അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയായ ‘സര്‍വ്വംമായ‘ ദീര്‍ഘകാലം മലയാള സിനിമയുടെ ഹാബിറ്റബിള്‍ സോണില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട നിവിന്‍ പോളി എന്ന നായക കഥാപാത്രത്തിന്റെ തിരിച്ചുവരവായി മാത്രം കണ്ട് ചിരിച്ചു കളയാവുന്ന ഒരു സിനിമയായി കാണാനാവില്ല.
ബ്രാഹ്‌മണ്യത്തെ സര്‍ക്കാസത്തിലൂടെ വിമര്‍ശിക്കുന്ന ഒരു അത്യുഗ്രന്‍ സാമൂഹ്യ വിമര്‍ശനം കൂടി സിനിമയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പേര് പോലെ തന്നെ സര്‍വ്വം മായ എന്നതിലൂടെ സൂചിപ്പിക്കുന്നത് വിശ്വാസങ്ങളിലും വര്‍ത്തമാനകാല സാമൂഹിക കുടുംബ ബന്ധങ്ങളിലും എത്ര വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒന്നാണ് നിലനില്‍ക്കുന്ന ബ്രാഹ്‌മണിക കാഴ്ചപ്പാടുകള്‍ എന്നാണ്.

സര്‍വ്വംമായ
മനുഷ്യര്‍ അനാധികാലം മുതല്‍ക്കേ വിശ്വാസികളായി മാറിയിട്ടുണ്ട് എന്ന് ചരിത്രം സൂചിപ്പിക്കുന്നുണ്ട്. നാനാവിധങ്ങളായ വിശ്വാസങ്ങളും സംസ്‌കാരങ്ങളും ജീവിത രീതികളും ഉടലെടുക്കപ്പെട്ടിട്ടുള്ളതും ഇത്തരത്തില്‍ തന്നെയാണ്
സൂര്യനെയും ചന്ദ്രനെയും പ്രകൃതിദുരന്തങ്ങളെയും എല്ലാം വിശ്വാസത്തിന്റെ ഭാഗമായി പ്രാര്‍ത്ഥിക്കുകയും അതിന്റെ അനിഷ്ടങ്ങളില്‍ തീരാ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന മനുഷ്യര്‍
ഭക്തി എന്നതിനെ മനുഷ്യഹൃദയത്തിന്റെ ഏറ്റവും ആഴമേറിയ, സ്വകാര്യമായ തേടലായും ആത്മാവിനെ ശുദ്ധീകരിക്കാനും ജീവിതത്തിന് അര്‍ത്ഥം നല്‍കാനും ശ്രമിക്കുന്ന ഒരു നിശ്ശബ്ദ യാത്രയായുമാണ് പൊതുവേ പരിഗണിച്ചിരുന്നത്.
എന്നാല്‍ കമ്മ്യൂണിസത്തില്‍ നിന്നും അടിമ വ്യവസ്ഥയില്‍ നിന്നുമെല്ലാമുള്ള നിരന്തരമായ സാമൂഹിക മാറ്റം ഫ്യൂഡല്‍ ക്രമത്തിലേക്ക് എത്തിപ്പെടുന്നതോടെ മധ്യകാല ലോകത്ത് മതം എന്നത് വെറും ആത്മീയതയുടെ പാത മാത്രമല്ലെന്ന് വ്യക്തമാകും.
അത് അധികാരത്തിന്റെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി മാറിയിരുന്നു. വിഭവങ്ങള്‍ സമാഹരിക്കാനും സാമൂഹിക ക്രമം നിയന്ത്രിക്കാനും ജനങ്ങളെ ഭയത്തിന്റെയും വിധേയത്വത്തിന്റെയും ചങ്ങലകളില്‍ ബന്ധിക്കാനും ഉപയോഗിച്ച ഒരു രാഷ്ട്രീയ ആയുധമായി അത് പരിണമിച്ചു.
