| Sunday, 1st June 2025, 10:37 pm

ആ സിനിമയില്‍ ഫഹദ് വില്ലന്മാരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ നമുക്കും പേടി തോന്നും, വല്ലാത്തൊരു സ്‌ക്രീന്‍ പ്രസന്‍സാണ് അയാള്‍ക്ക്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. നാടോടിക്കാറ്റ്, വരവേല്പ്, സന്ദേശം തുടങ്ങി ക്ലാസിക് ചിത്രങ്ങളുടെ അമരക്കാരനാണ് സത്യന്‍ അന്തിക്കാട്.

മലയാളികളുടെ ഇഷ്ടതാരമായ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഷൂട്ട് ചെയ്ത സമയത്ത് താന്‍ ഫഹദിന്റെ ഫാനായി മാറിയെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. വളരെ മികച്ച പ്രകടനമാണ് ഫഹദിന്റേതെന്നും സിനിമയോട് അടങ്ങാത്ത പാഷനാണ് അയാള്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ക്കേ തനിക്ക് ഫഹദിനെ അറിയാമെന്നും അയാളോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ നല്ല അനുഭവമാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. സാധാരണക്കാരനായി തോന്നുന്ന നടനാണ് ഫഹദെന്നും എന്നാല്‍ വരത്തന്‍ എന്ന സിനിമയില്‍ അയാള്‍ തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്ലൈമാക്‌സില്‍ വില്ലന്മാരെ നോക്കുന്ന സീന്‍ കാണുമ്പോള്‍ നമുക്കും പേടി തോന്നുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴത്തെ യുവനടന്മാരില്‍ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. ദുല്‍ഖറിന്റെ കൂടെ ഒരൊറ്റ സിനിമയില്‍ മാത്രമേ വര്‍ക്ക് ചെയ്തുള്ളൂ. അതില്‍ തന്നെ അയാളുടെ കഴിവ് മനസിലായി. അടുത്ത വീട്ടിലെ പയ്യനായാണ് എനിക്ക് ദുല്‍ഖറിനെ തോന്നിയത്. അതുപോലെ തന്നെ ഫഹദ് ഫാസില്‍. അയാളുമായിട്ട് രണ്ട് സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ ഈ രണ്ട് പടത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ തന്നെ ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനായി മാറി. എന്ത് രസമായാണ് അയാള്‍ കഥാപാത്രത്തിലേക്ക് മാറുന്നത്. എനിക്ക് ഷാനുവിനെ അയാളുടെ കുട്ടിക്കാലം തൊട്ട് അറിയാം. സിനിമയോട് അടങ്ങാത്ത പാഷനുള്ളയാളാണ് ഫഹദെന്ന് സംശയമില്ലാതെ പറയാനാകും.

കാണുമ്പോള്‍ വെറുമൊരു സാധാരണക്കാരനായി തോന്നും. പക്ഷേ, ക്യാമറക്ക് മുന്നില്‍ അയാള്‍ അത്ഭുതപ്പെടുത്തും. വരത്തന്‍ എന്ന പടത്തിന്റെ ക്ലൈമാക്‌സില്‍ വില്ലന്മാരെ ഫഹദ് നോക്കുമ്പോള്‍ നമുക്കും പേടി തോന്നും. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സാണ് ഫഹദിന്. അത് എടുത്തുകാണിക്കുന്ന ഒരുപാട് സിനിമകളുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad saying about Fahadh Faasil’s performance in Varathan movie

We use cookies to give you the best possible experience. Learn more