നാണക്കേട്, പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; ക്രീസിലെത്തും മുമ്പേ 11ാം രീതിയില്‍ പുറത്ത്
Sports News
നാണക്കേട്, പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; ക്രീസിലെത്തും മുമ്പേ 11ാം രീതിയില്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th March 2025, 9:09 pm

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ പാകിസ്ഥാന്‍ ബാറ്ററായി സൗദ് ഷക്കീല്‍. പാകിസ്ഥാന്‍ കപ്പ് ഗ്രേഡ് വണ്ണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ (എസ്.ബി.പി) – പാകിസ്ഥാന്‍ ടെലിവിഷന്‍ (പി.ടി.വി) മത്സരത്തിലാണ് ഷക്കീല്‍ ഇത്തരത്തില്‍ പുറത്തായത്. ടൂര്‍ണമെന്റ് ഫൈനലിലാണ് ഷക്കീല്‍ ഇത്തരത്തില്‍ പുറത്തായത് എന്നതാണ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വസ്തുത.

ക്രിക്കറ്റില്‍ 11 വിധത്തിലാണ് ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കുക. ബൗള്‍ഡ്, കോട്ട് ഔട്ട് (ക്യാച്ച്), ലെഗ് ബിഫോര്‍ വിക്കറ്റ് (എല്‍.ബി.ഡബ്ല്യൂ), റണ്‍ ഔട്ട്, സ്റ്റംപ്ഡ്, ഹിറ്റ് വിക്കറ്റ്, ഹാന്‍ഡിലിങ് ദി ബോള്‍, ഒബ്സ്ട്രക്ടിങ് ദി ഫീല്‍ഡ്, ഹിറ്റിങ് ദി ബോള്‍ ടൈ്വസ്, റിട്ടയര്‍ഡ് ഔട്ട്, ടൈംഡ് ഔട്ട് എന്നിവയാണ് ആ 11 വിധത്തിലുള്ള ഡിസ്മിസ്സലുകള്‍.

(ക്രിക്കറ്റില്‍ ഒരു ബാറ്ററെ പുറത്താക്കാന്‍ സാധിക്കുന്ന 11 വഴികള്‍ ഇതാണ്…)

ഒരു ബാറ്റര്‍ പുറത്തായി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കുകയും ആദ്യ പന്ത് നേരിടുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് എസ്.ബി.പി താരമായ ഷക്കീലിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

മൂന്നാം വിക്കറ്റായി ഫവാദ് ആലം പുറത്തായതിന് പിന്നാലെയാണ് ഷക്കീല്‍ ക്രീസിലെത്തേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാതിരുന്നതോടെ താരം പുറത്താവുകയായിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ രീതിയില്‍ പുറത്താകുന്ന ആദ്യ പാക് ബാറ്ററായും ഷക്കീല്‍ മാറി.

എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ടൈംഡ് ഔട്ടിലൂടെ ഇതിന് മുമ്പും താരങ്ങള്‍ പുറത്തായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏഴാമനായാണ് ഷക്കീലും മോശം ലിസ്റ്റില്‍ ഇടം നേടിയത്.

ആന്‍ഡ്രൂ ജോര്‍ദന്‍ (സൗത്ത് ആഫ്രിക്ക), ഹേമുലാല്‍ യാദവ് (ഇന്ത്യ), വാസ്‌ബെര്‍ത് ഡ്രേക്‌സ് (വെസ്റ്റ് ഇന്‍ഡീസ്), റയാന്‍ ഓസ്റ്റിന്‍ (വെസ്റ്റ് ഇന്‍ഡീസ്), എ.ജെ. ഹാരിസ് (ഇംഗ്ലണ്ട്), ചാള്‍സ് കുന്‍ജെ (സിംബാബ്‌വേ) എന്നിവരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിന് മുമ്പ് ടൈംഡ് ഔട്ടിലൂടെ പുറത്തായ താരങ്ങള്‍.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ എസ്.ബി.പി 205 റണ്‍സിന് പുറത്തായി. 89 റണ്‍സ് നേടിയ ഇമ്രാന്‍ ബട്ടിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 40 റണ്‍സടിച്ച റമീസ് അസീസാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പി.ടി.വിക്കായി മുഹമ്മദ് ഷഹസാദ് അഞ്ച് വിക്കറ്റ് നേടി. അലി ഉസ്മാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ അമാദ് ബട്ടും മെഹ്‌റാന്‍ സാന്‍വാളുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പി.ടി.വി ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് 49ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഷാമില്‍ ഹുസൈന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് താഹ എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

 

Content Highlight: Saud Shakeel Becomes First Pakistan Batter To Be Dismissed Timed-Out