റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരുടെ ആദ്യ ചോയ്‌സായി തുടരുകയാണ് സര്‍വ്വം മായ. ക്രിസ്മസ് റിലീസായെത്തിയ ചിത്രം ഇപ്പോഴും പലയിടത്തും ഹൗസ്ഫുള്ളാണ്. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 130 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍വ്വം മായ.
കേരളത്തിലും മികച്ച കളക്ഷനാണ് സര്‍വം മായ സ്വന്തമാക്കുന്നത്. ഇതിനോടകം 67 കോടി കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിക്കഴിഞ്ഞു. കേരള ബോക്‌സ് ഓഫീസിലെ ആദ്യ പത്തില്‍ സര്‍വ്വം മായ കുതിക്കുകയാണ്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തെ പിന്തള്ളി പത്താം സ്ഥാനം നേടിയ ചിത്രം ഇപ്പോള്‍ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിനെയും മറികടന്നിരിക്കുകയാണ്.
ലൂസിഫറിന്റെ കേരള കളക്ഷനായ 65 കോടി ഇന്നലെ സര്‍വ്വം മായ മറികടന്നു. ഇനി സര്‍വ്വം മായയുടെ മുന്നിലുള്ളത് പ്രേമലു, പുലിമുരുകന്‍ തുടങ്ങിയ സിനിമകളാണ്. കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നാം സ്ഥാനം ലോകഃക്കാണ്. 110 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാല്‍ നായകനായ തുടരും ആണ്.
നിലവിലെ ട്രെന്‍ഡനുസരിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ കേരള കളക്ഷന്‍ 75 കോടിയോളമാകുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പ്രേമത്തിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം സര്‍വ്വം മായ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആറ് വര്‍ഷത്തോളമായി വലിയൊരു ഹിറ്റില്ലാതിരുന്ന നിവിന്റെ ഗംഭീര തിരിച്ചുവരവാണ് സര്‍വ്വം മായ
റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ടാണ് നിവിന്‍ കരിയറിലെ ആദ്യ 100 കോടിയിലേക്ക് കാലെടുത്തുവെച്ചത്. ക്രിസ്മസ് റിലീസായെത്തിയ മറ്റ് സിനിമകള്‍ തിളങ്ങാതെ പോയത് സര്‍വ്വം മായക്ക് ഗുണം ചെയ്തു. പൊങ്കലിന് തിയേറ്ററിലെത്തേണ്ട ജന നായകന്റെ റിലീസ് നീണ്ടുപോകുന്നതും ഗുണം ചെയ്യുന്നത് സര്‍വ്വം മായക്ക് തന്നെയാണ്.
ക്രിസ്മസ് വെക്കേഷന്‍ പരമാവധി മുതലെടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. 140 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സര്‍വ്വം മായ പിന്നീട് 250 സ്‌ക്രീനുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഫൈനല്‍ കളക്ഷനില്‍ 150 കോടിയെന്ന മാന്ത്രിക സംഖ്യ കൈവരിക്കുമെന്നാണ് കരുതുന്നത്.
ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിവിന്‍ പോളിക്ക് പുറമെ അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍, ജനാര്‍ദനന്‍, മധു വാര്യര്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്.
Content Highlight: Sarvam Maya crossed Kerala collection of Lucifer within 17 days