നിവിൻ പോളി നായകനായെത്തിയ സർവ്വം മായ ഒ.ടി.ടി റിലീസിന് ശേഷം സോഷ്യൽ മീഡിയയിലും സിനിമാ ചർച്ചകളിലും വീണ്ടും സജീവമാണ്. തിയേറ്റർ റിലീസിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം, ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ എത്തിയതോടെ കൂടുതൽ വ്യാഖ്യാനങ്ങൾക്കും രസകരമായ നിരീക്ഷണങ്ങൾക്കും വഴിയൊരുക്കുകയാണ്.
സിനിമയും അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസിൽ ഇടം പിടിച്ചത് തന്നെയാണ് സർവ്വം മായയുടെ ഏറ്റവും വലിയ പ്രത്യേകതയും. സംവിധായകൻ അഖിൽ സത്യൻ പോലും പ്രതീക്ഷിക്കാത്ത അർത്ഥങ്ങളും സൂചനകളും കണ്ടെത്തുകയാണ് പ്രേക്ഷകർ.
ഡെലൂലുവിന്റെ കാമുകൻ യഥാർത്ഥത്തിൽ ആരാണെന്ന ചോദ്യമാണ് പ്രധാനപ്പെട്ട ചർച്ചകളിൽ ഒന്ന്. അത് നിവിൻ പോളിയാണോ, അജു വർഗീസാണോ, അല്ലെങ്കിൽ പ്രഭയുടെ ഏട്ടന്റെ വേഷത്തിലെത്തിയ മധു വാര്യറാണോ എന്നിങ്ങനെ വിവിധ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ഇപ്പോഴിതാ, സിനിമയിലെ ഡെലൂലു എന്ന കഥാപാത്രം ചെയ്യുന്ന പല കാര്യങ്ങളും നസ്രിയ നസീം മുമ്പ് ചെയ്ത കൂടെ എന്ന ചിത്രത്തിലെ കഥാപാത്രവുമായി സാമ്യമുള്ളതാണെന്ന കണ്ടെത്തലാണ് പ്രേക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച ജോഷ്വ എന്ന കഥാപാത്രത്തിന്റെ സഹോദരി ജെന്നി മരിച്ചതിന് ശേഷം ആത്മാവായി സഹോദരനൊപ്പം ദിവസങ്ങൾ ചിലവഴിക്കുന്നതാണ് കൂടെ സിനിമയിൽ കാണിക്കുന്നത്. അതുപോലെ തന്നെ സർവ്വം മായയിൽ ഡെലൂലു എന്ന യക്ഷി നിവിൻ പോളി അവതരിപ്പിച്ച പ്രഭയോടൊപ്പം കഴിയുന്നതും ശ്രദ്ധേയമായ സാമ്യമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സർവ്വം മായയിലെ ഡെലൂലു ഒരു ന്യൂജെൻ യക്ഷിയാണ്. അതിനാൽ തന്നെ യക്ഷികൾ ചെയ്യാത്ത പലകാര്യങ്ങളും ഡെലൂലു ചെയ്യുന്നു. എന്നാൽ ഇതൊക്കെ നസ്രിയ പണ്ടേ വിട്ടതാണെന്നാണ് രസകരമായി ആരാധകർ കുറിക്കുന്നത്. കൂടെ സിനിമയിൽ നസ്രിയ അവൾക്കിഷ്ട്ടപെട്ട ഐസ്ക്രീം വാങ്ങി കഴിക്കുകയും ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്യുമായിരുന്നു അതുപോലെതന്നെയാണ് സർവ്വം മായയിൽ ഡെലൂലു അവൾക്കിഷ്ട്ടപെട്ട ഡ്രസ്സ് ഓർഡർ ചെയ്യുന്നതും. ഇത്തരം സാമ്യങ്ങളാണ് ആരാധകർ രസകരമായി കണ്ടുപിടിക്കുന്നതും ചർച്ച ചെയ്യുന്നതും.
കൂടാതെ, പ്രേതങ്ങളെ അവതരിപ്പിക്കുന്ന രീതിയിലുണ്ടായ മാറ്റങ്ങളും ചർച്ചയാകുകയാണ്. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന പ്രേതങ്ങൾ, ഇപ്പോൾ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും, ഐസ്‌ക്രീം കഴിക്കുകയും, ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഓൺലൈനായി വാങ്ങുകയും, റീലുകൾ കാണുകയും, ചെയ്യുന്ന ‘ജെൻ സി’ സ്വഭാവമുള്ള കഥാപാത്രങ്ങളായി മാറിയിരിക്കുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.