| Saturday, 1st February 2025, 11:36 am

ഇന്നത്തെ സത്യൻ അന്തിക്കാട് ഉണ്ടായത് ആ നടൻ കാരണമാണ്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി.

ടി.പി ബാലഗോപാലൻ എം.എ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. മുത്താരംകുന്ന് പി.ഒ എന്ന സിനിമ കണ്ടപ്പോഴാണ് ശ്രീനിവാസൻ എന്ന എഴുത്തുകാരനെ കുറിച്ച് മനസിലായതെന്നും ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ താൻ പിന്നീട് ശ്രീനിവാസന് ഒരു ടെലിഗ്രാം അയച്ചെന്നും സത്യൻ അന്തിക്കാട് പറയുന്നു.

ശേഷം നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമ ഉണ്ടാവുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ശ്രീനിവാസൻ ഇല്ലെങ്കിൽ ഇന്നത്തെ സത്യൻ അന്തിക്കാട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനിവാസനില്ലെങ്കിൽ ഇന്നത്തെ ഞാനില്ല
– സത്യൻ അന്തിക്കാട്

‘ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ശ്രീനിവാസനില്ലെങ്കിൽ ഇന്നത്തെ ഞാനില്ല. മുത്താരംകുന്ന് പി.ഒ. എന്ന സിനിമയുടെ പ്രിവ്യൂ ഷോ കണ്ടപ്പോൾ ഞാനേറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിലെ സംഭാഷണങ്ങളായിരുന്നു. പടം കഴിഞ്ഞ ഉടനെ പുറത്ത് ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്നിരുന്ന ശ്രീനിവാസനെ തേടിപ്പിടിച്ച് ഞാൻ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

അതിലെ ഓരോ ഡയലോഗുകളും ഓർത്തെടുത്തു പറഞ്ഞു. ശ്രീനി അതൊക്കെ കേട്ട് ചെറിയൊരു ചിരിയോടെ നിന്നതേയുള്ളൂ. ഒരുമിച്ചൊരു പടം ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. പിന്നീട് ടി.കെ.ബാലചന്ദ്രനുവേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ ശ്രീനിവാസനെക്കുറിച്ച് ആലോചിച്ചു. നെടുമുടി വേണുവാണ് മേൽവിലാസം തന്നത്. തലശ്ശേരിയിൽ കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടിയിലെ ഒരു വീടിന്റെ അഡ്രസ്.

എനിക്കും ശ്രീനിക്കും അന്ന് ഫോണില്ല. രണ്ടും കല്പിച്ച് ഞാനൊരു ടെലിഗ്രാം ചെയ്തു‌. കൃത്യമായി ശ്രീനിക്കത് കിട്ടി. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെത്തി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പേ ശ്രീനി പറഞ്ഞു, ഞാനൊരു എഴുത്തുകാരനൊന്നുമല്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ ഒരു തിരക്കഥ എഴുതാൻ കഴിയുമെന്നും ഉറപ്പില്ല. ഒന്ന് കണ്ടു സംസാരിച്ചിട്ട് പോകാമെന്നേ കരുതിയിട്ടുള്ളൂ’.

ആ സത്യസന്ധത എന്റെ മനസിനെ തൊട്ടു. ഞാൻ പറഞ്ഞു, ‘ഞാനും അത്രയേ വിചാരിച്ചിട്ടുള്ളൂ. നമുക്കൊന്നു ശ്രമിച്ചുനോക്കാം’. എന്നിട്ട് മനസിലുള്ള ഒരാശയം പറഞ്ഞു. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരൻ. മാസശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നൊരു പാവം. ഏതാണ്ട് അതേ അവസ്ഥയിലുള്ള ഒരു പെൺകുട്ടി അവരുടെ ജീവിതം. അതിൽ കഥയൊന്നുമില്ല. പക്ഷേ, അന്നത്തെ ചെറുപ്പക്കാരുടെ ഒരു അവസ്ഥയുണ്ട്.

‘ഈ വിഷയത്തിൽനിന്നൊരു കഥയുണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം’. സംസാരിച്ച്, സംസാരിച്ച് ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് അതിൽ ഒരുപോലെ മുഴുകിപ്പോയി. ഒടുവിൽ ശ്രീനി പറഞ്ഞു, ‘ഇത് നമുക്കു ചെയ്യാം’. അതാണ്, ടി.പി. ബാലഗോപാലൻ എം.എ,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About role  Of Sreenivasan in His Life

We use cookies to give you the best possible experience. Learn more