മലയാളികളുടെ ഇഷ്ടസംവിധായകനാണ് സത്യന്‍ അന്തിക്കാട്. 50ലധികം ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സത്യന്‍ അന്തിക്കാട് ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ട ചോയ്‌സാണ്. സമകാലികരായ പല സംവിധായകരും കാലത്തിനൊത്ത് അപ്‌ഡേറ്റാകാന്‍ സാധിക്കാതെ പോയപ്പോള്‍ പഴയ ഫോര്‍മുലയിലുള്ള സിനിമകള്‍ തന്നെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയപൂര്‍വമാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ പ്രൊജക്ട്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു പ്രൊജക്ടിനായി ഒന്നിക്കുന്നത്. കൊച്ചിയിലും പൂനെയിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്. ചിത്രത്തിലെ നായികമാരെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. രണ്ട് നായികമാരുണ്ടെങ്കിലും ഇതൊരു പ്രണയചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ ലീഡിങ് സ്ത്രീ കഥാപാത്രങ്ങളാണ് മാളവിക മോഹനനും സംഗീതയുമെന്നും കഥയില്‍ വലിയൊരു പങ്കുള്ളവരാണ് ഇരുവരുമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. സംഗീത അതിമനോഹരമായിട്ടാണ് ചിത്രത്തില്‍ പെര്‍ഫോം ചെയ്തതെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് വേണ്ടി മലയാളത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘മാളവിക മോഹനനും സംഗീതയുമാണ് ഈ പടത്തിലെ നായിക കഥാപാത്രങ്ങള്‍. എന്നുവെച്ച് ഇതൊരു പ്രണയകഥയൊന്നുമല്ല. പടത്തിലെ രണ്ട് ലീഡിങ് സ്ത്രീ കഥാപാത്രങ്ങളാണ് അവര്‍. ലാലു അലക്‌സ്, സിദ്ദിഖ് എന്നിവരും ഈ സിനിമയിലുണ്ട്. പൂനെയിലാണ് ഈ പടത്തിന്റെ കഥ കൂടുതലും നടക്കുന്നത്. അവിടെ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് മാളവികയുടേത്.
ഹിന്ദിയും ഇംഗ്ലീഷും മറാത്തിയുമൊക്കെ സംസാരിക്കുന്ന കഥാപാത്രമാണ് അവരുടേത്. മലയാളിയാണെങ്കിലും അവര്‍ക്ക് ഈ ഭാഷകളൊക്കെ അറിയാം. സിങ്ക് സൗണ്ടിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. മാളവികയുടെ ഡയലോഗ് കേട്ടിരിക്കാന്‍ നല്ല രസമാണ്. സിങ്ക് സൗണ്ടില്‍ സിനിമ ചെയ്തത് നല്ല ഒരു എക്‌സ്പീരിയന്‍സാണ്. സംഗീതയും അതിമനോഹരമായി പെര്‍ഫോം ചെയ്തിട്ടുണ്ട്.
മലയാളസിനിമയില്‍ സംഗീതക്ക് വേണ്ടി ഒരുപാട് അവസരങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. നായികവേഷങ്ങളില്‍ നിന്ന് മാറി പെര്‍ഫോമന്‍സ് വാല്യുവുള്ള സിനിമകള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന നടിയാണ് അവര്‍. സംഗീതയുടെ കൂടെ ആദ്യമായാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമളയുടെ സമയത്ത് ചെറുതായി പരിചയപ്പെട്ടിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ പടത്തില്‍ നിങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്ന്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad about Sangeetha’s performance in Hridayapoorvam movie