| Tuesday, 4th February 2025, 5:04 pm

ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മുടെ അഹങ്കാരം ഇല്ലാതാകും, അതിനൊരു കാരണമുണ്ട്: ശരത് ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994ല്‍ സ്വഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ശരത് ദാസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ശരത് അവതരിപ്പിച്ചു. സീരിയല്‍ രംഗത്തും ശരത് സജീവമാണ്. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശരത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ശരത്തിനെ തേടിയെത്തിയിരുന്നു.

സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശരത് ദാസ്. ശരത്തിന്റെ കരിയറില്‍ ശ്രദ്ധേയമായ ചിത്രങ്ങളാണ് പത്രവും ദേവദൂതനും. പത്രത്തില്‍ സ്ഫടികം ജോര്‍ജുമായുള്ള ഫൈറ്റ് സീനിനിടെ തന്നെ അദ്ദേഹം എടുത്തെറിയുന്നത് റിയലാണെന്ന് ശരത് പറഞ്ഞു. എടുത്ത് എറിയുന്ന ആക്ഷന്‍ മാത്രമേ ആദ്യം പ്ലാന്‍ ചെയ്തുള്ളൂവെന്നും വീഴുന്ന ഷോട്ട് വേറെ എടുക്കാമെന്ന് പറഞ്ഞിരുന്നെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ സമയത്തെ ടെന്‍ഷനില്‍ സ്ഫടികം ജോര്‍ജ് തന്നെ ശരിക്ക് എടുത്തെറിഞ്ഞെന്നും കൈയ്ക്കും കാലിനും ചെറിയ പരിക്കുകള്‍ പറ്റിയെന്നും ശരത് പറഞ്ഞു. അതെല്ലാം സിനിമയുടെ ഭാഗമാണെന്ന് തനിക്ക് അറിയാമെന്നും അതില്‍ പരാതിയില്ലെന്നും ശരത് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പല ആര്‍ട്ടിസ്റ്റുകള്‍ക്കും തോന്നാറുണ്ടെന്ന് ശരത് പറഞ്ഞു.

എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ അതില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നതെന്നും ശരത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമില്ലാതാകുമെന്നും ശരത് പറഞ്ഞു. ഒരു സിനിമക്ക് വേണ്ടിയും അതിലെ ഷോട്ടിനു വേണ്ടിയും മോഹന്‍ലാല്‍ എടുക്കുന്ന എഫര്‍ട്ട് കാണാതെ പോകാന്‍ സാധിക്കില്ലെന്നും ശരത് കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ശരത് ദാസ്.

‘പത്രവും ദേവദൂതനും കരിയറില്‍ നല്ല ഇംപാക്ട് ഉണ്ടാക്കിയ സിനിമകളാണ്. പത്രത്തില്‍ സ്ഫടികം ജോര്‍ജ് എന്നെ എടുത്തിട്ട് ഇടിക്കുന്ന സീനുണ്ട്. അതില്‍ പുള്ളി എന്നെ എടുത്ത് എറിയുന്നുണ്ട്. എന്നെ എടുത്ത് എറിയുന്ന ആക്ഷന്‍ മാത്രമേ ആദ്യം കാണിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുള്ളൂ. ഞാന്‍ വീഴുന്ന ഷോട്ടൊക്കെ വേറെ എടുക്കാമെന്ന് വിചാരിച്ചതായിരുന്നു. പക്ഷേ, ഷോട്ടെടുത്ത സമയത്ത് അദ്ദേഹം എന്നെ എടുത്തെറിഞ്ഞു. കൈയ്ക്കും കാലിനും ചെറിയ പരിക്ക് പറ്റി.

അതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്രയും ആളുകളുടെ നടുവില്‍ നിന്ന് സീന്‍ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനുണ്ടാകും. അദ്ദേഹം പിന്നീട് എന്റെയടുത്ത് വന്ന് സോറിയൊക്കെ പറഞ്ഞു. പുള്ളിക്ക് മാത്രമല്ല, ഒരുവിധം എല്ലാ നടന്മാര്‍ക്കും ആ പ്രശ്‌നമുണ്ട്. പക്ഷേ ലാലേട്ടന്‍ അതില്‍ ഡിഫറന്റാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മുടെ അഹങ്കാരം ഇല്ലാതാകും. കാരണം, അദ്ദേഹം ഒരു സിനിമക്ക് വേണ്ടി, ഒരു ഷോട്ടിന് വേണ്ടി എടുക്കുന്ന എഫേര്‍ട്ട് കാണാതിരിക്കാന്‍ കഴിയില്ല,’ ശരത് ദാസ് പറയുന്നു.

Content Highlight: Sarath Das shares the shooting experience with Mohanlal in Devadoothan

We use cookies to give you the best possible experience. Learn more