ഇന്ന് ശബരിമലയില്‍ നിന്ന് ഉയരുന്ന സ്വര്‍ണ്ണപ്പാളി വിവാദങ്ങളും, ‘സര്‍വ്വംമായ‘ എന്ന സിനിമയിലൂടെ പുറത്തുവരുന്ന വിമര്‍ശനങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല.
അവ നൂറ്റാണ്ടുകളായി ലോകമെമ്പാടും പൗരോഹിത്യ വര്‍ഗ്ഗം സമര്‍ത്ഥമായി നിര്‍മ്മിച്ചെടുത്ത ചൂഷണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും തുടര്‍ച്ചയാണ്.
ഈ അധികാര ഘടനയുടെ ചരിത്രം മധ്യകാല യൂറോപ്പിലെ കത്തോലിക്കാ സഭയില്‍ നിന്ന് തുടങ്ങി ഇന്ത്യയിലെ ബ്രാഹ്‌മണിക ഫ്യൂഡലിസം വരെ നീളുന്നു.
ഈ രണ്ട് സന്ദര്‍ഭങ്ങളും പരസ്പരം വ്യത്യസ്തമാണെങ്കിലും, അവയില്‍ ഒരു പൊതു രൂപരേഖ കാണാം. വിശ്വാസത്തെ മുന്‍നിര്‍ത്തി അധികാരവും സമ്പത്തും കേന്ദ്രീകരിക്കുന്നതാണത്.
മധ്യകാല യൂറോപ്പില്‍ കുരിശിന്റെ തണലില്‍ ഒരു സാമ്രാജ്യം തന്നെ നിലനിന്നിരുന്നു.
കത്തോലിക്കാ സഭ ദൈവത്തിനും മനുഷ്യനുമിടയിലെ ഏക ഇടനിലക്കാരനായി സ്വയം പ്രഖ്യാപിച്ചു. പുരോഹിതവര്‍ഗ്ഗം ആത്മീയതയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റി. പാപമോചനത്തിനുള്ള ‘ഇന്‍ഡള്‍ജന്‍സ്’ പത്രങ്ങള്‍ വിറ്റ് സഭ വന്‍ സമ്പത്ത് സമാഹരിച്ചു.പണം നല്‍കിയാല്‍ ഏത് കൊടുംപാപവും ദൈവം ക്ഷമിക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരുടെ കഷ്ടപ്പാടുകളില്‍ നിന്ന് പണം വത്തിക്കാനിലേക്ക് ഒഴുക്കി.
ബൈബിള്‍ ലാറ്റിന്‍ ഭാഷയില്‍ മാത്രം നിലനിര്‍ത്തി, സാധാരണ ജനങ്ങള്‍ക്ക് വായിക്കാന്‍ അനുവാദമില്ലാതാക്കി. അറിവ് അധികാരമാണെന്ന് തിരിച്ചറിഞ്ഞ പുരോഹിതര്‍ ജനങ്ങളെ അജ്ഞതയുടെ ഇരുട്ടില്‍ തളച്ചിട്ടു. ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞരെ വേട്ടയാടിയത് ഈ അധികാരത്തെ സംരക്ഷിക്കാനായിരുന്നു.
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ ഭൂപ്രഭു കത്തോലിക്കാ സഭയായിരുന്നു. രാജാക്കന്മാര്‍ക്ക് മുകളില്‍ പോപ്പ് അധികാരം സ്ഥാപിക്കുകയും ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുക്കുകയും ചെയ്തു.

ഗലീലിയോ ഗലീലി
ദൈവഭയത്തിന്റെ പേരില്‍ അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തി ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു. ഈ മാതൃക ലോകമെമ്പാടും പൗരോഹിത്യ വര്‍ഗ്ഗം വിവിധ രൂപങ്ങളില്‍ അനുകരിച്ചു.
