സര്‍ക്കാര്‍ ആശുപത്രികള്‍ വെന്റിലേറ്ററിലാണെന്ന് സതീശനും യൂത്ത് കോണ്‍ഗ്രസും നാഴികയ്ക്ക് നാൽപത് വട്ടം പറയുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍: വി. വസീഫ്
Kerala
സര്‍ക്കാര്‍ ആശുപത്രികള്‍ വെന്റിലേറ്ററിലാണെന്ന് സതീശനും യൂത്ത് കോണ്‍ഗ്രസും നാഴികയ്ക്ക് നാൽപത് വട്ടം പറയുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍: വി. വസീഫ്
നിഷാന. വി.വി
Sunday, 22nd February 2026, 1:14 pm

തിരുവനന്തപുരം: ഒരു വര്‍ഷം കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 12,63,23,933 ആണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്.

എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ആകെ ലഭിച്ച പരാതികള്‍ മാധ്യമങ്ങള്‍ പറയുന്ന കണക്ക് പ്രകാരം 47 എണ്ണമാണെന്നും വസീഫ് പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ക്ക് നേരെ 600 പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നിട്ടും സാധാരണക്കാരുടെയും തൊഴിലാളികളുടെയും ആശ്രയകേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികള്‍ വെന്റിലേറ്ററാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം സതീശനും യൂത്ത് കോണ്‍ഗ്രസും പറയുന്നത് കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സ്വന്തമാക്കിയ കോര്‍പറേറ്റുകള്‍ക്ക് സൗകര്യമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കാസ്പ്, കാരുണ്യ ബനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി 24.78 ലക്ഷം പേര്‍ക്ക് ആകെ 8425 കോടിയുടെ സൗജന്യ ചികിത്സ നല്‍കിയെന്നും കേരളം അമേരിക്കയേക്കാളും കുറഞ്ഞ ശിശുമരണ നിരക്കില്‍ എത്തിയെന്നും ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു.

എല്ലാ ജില്ലകളിലും ഹൃദ്‌രോഗ ചികിത്സയ്ക്കുള്ള കാത്ത് ലാബുകള്‍ സജ്ജമാക്കി. 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ജില്ലാ ആശുപത്രിയിലും അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലക്ഷങ്ങള്‍ കൊടുത്ത് ചികിത്സിക്കാന്‍ കഴിവില്ലാത്ത പാവങ്ങള്‍ക്ക് ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവിടെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണ്. അത് യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ആര്‍ക്കാണ് പൊള്ളുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഈ പ്രഹസന സമരങ്ങള്‍.

ചികിത്സ പിഴവുകള്‍ ഉണ്ടായ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികള്‍ എടുത്തിട്ടുമുണ്ട്.
ഈ സാഹചര്യം നിലനില്‍ക്കെ പൊതുജനാരോഗ്യ വകുപ്പിന്റെ ജനകീയ നേതൃത്വമായ മന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വെച്ച് സമരാഭാസം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ്,’ വി. വസീഫ് പറഞ്ഞു.

‘ഇരകള്‍ക്കൊപ്പമാണെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടും പ്രഹസന സമരവുമായി ഇറങ്ങുന്നവര്‍ ഒരുകാര്യം ഓര്‍ക്കണം, സാധാരണക്കാരുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ കേവല രാഷ്ട്രീയ ലാഭത്തിന് വേണ്ടി കരിവാരിത്തേച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഈ വഴിയൊരുക്കലിന് കാലം നിങ്ങളോട് കണക്കു ചോദിക്കാതിരിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Satheesan and Youth Congress are saying forty times an hour that government hospitals are on ventilators to pave the way for corporates; V. Wasif

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.