| Tuesday, 21st January 2025, 8:22 pm

സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ആ നടന്‍ കടന്നുവരാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ എന്നിവരുടേത്. കുടുംബപ്രേക്ഷര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാന്‍ ഇവരുടെ സിനിമകള്‍ക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്പ്, ടി.പി. ബാലഗോപാലന്‍ എം. എ തുടങ്ങിയ മികച്ച സിനിമകള്‍ ഇരുവരും അണിയിച്ചൊരുക്കി.

ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ബാലഗോപാലന്‍ എം. എ. എന്ന ചിത്രത്തിലൂടെയാണ് തന്റെ സംവിധാന ജീവിതത്തിന്റെ രണ്ടാമധ്യായം തുടങ്ങുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. താന്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ ചിത്രത്തിലൂടെ ആണെന്നും ശ്രീനിവാസനും മോഹന്‍ലാലും ക്യാമറാമാന്‍ വിപിന്‍ മോഹനും ചേര്‍ന്നുള്ള ടീം രൂപപ്പെടുന്നതും എപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.

അന്നുമുതല്‍ ഇന്നുവരെ ആ സൗഹൃദത്തിന്റെ ഇഴയടുപ്പം കൂടിയിട്ടേയുള്ളുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങളിലും എഴുതുന്ന ലേഖനങ്ങളിലുമൊക്കെ ശ്രീനിവാസനെക്കുറിച്ച് ഒരുപാട് തവണ പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ കടന്നുവരാത്ത ഒരു ദിവസവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ടി.പി. ബാലഗോപാലന്‍ എം. എ. എന്ന ചിത്രത്തിലൂടെയാണ് എന്റെ സംവിധാന ജീവിതത്തിന്റെ രണ്ടാമധ്യായം തുടങ്ങുന്നത്. ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നത്. ശ്രീനിയും മോഹന്‍ലാലും ക്യാമറാമാന്‍ വിപിന്‍ മോഹനും എന്നോടൊപ്പം ചേര്‍ന്നുള്ള ഒരു ടീം രൂപപ്പെടുന്നത്. അന്നുമുതല്‍ ഇന്നുവരെയുള്ള യാത്രയില്‍ സൗഹൃദത്തിന്റെ ഇഴയടുപ്പം കൂടിയിട്ടേയുള്ളൂ.

അഭിമുഖങ്ങളിലും എഴുതുന്ന ലേഖനങ്ങളിലുമൊക്കെ ശ്രീനിവാസനെക്കുറിച്ച് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ശ്രീനി കടന്നുവരാത്ത ദിവസങ്ങളില്ല. അത്രയേറെ എന്റെ ജീവിതവുമായി ശ്രീനി ചേര്‍ന്നുനില്‍ക്കുന്നു. ഞങ്ങള്‍ കലഹിച്ചിട്ടുണ്ട്. തിരക്കഥ ചര്‍ച്ചകള്‍ക്കിടയില്‍ മാത്രം.ഒരു ദിവസത്തിനപ്പുറം ആ ദേഷ്യം നീണ്ടുനിന്നിട്ടില്ല,’ സത്യന്‍ അന്തിക്കാട്.

Content Highlight: Sathyan Anthikkad talks about his friendship with Sreenivasan

We use cookies to give you the best possible experience. Learn more