ഇന്ത്യയിലേക്ക് വരുമ്പോള്‍ ഈ ചിത്രം മറ്റൊരു രൂപം സ്വീകരിക്കുന്നു. യൂറോപ്പിലെ സഭയുടെ സ്ഥാനത്ത് ഇവിടെ ബ്രാഹ്‌മണിക പൗരോഹിത്യം നിലയുറപ്പിച്ചു. ആര്യന്മാരുടെ വരവോ കുടിയേറ്റമോ ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക ഘടനയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.
വേദങ്ങളെയും സംസ്‌കൃതത്തെയും മുന്‍നിര്‍ത്തി അറിവിനെ ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി ചുരുക്കി. ‘ദൈവമുഖത്തു നിന്ന് ജനിച്ചവര്‍’ എന്ന് സ്വയം വിശേഷിപ്പിച്ച് ബ്രാഹ്‌മണര്‍ സാമൂഹിക ശ്രേണിയുടെ ഏറ്റവും മുകളില്‍ സ്ഥാനം ഉറപ്പിച്ചു.
ഗോത്രവര്‍ഗ്ഗ-കാര്‍ഷിക സമൂഹങ്ങളുടെ ഭൂമി കൈയടക്കാന്‍ ഉപയോഗിച്ച പ്രധാന തന്ത്രം ‘ദൈവത്തിന് സമര്‍പ്പിക്കുക’ എന്നതായിരുന്നു. രാജാക്കന്മാരെ സ്വാധീനിച്ച് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, ക്ഷേത്രങ്ങളുടെ പേരില്‍ ഏക്കറ് കണക്കിന് ഭൂമി പതിച്ചെടുക്കുകയും ചെയ്തു.
‘ബ്രഹ്‌മസ്വം’ (ബ്രാഹ്‌മണന്റെ സ്വത്ത്), ‘ദേവസ്വം’ (ദൈവത്തിന്റെ സ്വത്ത്അതിന്റെ നടത്തിപ്പുകാരന്‍ ബ്രാഹ്‌മണന്‍) എന്നീ സംവിധാനങ്ങള്‍ വഴി ക്ഷേത്രങ്ങള്‍ ഇന്ത്യന്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ മൂലധന ശക്തിയായി മാറി. ക്ഷേത്രം വെറും ആരാധനാലയമല്ലായിരുന്നു. ധാന്യം സൂക്ഷിക്കുന്ന കലവറ, പണം പലിശയ്ക്ക് നല്‍കുന്ന ബാങ്ക്, വിധി കല്‍പ്പിക്കുന്ന കോടതി എല്ലാം ഒരുമിച്ച് നിന്ന ഒരു അധികാര കേന്ദ്രം.
ദൈവത്തിന്റെ പേരില്‍ കുമിഞ്ഞുകൂടിയ സമ്പത്തും ഭൂമിയും കൈകാര്യം ചെയ്തിരുന്നത് തന്ത്രി പുരോഹിത വര്‍ഗമായിരുന്നു. ഈ സാമ്പത്തിക അടിത്തറയാണ് ജാതിവ്യവസ്ഥയെയും അയിത്തത്തെയും ഇത്ര ദൃഢമായി നിലനിര്‍ത്തിയത്.
ഈ ചരിത്ര പശ്ചാത്തലത്തിലാണ് ശബരിമലയിലെ സമകാലിക വിവാദങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ശബരിമല തന്ത്രി കണ്ഠരര് രാജീവര്
സ്വര്‍ണ്ണപ്പാളി ഇളക്കിമാറ്റപ്പെട്ടതും പുതിയത് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള അഴിമതി ആരോപണങ്ങളും കേവലം ഒരു മോഷണശ്രമമായി കാണാന്‍ കഴിയില്ല. അത് ഒരു വലിയ സംവിധാനത്തിന്റെ ജീര്‍ണ്ണതയുടെ പ്രതിഫലനമാണ്.
