70ാം വയസിലും 40 കാരന്റെ ചുറുചുറുക്കോടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് ശരത്കുമാര്‍. നായകനടനായി ഒരുകാലത്ത് നിറഞ്ഞുനിന്ന ശരത്കുമാര്‍ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഈ വര്‍ഷം ശരത്കുമാര്‍ ഭാഗമായ രണ്ട് സിനിമകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 3 BHKയിലെ വാസുദേവന്‍ എന്ന മിഡില്‍ ക്ലാസ് കുടുംബാനാഥനായി കണ്ണ് നനയിച്ചപ്പോള്‍ ഡ്യൂഡില്‍ ആദിയമാന്‍ എന്ന മന്ത്രിയായി രസിപ്പിച്ചു.
ഗലാട്ടാ പ്ലസ് സംഘടിപ്പിച്ച റൗണ്ട് ടേബിളില്‍ ഈ വര്‍ഷം തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ധ്രുവ് വിക്രം നായകനായ ബൈസണ്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്ന് ശരത്കുമാര്‍ പറയുന്നു. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറയുന്ന സിനിമകള്‍ക്ക് നേരെ അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ കഥകള്‍ എല്ലാ കാലത്തും സിനിമയാകുന്നുണ്ടെന്നും ഹോൡവുഡില്‍ വരെ അത് കാണാനാകുമെന്നും അദ്ദേഹം പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂത ജനതയുടെ കഷ്ടപ്പാടുകള്‍ ഒരുകാലത്ത് ഹോളിവുഡിലെ സ്ഥിരം വിഷയമായിരുന്നെന്നും ശരത്കുമാര്‍ പറഞ്ഞു. അതേ കാര്യം തന്നെയാണ് തമിഴ് സിനിമയിലും കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കറുത്തവര്‍ഗക്കാര്‍ നേരിടുന്ന അവഗണനകളും വിവേചനങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്. ആ ജനത നേരിടുന്ന വലിയ വെല്ലുവിളികളാണ് സ്‌ക്രീനില്‍ കാണുന്നത്. അങ്ങനെയൊരു സംഭവം നടക്കുന്നില്ലെന്ന് പറഞ്ഞ് കൈകഴുകാനാകില്ല. ഒരുകാലത്ത് അടിച്ചമര്‍ത്തല്‍ നേരിട്ട ജനതയുടെ വെല്ലുവിളികളാണ് മാരി സെല്‍വരാജ് അദ്ദേഹത്തിന്റെ സിനിമകളില്‍ വരച്ചിടുന്നത്. പാ. രഞ്ജിത്തും അങ്ങനെ തന്നെയാണ്. ഈ സിനിമകളെയൊന്നും വിമര്‍ശിക്കേണ്ട യാതൊരു ആവശ്യവുമില്ല,’ ശരത്കുമാര്‍ പറയുന്നു.
അദ്ദേഹം പറയുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമിഴ് സിനിമയില്‍ ഒരുകാലത്ത് നാടുവാഴി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന നടനായിരുന്നു ശരത്കുമാര്‍. നാട്ടാമൈ, സൂര്യവംശം, സിമ്മരാസി, വിണ്ണുക്കും മണ്ണുക്കും തുടങ്ങി നിരവധി സിനിമകളില്‍ ശരത്കുമാര്‍ നാടുവാഴിയായി വേഷമിട്ടിരുന്നു. ഈ ചിത്രങ്ങളിലെയെല്ലാം ‘സോ കാള്‍ഡ് ഉയര്‍ന്ന ജാതിയെ’ പൊക്കിപ്പറയുന്ന ഡയലോഗുകള്‍ അടുത്തിടെ പല പേജുകളും ട്രോള്‍ മെറ്റീരിയലാക്കി മാറ്റി.
എന്നാല്‍ അന്ന് നാടുവാഴി കഥാപാത്രങ്ങള്‍ ചെയ്ത ശരത്കുമാര്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഡ്യൂഡിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ജാതിവാദിയായ രാഷ്ട്രീയക്കാരനായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ദുരഭിമാനക്കൊലയെ തമാശയുടെ രൂപത്തില്‍ വിമര്‍ശിക്കുന്ന ഡ്യൂഡില്‍ ഭാഗമായതും ഇപ്പോള്‍ മാരി സെല്‍വരാജിന്റെ സിനിമയെ പുകഴ്ത്തിയതും ശരത്കുമാറില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.
‘നാട്ടാമേ, ഇതെന്ത് പറ്റി’, ‘ഇത്രയും വിവരം വെച്ചിട്ട് ജംഗ്ലീ റമ്മി പോലുള്ള ഗെയിമുകളുടെ പരസ്യത്തില്‍ അഭിനയിക്കുകയാണല്ലോ’, എന്നിങ്ങനെയാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.