| Saturday, 25th January 2025, 10:22 pm

ആ മോഹൻലാൽ ചിത്രത്തിന്റെ ഒരു സീനിലും എനിക്കും ശ്രീനിക്കും ചിരി വന്നില്ല, ശ്രീനി മൂഡൗട്ടായി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സാധാരണ മലയാളിയുടെ ജീവിതമാണ് വരച്ച് കാട്ടിയത്.

ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ചിത്രത്തിൽ തിലകൻ, ശോഭന, ഇന്നസെന്റ് തുടങ്ങിയ മലയാളത്തിലെ മികച്ച അഭിനേതാക്കളും ഒന്നിച്ചിരുന്നു.

നാടോടിക്കാറ്റിന്റെ എഡിറ്റഡ് വേർഷൻ ആദ്യമായി കണ്ടപ്പോൾ തനിക്കും ശ്രീനിവാസനും ചിരി വന്നില്ലെന്നും ശ്രീനിവാസനാകെ മൂഡൗട്ട് ആയെന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ സിനിമ തിയേറ്ററിൽ നന്നായി വർക്കാവുമെന്ന് താൻ ശ്രീനിവാസന് ധൈര്യം നൽകിയെന്നും സത്യൻ കൂട്ടിച്ചേർത്തു.

‘വൈശാഘ സന്ധ്യ, കരകാണാ കടലല മേലേ എന്നീ രണ്ട് പാട്ടുകളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. യൂസഫലിയുടെ വരികൾക്ക് ശ്യാമായിരുന്നു സംഗീതമൊരുക്കിയത്. ഞാൻ പാട്ടെഴുതിയ കാലത്ത് കുറെ നല്ല പാട്ടുകൾ ഞങ്ങളൊരുക്കിയിരുന്നു. പാട്ടിനൊപ്പം റീറെക്കോഡിങ്ങിൽ ശ്യാമിനെ നന്നായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു എന്റെ പ്ലാൻ.

ചിത്രത്തിലെ കരകാണാ കടലല മേലെ എന്ന ഗാനം ദുബായിലേക്ക് ലോഞ്ച് കയറുന്ന ദാസനും വിജയനും ഉരുവിലിരുന്ന് താളമടിച്ച് പാടുന്ന പാട്ടായി അവതരിപ്പിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. എന്നാൽ റെക്കോഡിങ് വേളയിൽ പശ്ചാത്തലസംഗീതത്തോടെ പാട്ട് കേട്ടപ്പോൾ മനസിലെ വിഷ്വൽസ് മാറി. അങ്ങനെയാണത് മണൽപ്പരപ്പിൽ ഐശ്വര്യം സ്വപ്നം കാണുന്നവരുടെ ഗാനമായി മാറിയത്.

മദ്രാസിലെ ബി.ജി.ടി. ഗാർഡൻസിലാണ് ആ ഗാനം ചിത്രീകരിച്ചത്. അങ്ങനെ പെർമിഷനെടുക്കാതെ മദ്രാസിലെ മൗണ്ട് റോഡിൽ ക്യാമറ ഒളിപ്പിച്ചാണ് ചിത്രത്തിലെ പല സീനും ഷൂട്ട് ചെയ്‌തത്. പലകാലങ്ങളിലായി ചിത്രീകരിച്ചതിനാൽ മൊത്തം സിനിമയുടെ ദൈർഘ്യം മൂന്നുമണിക്കൂറിലേറെയായി. ഒടുവിൽ കുറെ രസകരമായ സീനുകൾ കണ്ണടച്ച് വെട്ടിച്ചുരുക്കിയാണ് ചിത്രം ചെറുതാക്കിയെടുത്തത്.

ഒടുവിൽ ഞാനും ശ്രീനിയും സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബിൽ കാണാനിരുന്നു. എന്നാൽ ഒരു സീനിലും ഞങ്ങൾക്ക് ചിരി വന്നില്ല. പടം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ശ്രീനി മൂഡൗട്ടായി. ഞാൻ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും വായിച്ചപ്പോഴും എഡിറ്റ് ചെയ്‌തപ്പോളും നമ്മൾ ചിരിച്ചിട്ടുണ്ട്. നമ്മൾ ഇതിൻ്റെ കൂടെ ഒരുപാട് ചിരിച്ചിട്ടുണ്ട്. ഈ ചിത്രം ആദ്യമായി കാണുന്ന പ്രേക്ഷകർ എന്തായാലും ചിരിക്കും, എൻ്റെ ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ ശ്രീനിക്ക് ധൈര്യം പകർന്നു,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About First Impression Of Nadodikkatt

We use cookies to give you the best possible experience. Learn more