ക്ഷേത്രത്തിലെ ആചാരങ്ങളുടെയും പവിത്രതയുടെയും അവസാന വാക്ക് തന്ത്രിയാണെന്ന വിശ്വാസം അവരെ നിയമത്തിന് അതീതരാക്കുന്നു. സ്വര്‍ണ്ണപ്പാളി കേസില്‍ കണ്ഠരര്‍ രാജീവ് എന്ന തന്ത്രി കുടുംബാംഗം അറസ്റ്റിലായെന്ന വാര്‍ത്ത ഈ അധികാരത്തിന്റെ ദുര്‍ബലതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ശ്രീകോവിലിനുള്ളിലും ക്ഷേത്ര പരിസരത്തും നടക്കുന്ന കാര്യങ്ങള്‍ ‘ദൈവിക രഹസ്യങ്ങള്‍’ ആയതിനാല്‍ ഓഡിറ്റിംഗോ ജനാധിപത്യപരമായ പരിശോധനകളോ വേണ്ടെന്ന വാദം ആരെ സഹായിക്കുന്നു? ഭക്തന്റെ കഷ്ടപ്പാടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന പണവും സ്വര്‍ണ്ണവും കൈകാര്യം ചെയ്യുന്നവരുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് ‘വിശ്വാസ ലംഘന’മായി ചിത്രീകരിക്കപ്പെടുന്നു.
പുരാതന കാലത്ത് ക്ഷേത്രഭൂമി കൈവശം വെച്ച് അനുഭവിച്ച അതേ തന്ത്രം ഇന്ന് സ്വര്‍ണ്ണമായും കാണിക്കയായും സമാഹരിക്കുന്ന സമ്പത്തിന്റെ മേലുള്ള കുത്തകയായി തുടരുന്നു.
ഈ പശ്ചാത്തലത്തിലാണ് ‘സര്‍വ്വംമായ’ എന്ന സിനിമയുടെ രാഷ്ട്രീയ പ്രസക്തി ഉയര്‍ന്നുവരുന്നത്. ഈ സിനിമ ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിടുന്നില്ല. മറിച്ച് വിശ്വാസവും മൂലധനവും അധികാരവും ചേര്‍ന്നുണ്ടാക്കിയ ത്രിതല സഖ്യത്തിനെതിരെ ഒരു കുറ്റപത്രം നല്‍കുന്നു.

സര്‍വ്വംമായ പോസ്റ്റര്‍
ഭയമാണ് ഭക്തിയുടെ ഏറ്റവും വലിയ ഇന്ധനമെന്ന് പൗരോഹിത്യത്തിന് നന്നായറിയാം. മനുഷ്യന്റെ നിസ്സഹായതയെ മുതലെടുത്ത് അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കുകയും, അതിനുള്ള പരിഹാരങ്ങള്‍ വിറ്റ് പണം സമ്പാദിക്കുകയും ചെയ്യുന്ന രീതി ഒരു കോര്‍പ്പറേറ്റ് ബിസിനസ് മോഡലിനോട് സാമ്യമുള്ളതാണ്.
സിനിമ വ്യക്തമാക്കുന്നത് ഒരു തന്ത്രിയോ പൂജാരിയോ തെറ്റ് ചെയ്യുന്നതല്ല പ്രശ്‌നം മറിച്ച് തെറ്റ് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കുന്ന ഘടന തന്നെയാണ് അടിസ്ഥാന പ്രശ്‌നം.
ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഇടതുപക്ഷത്തെയും പുരോഗമന പ്രസ്ഥാനങ്ങളെയും ‘മതവിരുദ്ധം’ എന്ന് മുദ്രകുത്തുന്നത് പതിവാണ്. എന്നാല്‍ ചരിത്രം മറ്റൊരു കഥയാണ് പറയുന്നത്. കത്തോലിക്കാ സഭയുടെ അഴിമതിക്കെതിരെ പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണം ഉയര്‍ന്നുവന്നത് മതത്തെ നശിപ്പിക്കാനല്ല, മറിച്ച് അതിന്റെ യഥാര്‍ത്ഥ ആത്മീയത തിരിച്ചുകൊണ്ടുവരാനായിരുന്നു.

