ഒരു ഗോള്‍, പിന്നാലെ ഹരം മൂത്ത് അടിച്ചുകേറ്റിയത് എട്ടെണ്ണം! ഗോള്‍ മഴ പെയ്യിച്ച് ഹിലാല്‍
Sports News
ഒരു ഗോള്‍, പിന്നാലെ ഹരം മൂത്ത് അടിച്ചുകേറ്റിയത് എട്ടെണ്ണം! ഗോള്‍ മഴ പെയ്യിച്ച് ഹിലാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th January 2025, 9:45 am

സൗദി പ്രോ ലീഗില്‍ അല്‍ ഫത്തേയെ ഗോള്‍ മഴയില്‍ മുക്കി അല്‍ ഹിലാല്‍. കിങ്ഡം അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് അല്‍ ഹിലാല്‍ വിജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ഹിലാലിനായി.

4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹിലാല്‍ കളത്തിലിറങ്ങിയത്. മറുവശത്ത് ജാനിനിയെ ആക്രമത്തിന്റെ കുന്തമുനയാക്കി ഫത്തേയും 4-2-3-1എന്ന ഫോര്‍മേഷന്‍ തന്നെ അവലംബിച്ചു.

മത്സരത്തിന്റെ 20ാം മിനിട്ടില്‍ കാലിദൗ കാലിബൗലിയാണ് ഹിലാലിനായി ഗോളടി തുടങ്ങി വെച്ചത്. അല്‍ ദവ്‌സാരിയുടെ അസിസ്റ്റില്‍ കാലിബൗലി നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തു.

ആദ്യ ഗോള്‍ പിറന്ന് കൃത്യം നാലാം മിനിട്ടില്‍ അല്‍ ഫത്തേ തിരിച്ചടിച്ചെങ്കിലും വാറില്‍ കുടുങ്ങി ആ ഗോള്‍ തിരിച്ചെടുത്തു. 39ാം മിനിട്ടില്‍ റെനന്‍ ലോദിയും ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് മാര്‍കസ് ലിയോനാര്‍ഡോയും ഹിലാലിനായി സ്‌കോര്‍ ചെയ്തു.

മൂന്നാം ഗോള്‍ പിറന്ന് കൃത്യം മൂന്നാം മിനിട്ടില്‍ തന്നെ അല്‍ ഹിലാല്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ എസ്.എം. സാവിച്ചാണ് ഗോള്‍ നേടിയത്.

ആദ്യ പകുതി അവസാനിച്ചപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് ഹിലാല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിട്ടിനകം തന്നെ അല്‍ ഹിലാലിന്റെ അഞ്ചാം ഗോളുമെത്തി. അല്‍ ദവ്‌സരിയൊരുക്കിയ ഗോള്‍ മാര്‍കസ് ലിയനാര്‍ഡോ പൂര്‍ത്തിയാക്കി.

ഇതോടെ ഫത്തേ താരങ്ങള്‍ പരുക്കന്‍ കളി പുറത്തെടുത്തു. ഇതോടെ റഫറിക്ക് മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടിയും വന്നു.

65ാം മിനിട്ടില്‍ റൂബന്‍ നീവ്‌സിന്റെ അസിസ്റ്റില്‍ ഗോള്‍ കണ്ടെത്തി മാര്‍കസ് ലിയോനാര്‍ഡോ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി.

രണ്ട് ടീമിന്റെയും പരിശീലകര്‍ സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തി കളി വീണ്ടും ചൂടുപിടിപ്പിച്ചു.

ആറ് ഗോളിന്റെ ലീഡുമായി നില്‍ക്കവെ മത്സരത്തിന്റെ 82ാം മിനിട്ടില്‍ ഹിലാലിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചെങ്കിലും വാറില്‍ പെനാല്‍ട്ടി തിരിച്ചെടുത്തു.

നാല് മിനിട്ടിനിടെ നാല് സബ്സ്റ്റിറ്റിയൂഷനുമായി ഹിലാല്‍ വീണ്ടും ആക്രമണമഴിച്ചുവിട്ടു. 89ാം മിനിട്ടില്‍ അബ്ദുള്ള അല്‍ ഹംദാനിലൂടെ അല്‍ ഹിലാല്‍ ഏഴാം ഗോള്‍ നേടി.

90+2ാം മിനിട്ടില്‍ ഹിലാല്‍ വീണ്ടും വലകുലുക്കിയെങ്കിലും വാര്‍ പ്രതികൂലമായി വിധിയെഴുതി. എന്നാല്‍ ശേഷം കൃത്യം മൂന്നാം മിനിട്ടില്‍ മാല്‍ക്കമിലൂടെ തിരിച്ചടിച്ച ഹിലാല്‍ 90+5ാം മിനിട്ടില്‍ ഗോള്‍ നേട്ടം എട്ടാക്കി ഉയര്‍ത്തി.

ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വഴങ്ങിയ സെല്‍ഫ് ഗോളും റെഡ് കാര്‍ഡും ഫത്തേയുടെ പെട്ടിയിലെ അവസാന ആണിയായി.

15 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 40 പോയിന്റുമായാണ് അല്‍ ഹിലാല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രണ്ടാമതുള്ള ഇത്തിഹാദിനും 40 പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ഹിലാലിന് തുണയായത്.

28 പോയിന്റുമായി അല്‍ നസറാണ് മൂന്നാമത്.

പ്രോ ലീഗില്‍ അല്‍ വേഹ്ദയ്‌ക്കെതിരെയാണ് ഹിലാലിന്റെ അടുത്ത മത്സരം. ജനുവരി 21ന് നടക്കുന്ന മത്സരത്തിന് കിങ്ഡം അരീനയാണ് വേദിയാകുന്നത്.

 

Content Highlight: Saudi Pro League: Al Hilal defeated Al Fateh