റൊണാൾഡോയെ മാനസികമായി തകർക്കണം; മെസി ചാന്റുമായി ഇത്തിഹാദ് ആരാധകർ|Dsports
സ്പോര്‍ട്സ് ഡെസ്‌ക്

വ്യാഴാഴ്ച സൗദി സൂപ്പർ കപ്പ്‌ സെമി ഫൈനലിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ ചിരവൈരികളായ ഇത്തിഹാദിനെ നേരിട്ടിരുന്നു. റിയാദിലെ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ നസറിനെ ഇത്തിഹാദ് പരാജപ്പെടുത്തി.

ഇതൊടെ ഒരു നീണ്ട ഇടവേളക്ക് ശേഷം ഒരു ഫൈനൽ മത്സരം കളിക്കാനുള്ള റൊണാൾഡോയുടെ അവസരം നഷ്ടപ്പെട്ടു.
മത്സരത്തിൽ റൊമാരീന്യോ, അബ്ദുൽ റസാക്ക് ഹംദില്ല, മുഹമ്മദ്‌ അൽ ഷൻകീത്തി എന്നിവർ ഇത്തിഹാദിനായി ഗോൾ നേടിയപ്പോൾ അൽ നസറിന്റെ ആശ്വാസ ഗോൾ തലിസ്ക സ്വന്തമാക്കി.

എന്നാൽ കളിയിൽ റൊണാൾഡോയുടെ ഏകാഗ്രത നഷ്ടപ്പെടുത്താനും താരത്തെ മാനസികമായി തളർത്താനും അൽ ഇത്തിഹാദ് ഫാൻസ്‌ നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. റൊണാൾഡോയുടെ കാലിൽ പന്തെത്തുമ്പോഴെല്ലാം മെസി എന്ന് ആർത്തു വിളിച്ചാണ് ഇത്തിഹാദ് ആരാധകർ പ്രതികരിച്ചത്. കൂടാതെ റൊണാൾഡോക്കെതിരെ ഇംഗ്ലീഷിലും അറബിയിലും ചാന്റുകൾ പാടിയും താരത്തെ പ്രതിസന്ധിയിലാക്കാൻ ഇത്തിഹാദ് ആരാധകർ ശ്രമിച്ചു.

എന്നാൽ ഇത്തിഹാദ് ഫാൻസിന്റെ ഈ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിയുമായി അൽ നസർ ഫാൻസും രംഗത്തെത്തി. റൊണാൾഡോ എന്ന് ആർത്ത് വിളിച്ചായിരുന്നു അവർ റോണോക്ക് സപ്പോർട്ട് നൽകിയത്. കൂടാതെ താരത്തെ പ്രകീർത്തിക്കുന്ന നിരവധി പോസ്റ്ററുകളും അൽ നസർ ആരാധകർ ഗ്രൗണ്ടിലുയർത്തി.

എന്നാൽ മത്സരത്തിൽ പന്തുമായി മുന്നേറാനും ക്രോസുകൾ നൽകാനുമൊക്കെ സാധിച്ചെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ പോർച്ചുഗീസ് ഇതിഹാസ താരത്തിന് സാധിച്ചില്ല. കൂടാതെ ഇത്തിഹാദ് പ്രതിരോധ നിര അനായാസമായി റോണോയുടെ കാലിൽ നിന്നും പന്ത് റാഞ്ചുന്നതും മത്സരത്തിലെ സ്ഥിരം കാഴ്ചയായിരുന്നു.

എന്നിരുന്നാലും ആദ്യത്തെ മത്സരത്തെ അപേക്ഷിച്ച് സഹ താരങ്ങളോട് കൂടുതൽ ഇണങ്ങിച്ചേർന്ന് കളിക്കുന്ന റൊണാൾഡോയെയായിരുന്നു ഇത്തിഹാദിനെതിരെയുള്ള മത്സരത്തിൽ കാണാൻ സാധിച്ചത്.

അതേസമയം സൗദി പ്രോ ലീഗിൽ 14 മത്സരങ്ങളിൽ നിന്നും 10 വിജയങ്ങളോടെ 33 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ.

അൽ ഇത്തിഹാദ് 31 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്.


ഫെബ്രുവരി 3ന് അൽ ഫത്തേഹിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.

 

Content Highlights:Saudi fans trying to make ronaldo mentally broken to chanting ‘Messi’ name