പ്രൊട്ടസ്റ്റന്റ് പരിഷ്‌ക്കരണം കാര്‍ട്ടൂണ്‍ ചിത്രീകരണം
അതുപോലെ ഇന്ത്യയിലും ബ്രാഹ്‌മണിക ഫ്യൂഡലിസത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങള്‍ യഥാര്‍ത്ഥ ആത്മീയതയുടെ പക്ഷത്തായിരുന്നു. ഇടതുപക്ഷം ചോദ്യം ചെയ്യുന്നത് ദൈവത്തെയല്ല, ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന ക്ഷേത്രങ്ങളെയും പള്ളികളെയും അധികാര കേന്ദ്രങ്ങളാക്കി മാറ്റുന്ന, സ്വര്‍ണ്ണപ്പാളികള്‍ കട്ടെടുക്കാന്‍ മടിയില്ലാത്ത പൗരോഹിത്യ മൂലധന സഖ്യത്തെയാണ്.
ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ അടിത്തറയായ ജാതിവ്യവസ്ഥയും സാമ്പത്തിക അസമത്വവും ഊട്ടിയുറപ്പിച്ചത് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ബ്രാഹ്‌മണിക അധികാരമാണ്.
വത്തിക്കാനിലെ മാര്‍പാപ്പ മുതല്‍ ശബരിമലയിലെ തന്ത്രി വരെ , ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പൗരോഹിത്യം എപ്പോഴും അധികാരത്തിന്റെ പക്ഷത്ത് നിന്നിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കേസും ‘സര്‍വ്വംമായ’ എന്ന സിനിമയും നമ്മോട് ആവശ്യപ്പെടുന്നത് ഒരു ആഴത്തിലുള്ള തിരുത്തലാണ്.
ഭക്തി ഭക്തന്റെ അവകാശമാണ്, അത് പുരോഹിതന്റെ സ്വകാര്യ സ്വത്തോ അഴിമതിക്കുള്ള ഉപാധിയോ ആകരുത്. ”തത്വമസി” അത് നീയാകുന്നു എന്ന് ഉപനിഷത്തുകള്‍ പഠിപ്പിച്ച ക്ഷേത്രങ്ങളില്‍, ദൈവത്തേക്കാള്‍ വലിയവരായി മനുഷ്യര്‍ വാഴുന്ന അവസ്ഥ മാറേണ്ടതുണ്ട്.
യഥാര്‍ത്ഥ നവോത്ഥാനം ഈ തിരിച്ചറിവിലാണ് സംഭവിക്കേണ്ടത്. വിശ്വാസത്തെ രക്ഷിക്കേണ്ടത് വിശ്വാസികളെ ചൂഷണം ചെയ്യുന്നവരില്‍ നിന്നാണ്.
ചരിത്രത്തിന്റെ ഈ പാഠം മറന്നാല്‍ ഭക്തിയുടെ പേരില്‍ ഇനിയും സ്വര്‍ണ്ണപ്പാളികള്‍ അപ്രത്യക്ഷമാവുകയും അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ചെയ്യും.
വിശ്വാസത്തിന്റെ യഥാര്‍ത്ഥ കോട്ടകള്‍ അധികാരത്തിന്റെ സ്വര്‍ണ്ണപ്പാളികളാല്‍ മൂടപ്പെടാതിരിക്കാന്‍, നമ്മള്‍ ഈ ചരിത്രത്തെ നേരിട്ട് നോക്കി നിലപാട് എടുക്കേണ്ട സമയമാണിത്.
Content Highlight: Sarvamayya and the crumbling idols: A political reading against the trade in faith
