മോഹൻലാൽ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങി കഴിഞ്ഞ വർഷം വൻ വിജയം നേടിയ ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ വിജയകരമായ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയതെന്ന പ്രത്യേകത തന്നെ ചിത്രത്തോടുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
കുടുംബബന്ധങ്ങളും മനുഷ്യബന്ധങ്ങളുമെല്ലാം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിക്കുന്ന സത്യൻ അന്തിക്കാടിന്റെ ശൈലി ഒരിക്കൽ കൂടി പ്രേക്ഷകർ ഏറ്റെടുത്തുവെന്നതാണ് ഹൃദയപൂർവ്വം നേടിയ വലിയ വിജയം. മോഹൻലാൽ അവതരിപ്പിച്ച സന്ദീപ് എന്ന കഥാപാത്രവും, സംഗീത മാധവൻ, മാളവിക മോഹൻ, സംഗീത് പ്രതാപ്, എന്നിവരടങ്ങുന്ന താരനിരയുടെ പ്രകടനങ്ങളും സിനിമയെ വേറിട്ടൊരു അനുഭവമാക്കി.
റിലീസിന് പിന്നാലെ തന്നെ മോഹൻലാലും യുവതാരങ്ങളും തമ്മിലുള്ള കെമിസ്ട്രി സോഷ്യൽ മീഡിയയിലും പ്രേക്ഷക ചർച്ചകളിലും വലിയ ശ്രദ്ധ നേടി. പ്രത്യേകിച്ച് മോഹൻലാലും നായികമാരുമായുള്ള കോമ്പിനേഷൻ ഏറെ സംസാരവിഷയമായി.
ചിത്രത്തിലെ പ്രധാന ചർച്ചകളിലൊന്നായിരുന്നു സന്ദീപും നായികമാരുമായുള്ള പ്രണയബന്ധത്തിന്റെ അവതരണം. സിനിമയിൽ സന്ദീപിന് ഹരിതയോടുള്ള സ്നേഹം സൂക്ഷ്മമായി ചിത്രീകരിച്ചപ്പോൾ, പ്രായവും കാസ്റ്റിംഗും സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിരുന്നു. മാളവിക മോഹന്റെ അമ്മയായി സംഗീത മാധവനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായി. എന്നാൽ സിനിമയിലെ കാസ്റ്റിങ്ങിൽ ഒരു മാജിക്കുണ്ടെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
സത്യൻ അന്തിക്കാട് , സംഗീത് പ്രതാപ്, മോഹൻലാൽ , Photo: Sathyan Anthikad / Facebook
‘അവരുടെ കാസ്റ്റിങ്ങിൽ ഒരു മാജിക്കുണ്ട്. സംഗീതയെ സ്‌ക്രീനിൽ നിർത്തുമ്പോൾ, അവൾക്ക് വേണമെങ്കിൽ മോഹൻലാലിനെ പ്രണയിക്കാമെന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാകും. അതുപോലെ, മാളവിക അവതരിപ്പിക്കുന്ന ഹരിതയെ നിർത്തുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച സന്ദീപിന് അവളോട് മോഹം തോന്നിയേക്കാം,’ സത്യൻ അന്തിക്കാട് പറഞ്ഞു.
ഹൃദയപൂർവ്വം, Photo: IMDb
സിനിമയിൽ പ്രേക്ഷകർ ഏറെ സ്വീകരിച്ച മറ്റൊരു കൂട്ടുകെട്ടായിരുന്നു മോഹൻലാലും സംഗീത് പ്രതാപുമായുള്ളത്. താരപരിവേഷങ്ങളില്ലാതെ സ്വാഭാവികമായി അഭിനയിക്കുന്ന മോഹൻലാലിനൊപ്പം, യുവതലമുറയുടെ കോമഡി ബ്രാൻഡ് അംബാസഡറായ സംഗീത് പ്രതാപ് ചേർന്നപ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് ഉയർന്നുവെന്നാണ് വിലയിരുത്തൽ.
കൊച്ചിയിൽ ക്ലൗഡ് കിച്ചൻ നടത്തുന്ന അവിവാഹിതനായ സന്ദീപ് ബാലകൃഷ്ണന്റെ ജീവിതകഥയാണ് ഹൃദയപൂർവ്വം പറയുന്നത്. ഹൃദയ സംബന്ധമായ തകരാറുകളെ തുടർന്ന് സന്ദീപിന് പൂനെ സ്വദേശിയായ കേണൽ രവീന്ദ്രനാഥിന്റെ ഹൃദയം മാറ്റിവയ്ക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ആ ഹൃദയശസ്ത്രക്രിയ സന്ദീപിന് നൽകുന്നത് പുതിയ ഹൃദയമിടിപ്പുകൾ മാത്രമല്ല, ആ ഹൃദയത്തെ തേടിയെത്തുന്ന ചില പ്രിയപ്പെട്ട മനുഷ്യരെയും കൂടിയായിരുന്നു എന്നതാണ് സിനിമയുടെ കേന്ദ്ര ആശയം.
Content Highlight: Sathyan Anthikad talk about the movie Hridayaporvam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.