| Tuesday, 4th March 2025, 8:51 am

ആ നടിയുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ലെങ്കിലും അവരുടെ മെസേജ് വന്നപ്പോള്‍ അഭിമാനവും അഹങ്കാരവും തോന്നി: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയായിരുന്നു നയന്‍താര. കുറഞ്ഞ സമയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായികയായി മാറിയ നയന്‍സ് അധികം വൈകാതെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടവും സ്വന്തമാക്കി.

നയന്‍താരയെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ നയന്‍താര തന്നെ കാണാന്‍ വന്നിരുന്നുവെന്നും എന്നാല്‍ ആളുകൂടിയതുകൊണ്ട് അധികം സംസാരിക്കാതെ പോയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്നാല്‍ നയന്‍താര തനിക്ക് മെസേജ് അയച്ചുവെന്നും അത് കണ്ട് തനിക്ക് അഭിമാനവും അഹങ്കാരവും തോന്നിയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ നടക്കുകയാണ്. മഞ്ജു വാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാര്‍ഡ് കിട്ടിയ ദിവസമാണ്. കുറെ ചാനലുകാരും പത്രക്കാരുമെത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറില്‍ നയന്‍താര വന്നിറങ്ങി. ‘ഭാസ്‌ക്കര്‍ ദ റാസ്‌കല്‍’ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു.

ഇടക്ക് കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. ചാനലുകാരും ഷൂട്ടിങ് യൂണിറ്റിലുള്ളവരുമൊക്കെ നയന്‍സിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച്, ചെറിയതോതില്‍ കുശലം പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ സ്ഥലംവിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് നയന്‍താരയുടെ ദീര്‍ഘമായ ഒരു മെസേജ് വന്നു.

ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടന്നറിഞ്ഞപ്പോള്‍ എന്നെ കാണാന്‍ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ചില വാക്കുകളും.

‘സിനിമ എന്ന അത്ഭുത ലോകത്തിന്റെ വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്‍കുന്ന വാക്കാണ്’ എന്ന്.

അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്. സത്യമായും എനിക്ക് സന്തോഷം തോന്നി. നയന്‍താര സിനിമയിലെത്താന്‍ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടാണ് അവര്‍ ഇന്നത്തെ ലേഡി സൂപ്പര്‍സ്റ്റാറായിമാറിയത്. എങ്കിലും അപ്പോള്‍ അഭിമാനവും ഒരല്പം അഹങ്കാരവും എന്റെ ഉള്ളില്‍ തോന്നി,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content highlight: Sathyan Anthikkad talks about  Nayanthara

We use cookies to give you the best possible experience. Learn more