരുതെന്നും സംഘടന അഭിപ്രായപ്പെട്ടു.

അശുതോഷ് രങ്കയ്ക്കും സൗരവ് ദാസിനും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) ഇന്നലെ ജാമ്യം നിഷേധിച്ചു. സി.ജെ.പി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ എസ്.ഇ.എം ഉത്തരവിടുകയായിരുന്നു.

ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയെന്ന കേസില്‍ സി.ജെ.പി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഇന്നലെ സൗരവിനെയും അശുതോഷിനെയും മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ച് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂട്ടാന്‍ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

കസ്റ്റഡി നീട്ടിയതിനെ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും രത്‌ന സിങും അപലപിക്കുയും ചെയ്തിരുന്നു. ജന്തര്‍ മന്തറില്‍ വെച്ച് ത്രിവര്‍ണ്ണ പതാക വീശിയതായിരുന്നു അശുവിന്റെയും സൗരവിന്റെയും ആദ്യത്തെ കുറ്റമെന്ന് ദീപ്കെ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ നിലപാടില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചു എന്നതാണ് അവരുടെ രണ്ടാമത്തെ കുറ്റം. അഞ്ച് ദിവസം ജയിലില്‍ കിടന്നിട്ടും, ഒട്ടും തളരാത്ത മനോവീര്യത്തോടെ, മുഖത്ത് പുഞ്ചിരിയുമായാണ് അവര്‍ കോടതിയിലേക്ക് നടന്നുകയറിയതെന്നും ദീപ്‌കെ പറഞ്ഞിരുന്നു.

അതേസമയം, സൗരവും അശുതോഷും കരുത്തരാണെന്നും അടിച്ചമര്‍ത്തലുകള്‍ക്ക് അവരുടെ മനോവീര്യം തകര്‍ക്കാനാവില്ലെന്നുമാണ് രത്ന സിങ് പറഞ്ഞത്. ‘പുറപ്പെടുന്നതിന് മുന്‍പ് ഞാന്‍ സൗരവിനെയും അശുവിനെയും കണ്ടു. നമ്മള്‍ കരുതുന്നതിലും ശക്തരാണ് അവര്‍,’ രത്ന ഇന്നലെ എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഇത്തരത്തിലാണ് ഭരണകൂടം യുവാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്ന് ഭരണകൂടം തിരിച്ചറിയണം. ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ അവരെ ജയിലിലടയ്ക്കുകയോ? ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലെങ്കില്‍ പിന്നെ എന്താണെന്നും രത്‌നയുടെ ഇന്നലത്തെ എക്‌സ് പോസ്റ്റില്‍ ചോദിക്കുന്നു.

രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയാണെന്ന് മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സൗരവ് ദാസ് പറയുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു.

ജയിലിലേക്ക് കൊണ്ടുപോകുന്ന പൊലീസ് വാഹനത്തിന്റെ ജനലിലൂടെ സൗരവ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഈ വീഡിയോ സി.ജെ.പി ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിരുന്നു.

‘നമ്മള്‍ അടിയന്തരാവസ്ഥയിലാണ്,’ എന്ന് സൗരവ് പറയുന്നതായി വീഡിയോയില്‍ കാണാം. ഇവിടെ നിതീയില്ലെന്നും ഇത് പൊലീസ് കോടതിയാണെന്നും സൗരവ് പറയുന്നതായി വീഡിയോയില്‍ കാണാം.

Content Highlight: Saurav and Ashutosh must be released: Approached the Delhi High Court and sought an urgent night hearing: CJP