| Monday, 23rd June 2025, 8:55 am

എന്റെ സിനിമകളില്‍ ആ സൂപ്പര്‍സ്റ്റാറിനെ കാണാന്‍ ഇഷ്ടമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്; അതൊരു മാജിക്കാകാം: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് സത്യന്‍ അന്തിക്കാട് – ജയറാം എന്നിവരുടേത്. ജയറാമിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാക്കിയതില്‍ സത്യന്‍ അന്തിക്കാട് വഹിച്ച പങ്ക് ചെറുതല്ല. മഴവില്‍ കാവടി, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തലയണമന്ത്രം തുടങ്ങിയ പ്രേക്ഷകപ്രിയ ചിത്രങ്ങള്‍ ഈ കോംബോയില്‍ പിറന്നിട്ടുണ്ട്.

തന്റെ സിനിമകളില്‍ ജയറാമിനെ കാണാന്‍ ഇഷ്ടമാണെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം തരാന്‍ തനിക്ക് കഴിയില്ലെന്നും എന്നാല്‍ അതൊരു മാജിക്കാകാമെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകളില്‍ ജയറാമിനെ കാണാന്‍ ഇഷ്ടമാണെന്ന് എന്നോട് തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ കൃത്യമായൊരുത്തരം നല്‍കാനറിയില്ല. അതൊരു മാജിക്കാകാം. ഞങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം സിനിമകള്‍ക്ക് ഗുണം ചെയ്യുന്നുണ്ടാകും.

ലളിതച്ചേച്ചി പറയാറുണ്ട് ‘സത്യന്‍ സീന്‍ വിവരിക്കുമ്പോള്‍ അഭിനയിച്ചു കാണിക്കാറില്ല. പക്ഷെ സത്യന്‍ വായിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസിലാകും’ എന്ന്. ജയറാമിനും അത് പിടികിട്ടുന്നുണ്ടാകും.

മോണിറ്ററുണ്ടെങ്കിലും ക്യാമറക്ക് പിന്നില്‍ നിന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത്. എന്റെ അഭിനേതാക്കളുടെ പ്രകടനം നേരിട്ട് അടുത്തുനിന്ന് കാണാനാണ് എനിക്കിഷ്ടം. അതിന്റെയെല്ലാം നേട്ടം സീനുകള്‍ക്ക് ലഭിക്കുന്നുണ്ടാകും,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talks About Jayaram

We use cookies to give you the best possible experience. Learn more