നടനായത് കൊണ്ട് ശ്രീനിവാസനെന്ന എഴുത്തുകാരനെ ആഘോഷിച്ചില്ല; അദ്ദേഹം ശ്യൂന്യതയില്‍ നിന്ന് നര്‍മം ഉണ്ടാക്കും: സത്യന്‍ അന്തിക്കാട്
Malayalam Cinema
നടനായത് കൊണ്ട് ശ്രീനിവാസനെന്ന എഴുത്തുകാരനെ ആഘോഷിച്ചില്ല; അദ്ദേഹം ശ്യൂന്യതയില്‍ നിന്ന് നര്‍മം ഉണ്ടാക്കും: സത്യന്‍ അന്തിക്കാട്
ഐറിന്‍ മരിയ ആന്റണി
Sunday, 21st December 2025, 9:08 pm

ഒരു നടനായതുകൊണ്ട് ശ്രീനിവാസനെന്ന എഴുത്തുകാരനെ വേണ്ട വിധത്തില്‍ നമ്മള്‍ ആഘോഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ വിയോഗത്തില്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എപ്പോഴും മികച്ച തിരക്കഥാകൃത്തുക്കളെ പറ്റി പറയുമ്പോള്‍ ആ പേരുകളുടെ കൂട്ടത്തില്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രമെ ഉള്ളു. നേരെ മറിച്ച് ശ്രീനി ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ശ്രീനിവാസന്റെ സ്‌ക്രിപ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു.

കാരണം ശ്രീനിയെ പോലെ മനുഷ്യ ജീവിതത്തെ തൊട്ടറിഞ്ഞ, മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാക്കാന്‍, വേറേ ആരും ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ സാഹിത്യത്തിന്റെ മേമ്പൊടിയുണ്ടാകാറില്ല. തിരക്കഥ എന്നത് വേറൊരു സാഹിത്യശാഖ തന്നെയാണ്.

വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, തലയണമന്ത്രം, വരവേല്‍പ്പ്, നടോടിക്കാറ്റ് തുടങ്ങിയ സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയെന്നും ശ്യൂന്യതയില്‍ നിന്നും നര്‍മമുണ്ടാക്കുന്ന വ്യക്തിയാണ് ശ്രീനിവാസനെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

48 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനിന്ന ശ്രീനിവാസന്‍ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ സിനിമയില്‍ നിന്നെല്ലാം രണ്ട് വര്‍ഷത്തോളമായി വലിയ ഇടവേളയിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Content Highlight: Sathyan Anthikad says that we have not appreciated the writer Sreenivasan in the right way because he is an actor

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.