| Wednesday, 2nd July 2025, 9:13 am

വേലായുധത്തിന് മുമ്പ് ആ സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി കൂടെ അഭിനയിച്ചുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് സാറിന് വിശ്വാസമായില്ല: ശരണ്യ മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശരണ്യ മോഹന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാലോകത്തേക്കെത്തിയത്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത ശരണ്യ വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ നൃത്തത്തിലാണ് ശ്രദ്ധ നല്‍കുന്നത്.

ശരണ്യയുടെ കരിയറില്‍ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിലൊന്നാണ് 2011ല്‍ പുറത്തിറങ്ങിയ വേലായുധം. വിജയ് നായകനായെത്തിയ ചിത്രത്തില്‍ താരത്തിന്റെ സഹോദരിയായാണ് ശരണ്യ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വിജയ്‌യെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യ മോഹന്‍.

താന്‍ ജ്യേഷ്ഠനെപ്പോലെ കാണുന്ന നടനാണ് വിജയ്‌യെന്ന് ശരണ്യ മോഹന്‍ പറഞ്ഞു. വേലായുധത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെ അദ്ദേഹം ഒരുപാട് കെയര്‍ ചെയ്‌തെന്നും ഇപ്പോഴും ഇടക്ക് തങ്ങള്‍ കോണ്‍ടാക്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വേലായുധത്തിന് മുമ്പ് വിജയ് നായകനായ കാതലുക്ക് മര്യാദൈ എന്ന സിനിമയില്‍ താന്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടായിരുന്നെന്നും ഇക്കാര്യം വിജയ്‌യോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശ്വാസമായില്ലെന്നും നടി പറയുന്നു. അവള്‍ വികടനോട് സംസാരിക്കുകയായിരുന്നു താരം.

‘വിജയ് സാര്‍ എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്. വേലായുധം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിന്റെ കെയര്‍ ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. എന്നെ സ്വന്തം സഹോദരിയെപ്പോലെയായിരുന്നു നോക്കിയത്. ഇന്നത്തെപ്പോലെ വലിയ ഫോണോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയോ അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ വിജയ് സാറിനൊപ്പമുള്ള ഒരുപാട് ഫോട്ടോസ് എടുത്തേനെ.

ആ സിനിമയുടെ സമയത്ത് ഷൂട്ടില്ലെങ്കില്‍ സാറിന്റെ കൂടെയിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. അങ്ങനെ സംസാരിക്കുന്നതിന്റെ ഇടയിലാണ് ഞാന്‍ വേലായുധത്തിന് മുമ്പ് സാറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ആദ്യം അദ്ദേഹത്തിന് വിശ്വാസമായില്ല. ഏത് സിനിമയിലാണെന്ന് ചോദിച്ചപ്പോള്‍ കാതലുക്ക് മര്യാദൈയിലാണെന്ന് ഞാന്‍ പറഞ്ഞു.

ആ സിനിമയില്‍ എവിടെയാണെന്ന് ചോദിച്ചു. ക്ലൈമാക്‌സില്‍ ശാലിനിയുടെ വീട്ടിലെത്തുമ്പോള്‍ അവിടെയുള്ള കുട്ടികളില്‍ ഒരാള്‍ താനായിരുന്നെന്ന് അദ്ദേഹത്തോട് പറഞ്ഞു. ആദ്യം അത് വിശ്വസിച്ചില്ല. പിന്നീട് അദ്ദേഹം ആ സിനിമ ഒന്നുകൂടി കണ്ടിട്ട് എന്നെ വിളിച്ചു. ഇപ്പോഴും വിജയ് സാറിനെ വര്‍ഷത്തിലൊരിക്കലെങ്കിലും കോണ്‍ടാക്ട് ചെയ്യും,’ ശരണ്യ മോഹന്‍ പറഞ്ഞു.

Content Highlight: Saranya Mohan shares the shooting experience with Vijay

We use cookies to give you the best possible experience. Learn more