കേന്ദ്രാനുമതി ചരിത്രപ്രാധാന്യമുള്ള സ്ഥലം സന്ദർശിക്കാൻ; സതീശൻ യാത്ര പണപ്പിരിവിനുള്ളതാക്കി മാറ്റി: വിജിലൻസ്
Kerala
കേന്ദ്രാനുമതി ചരിത്രപ്രാധാന്യമുള്ള സ്ഥലം സന്ദർശിക്കാൻ; സതീശൻ യാത്ര പണപ്പിരിവിനുള്ളതാക്കി മാറ്റി: വിജിലൻസ്
ശ്രീലക്ഷ്മി എ.വി.
Wednesday, 7th January 2026, 12:33 pm

തിരുവനന്തപുരം: പുനർജനി പദ്ധതി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിദേശയാത്രയിൽ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി വിജിലൻസ്.

വി.ഡി സതീശൻ അനുമതി മാനദണ്ഡങ്ങൾ ലംഘിച്ചാണ് യാത്ര നടത്തിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ചരിത്ര പ്രാധാന്യമുള്ള സ്ഥലം സന്ദർശിക്കാനാണ് കേന്ദ്രം അനുമതി നൽകിയതെന്നും എന്നാൽ ഈ യാത്ര വിദേശ പണപ്പിരിവിന് വേണ്ടിയുള്ള യാത്രയാക്കി മാറ്റുകയിരുന്നെന്ന് വിജിലൻസ് കണ്ടെത്തി.

വി.ഡി സതീശൻ പണം പിരിച്ചതിന്റെ വീഡിയോ തെളിവുകളുണ്ടെന്നും വിജിലൻസ് പറഞ്ഞു.

11 മാസങ്ങൾക്ക് മുമ്പ് വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് കൊടുത്ത റിപ്പോർട്ടുകളിലെ വിവരങ്ങളാണ് പുറത്തുവരുന്നത്.

2018 നു ശേഷം വി.ഡി സതീശൻ കേന്ദ്രാനുമതിയോടെ യു.കെയിലേക്ക് നടത്തിയ യാത്ര സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുമായിരുന്നു.

എന്നാൽ സന്ദർശനത്തിനിടെ പുനർജനി പദ്ധതിക്ക് നേതൃത്വം നൽകുന്ന മണപ്പാട്ട് ഫൗണ്ടേഷന്റെ സി.ഇ.ഒയുമായി ചേർന്ന് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം.

അവിടെയുള്ള മലയാളികളോട് പണം ആവശ്യപ്പെടുന്ന വി.ഡി സതീശന്റെ വീഡിയോകളും വിജിലൻസ് കണ്ടെത്തിയിരുന്നു.

പിരിച്ച പണം വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെങ്കിലും പണപ്പിരിവ് നടത്തിയതിന് അദ്ദേഹത്തിന് കൃത്യമായ പങ്കുണ്ടെന്ന് വിജിലൻസ് പറയുന്നു.

ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് വിദേശ നാണയ വിനിമയ ചട്ടത്തിൽ കൂടുതൽ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണമാകാമെന്ന ശുപാർശ വിജിലൻസ് നൽകിയത്.

Content Highlight: Satheesan turned the trip into a fundraising event; Vigilance

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.