| Tuesday, 21st January 2025, 8:03 am

കുടുംബത്തിന് താത്പര്യമില്ല, അഭിനയിക്കുന്നില്ല എന്ന് എന്നോട് പറഞ്ഞ ആ നടി പിന്നെ ബോളിവുഡ് വരെയെത്തി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡയാന കുര്യൻ എന്ന മലയാളി പെൺകുട്ടിയിൽ നിന്ന് ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കുള്ള നടിയായി മാറിയ വ്യക്തിയാണ് നയൻ‌താര.

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ നയൻ‌താര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്ലെല്ലാം ഭാഗമായി. മനസ്സിനക്കരെ എന്ന സിനിമയിലേക്ക് നയൻതാരയെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്.

ആദ്യമായി വിളിച്ചപ്പോൾ താനാരാണെന്ന് നയൻതാരയ്ക്ക് മനസിലായില്ലെന്നും ഫാമിലിയിൽ ചിലർക്ക് ഇഷ്ടമില്ലാത്തതിനാൽ അഭിനയിക്കാൻ താത്പര്യം ഇല്ലായെന്നാണ് അന്ന് പറഞ്ഞതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ നയൻതാരയെ നായികയായി ഉറപ്പിച്ചിരുന്നുവെന്നും ഡയാന കുര്യൻ എന്ന പേര് മാറ്റിയത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോറി സർ അഭിനയിക്കുന്നില്ല. ചില ബന്ധുക്കൾക്ക് താത്പര്യമില്ല, നയൻതാരയുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ഞെട്ടി
– സത്യൻ അന്തിക്കാട്

‘കൊച്ചു ത്രേസ്യ എന്ന റോൾ വലുതാണ്. എനിക്ക് പറ്റുമോ എന്ന് സംശയമുണ്ട്. ഒരു പുതുമുഖമാണെന്ന രീതിയിൽ സത്യൻ എന്നെ കണ്ടാൽ മതിയെന്നാണ് ഷീല ചേച്ചി അന്ന് പറഞ്ഞത്. അതോടെ ഷൂട്ട് തുടങ്ങി. ഒരു നായിക വേണം. ആരെയെങ്കിലും കിട്ടുമെന്നു കരുതി പക്ഷേ, പല കുട്ടികളെ നോക്കിയെങ്കിലും ആരെയും ഉറപ്പിക്കാനാകുന്നില്ല.

ആയിടയ്ക്ക് വനിതയിൽ ഒരു ജ്വല്ലറിയുടെ പരസ്യം കണ്ടു. നല്ല ഭംഗിയുള്ള പെൺകുട്ടി. വനിതയുടെ കവർ ഗേൾ ആയി വന്ന ഡയാന കുര്യനാണ് അതെന്നറിഞ്ഞു. നമ്പർ എടുത്ത് വിളിച്ചു. സത്യൻ അന്തിക്കാടാണെന്നു പറഞ്ഞപ്പോൾ, ‘ആര്?’ എന്ന ചോദ്യമായിരുന്നു മറുപടി ‘സംവിധായകൻ സത്യൻ അന്തിക്കാടാണ്. സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടോ?’ എന്നു വീണ്ടു ചോദിച്ചപ്പോൾ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോൾ കട്ട് ചെയ്‌തു. അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ചു.

പിറ്റേന്ന് അച്ഛനും അമ്മയുമായി ഒരു പച്ചമാരുതി കാറിൽ ഡയാന കുര്യനെത്തുന്നു. ബോൾഡായ പെൺകുട്ടി, ധൈര്യമുള്ള മുഖം അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പൻ വിഡിയോ ഷൂട്ട് ചെയ്‌തു. എല്ലാവർക്കും ഇഷ്ടമായി. നായികയായി ഉറപ്പിച്ചു. പിറ്റേന്ന് വിവരം പറയാൻ വിളിച്ചു കിട്ടിയില്ല പുലർച്ചെ മൂന്നു മണിയായപ്പോൾ എനിക്ക് കോൾ വരുന്നു. ‘സർ ഡയാനയാണ്. ഇപ്പോഴാണ് കോൾ കണ്ടത്. ഉറക്കം വിട്ട് ഞാൻ പറഞ്ഞു. ‘നായികയാണ്, നാളെത്തന്നെ പോരൂ’. പക്ഷേ, ഉത്തരം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി ‘സോറി സർ അഭിനയിക്കുന്നില്ല. ചില ബന്ധുക്കൾക്ക് താത്പര്യമില്ല.’

ഇതു കേട്ടതും ഞാൻ പറഞ്ഞു, ‘രണ്ടു തെറ്റാണ് ഡയാന ചെയ്‌തത്. ഒന്ന് വെളുപ്പിനെ മുന്നു മണിക്ക് വിളിച്ച് എഴുന്നേൽപിച്ചു. പിന്നെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ്. ഡയാനയ്ക്കും അച്‌ഛനും അമ്മയ്ക്കും ഇഷ്‌ടമാണെങ്കിൽ നാളെ വരൂ.’

ഡയാന എത്തി. കുറച്ചു ദിവസം ഷൂട്ടിങ് കണ്ടു. പിന്നെ അഭിനയിക്കാൻ തുടങ്ങി. ഒരു ദിവസം കാറിൽ ലൊക്കേഷനിലേക്കു പോകുമ്പോൾ ഒരു സിനിമയുടെ പോസ്റ്റ‌ർ കണ്ടു. ഡയാന. പ്രായപൂർത്തിയായവർക്കുള്ള സിനിമ. ഡയാനയെന്ന പേര് മാറ്റിയാലോ എന്നു ഞാൻ ചോദിച്ചു, മുന്ന് പേര് എഴുതി കൊടുത്തു. അതിൽ നിന്ന് തെരഞ്ഞെടുത്തു. നയൻതാര. അർത്ഥം എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തു. നക്ഷത്രം പോലെ കണ്ണുള്ളവൾ,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Nayanthara

We use cookies to give you the best possible experience. Learn more