| Sunday, 12th January 2025, 3:07 pm

അയാൾ ചാൻസ് ചോദിച്ച് ശല്യം ചെയ്തപ്പോൾ ജയറാമിന്റെ അനിയന്റെ വേഷം തരാമെന്ന് ശ്രീനി പറഞ്ഞു: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി.

ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. സിനിമയിലെ ചില രംഗങ്ങൾ ജീവിതത്തിലും പ്രവർത്തികമാക്കുന്ന വ്യക്തിയാണ് ശ്രീനിയെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ഒരിക്കൽ ഷൂട്ടിനിടയിൽ ഒരാൾ ചാൻസ് ചോദിച്ച് ശല്യം ചെയ്തപ്പോൾ അയാൾക്ക് ജയറാമിന്റെ അനിയന്റെ വേഷം നൽകാമെന്ന് ശ്രീനിവാസൻ പറഞ്ഞെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

ചാൻസ് ചോദിച്ച് തന്നെ ശല്യം ചെയ്തപ്പോൾ തിരക്കഥയെഴുതുന്ന ശ്രീനിവാസനാണ് സിനിമയിലെ കാസ്റ്റിങ് തീരുമാനിക്കുന്നതെന്ന് അയാളോട് പറഞ്ഞത് താനാണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈലിനോട് മാഗസിനോട്  സംസാരിക്കുകയിരുന്നു അദ്ദേഹം.

‘അന്ന് ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഒരു ചെറുപ്പക്കാരൻ ക്യാമറയ്ക്കുപിന്നിൽനിന്ന് എന്നോട് ചാൻസ് ചോദിക്കാൻ തുടങ്ങി. അവസരം ചോദിക്കാനെത്തുന്നവരോട് അന്നൊന്നും രൂക്ഷമായി മറുപടി പറയാറില്ല. ഓരോ ഷോട്ടു കഴിയുമ്പോഴും അയാൾ എന്റെ അടുത്തുവരും. ഒടുവിൽ ഞാൻ പറഞ്ഞു.

സുഹൃത്തേ, ഞാനല്ല ഇതൊക്കെ തീരുമാനിക്കുന്നത്. ശ്രീനിവാസനാണ് തിരക്കഥാകൃത്ത്. ശ്രീനിയാണ് തീരുമാനിക്കുന്നത് അദ്ദേഹമെഴുതുന്ന കഥാപാത്രങ്ങളെ ആരൊക്കെ അഭിനയിക്കണമെന്ന് ശ്രീനിക്കാണ് അറിയുക. ഈ സിനിമയിൽ ഇനി പുതിയ കഥാപാത്രങ്ങളൊന്നുമില്ല. പിന്നീടയാളെ കണ്ടില്ല. ഒന്നുരണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, ഒരു ടാക്സികാർ ലൊക്കേഷനിൽ വന്നുനിൽക്കുന്നു.

ശ്രീനിവാസനും നേരത്തെ കണ്ട ചെറുപ്പക്കാരനും ഇറങ്ങിവരുന്നു. മുറിയിൽ അടച്ചിട്ടിരുന്ന് എഴുതാൻ പോകുന്നു എന്ന് പറഞ്ഞ ശ്രീനിവാസനെ കണ്ട് ഞാനൊന്ന് അമ്പരന്നു. വളരെ ഗൗരവത്തിൽ, കൂടെ വന്ന ചാൻസ് മോഹിയെ മുന്നിലേക്ക് നിർത്തി ശ്രീനി പറഞ്ഞു. ഈ പടത്തിൽ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്നല്ലേ നിങ്ങൾ പറഞ്ഞത്. ദേ ഇയാളെ ജയറാമിൻ്റെ അനിയനായി അഭിനയിപ്പിക്കണം. പുതിയ കഥാപാത്രമാണ്. ചിത്രത്തിൽ ഉടനീളമുണ്ടാകും.

ചെറുപ്പക്കാരൻ പ്രതീക്ഷയോടെ നിൽക്കുകയാണ്. ഞാൻ ശ്രീനിയെ മാറ്റിനിർത്തി ചോദിച്ചു, എന്താണിത്? പിന്നല്ലാതെ? എന്നെ മുറിയിലിരുന്ന് എഴുതാൻ സമ്മതിക്കുന്നില്ല. ഞാൻ പറഞ്ഞാൽ റോൾ ഉറപ്പാണെന്ന്, സംവിധായകൻ പറഞ്ഞെന്നു പറഞ്ഞ് കാലുപിടിത്തം, കരച്ചിൽ. എന്നെയിട്ട് വട്ടുപിടിപ്പിക്കുന്നു. സഹികെട്ടപ്പോൾ എന്നാൽ പിന്നെ നിങ്ങളുടെ മുഖംമൂടി ഒന്ന് പൊളിച്ചേക്കാമെന്ന് വിചാരിച്ച് ടാക്‌സിയും വിളിച്ച് വന്നതാണ്. അതാണ് ശ്രീനി. സിനിമയിൽ മാത്രമല്ല, ഇത്തരം രംഗങ്ങൾ ജീവിതത്തിലും പ്രയോഗിക്കും,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Sreenivasan’s Humor Sens

We use cookies to give you the best possible experience. Learn more