ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമില്‍ നിന്നും ഇറങ്ങിപ്പോയത് സ്വന്തം ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍; കയ്യടി നേടി ക്യാപ്റ്റന്‍
Sports News
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമില്‍ നിന്നും ഇറങ്ങിപ്പോയത് സ്വന്തം ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍; കയ്യടി നേടി ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 12:59 pm

 

രഞ്ജി ട്രോഫി 2023ന്റെ ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് സൗരാഷ്ട്ര ചാമ്പ്യന്‍മാരായിരിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിച്ചാണ് സൗരാഷ്ട്ര തങ്ങളുടെ രണ്ടാം രഞ്ജി കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്കട്ടിന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ മൂന്ന് വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. ചേതന്‍ സ്‌കറിയയും ഉനദ്കട്ടും ചേര്‍ന്നാണ് ബംഗാള്‍ താരങ്ങളെ മടക്കിയത്.

പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഏഴാമനായി കളത്തിലിറങ്ങിയ ഷഹബാസ് അഹമ്മദും അഭിഷേക് പോരലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.

ഷഹബാസ് അഹമ്മദ് 112 പന്തില്‍ നിന്നും 69 റണ്‍സ് നേടിയപ്പോള്‍ പോരല്‍ 98 പന്തില്‍ നിന്നും 50 റണ്‍സും നേടി.

ഒടുവില്‍ 174 റണ്‍സിന് ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര തകര്‍ത്തടിച്ചു. അര്‍പിത് വാസവദയും ചിരാഗ് ജാനിയും ഷെല്‍ഡന്‍ ജാക്‌സണും ഹര്‍വിക് ദേശായിയും അര്‍ധ സെഞ്ച്വറി തികച്ചതോടെ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സ് നേടി.

വമ്പന്‍ ലീഡ് വഴങ്ങേണ്ടി വന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗാളിന് ആദ്യ ഇന്നിങ്‌സിനേക്കാള്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ മനോജ് തിവാരിയുടെയും അനുഷ്ടുപ് മജുംദാറിന്റെയും കരുത്തില്‍ ബംഗാള്‍ 241 റണ്‍സ് നേടി.

12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി പത്ത് വിക്കറ്റ് നേടിയ സൗരാഷ്ട്ര നായകന്‍ ജയ്‌ദേവ് ഉനദ്കട്ടിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. സത്യത്തില്‍ അയാളത് അര്‍ഹിക്കുന്നുമുണ്ട്.

ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സ്‌ക്വാഡില്‍ നിന്നുമാണ് ഉനദ്കട് സൗരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയത്. മത്സരത്തിലെ ആദ്യ ടെസ്റ്റില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഉനദ്കട് സൗരാഷ്ട്രയെ ഫൈനലില്‍ നയിച്ചത്.

 

ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ താരം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും വീഴ്ത്തി.

ഫൈനലില്‍ സൗരാഷ്ട്രയുടെ ബാറ്റിങ്ങില്‍ നെടുംതൂണായി മാറിയ അര്‍പിത് വാസവദയാണ് ടൂര്‍ണമെന്റിലെ താരം.

 

Content highlight: Saurashtra wins Ranji Trophy