മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ സിനിമകളിൽ ഒന്നാണ് വരവേൽപ്പ്. മോഹൻലാൽ, രേവതി, ശ്രീനിവാസൻ, മുരളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നടൻ തിക്കുറിശിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
മകൾ മരിച്ച വിഷമത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്ലാൻ ചെയ്തൊരുക്കിയ കഥാപാത്രമാണ് വരവേൽപ്പിലെ ഗോവിന്ദൻ നായരെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. ക്യാമറാമാൻ വിപിൻ മോഹന്റെ ബന്ധുവായിരുന്നു അദ്ദേഹമെന്നും സിനിമയിൽ ജീവിക്കുന്ന പലർക്കും ഈ കല ഒരു മരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിനിമയിൽ ജീവിക്കുന്നവർക്ക് ഈ കല ഒരു മരുന്നുകുറിപ്പടിയാണ്. എത്ര തളർന്നിരുന്നാലും മാറി നിന്നാലും ജീവിതത്തിൻ്റെ കരയിലേക്കെത്തിക്കുന്ന മരുന്ന്. സിനിമയിലേക്ക് വരുമ്പോൾ എല്ലാ സങ്കടങ്ങളും അവർ താത്ക്കാലത്തേക്ക് മറന്നു പോകും.
‘വരവേൽപ്പ്’ ഷൂട്ട് തുടങ്ങി, വിപിൻ മോഹനായിരുന്നു ക്യാമറാമാൻ. അദ്ദേഹത്തിൻ്റെ ബന്ധുവായിരുന്നു തിക്കുറിശിച്ചേട്ടൻ. ചേട്ടൻ്റെ മകൾ കനകശ്രീ ഒരു അപകടത്തിൽ മരിച്ചു പോയി. അതോടെ വലിയ മാനസിക സംഘർഷത്തിലായി അദ്ദേഹം. ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് മാറി വീട്ടിൽ അടച്ചിരിക്കുകയാണ്.
ഇത് വിപിൻമോഹൻ പറഞ്ഞപ്പോൾ ഞാനും ശ്രീനിയും മോഹൻലാലും കുടി ആലോചിക്കുകയാണ്, ചേട്ടനെ ഒന്നു വീടിനു പുറത്തേക്ക് കൊണ്ടുവരണം. അതിനായി ഉണ്ടാക്കിയ കഥാപാത്രമാണ് ഗോവിന്ദൻ നായർ. ആകെ മൂന്നു സീനേ ഉള്ളൂ. മോഹൻലാലിൻ്റെ മുൻഗാമിയായ ആൾ. സിനിമയുടെ വെളിച്ചത്തിൽ ജീവിതത്തിലെ ഇരുട്ട് മറന്നു പോയ എത്രയോ പേർ. ഒടുവിൽ ഉണ്ണികൃഷ്‌ണൻ. കെ.പി.എ.സി ലളിത അങ്ങനെ ഒരുപാടുപേർ..,’ സത്യൻ അന്തിക്കാട്.
Content Highlight: Sathyan Anthikkad About Varavelp Movie Casting