മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ആന്‍ മരിയ കലിപ്പിലാണ് ചിതത്തിലെ ആന്‍ മരിയായി എത്തി മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് സാറ അര്‍ജുന്റെത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയന്‍ സെല്‍വനില്‍ നന്ദിനിയായും താരം വേഷമിട്ടിരുന്നു. എന്നാല്‍ പ്രേക്ഷകരായാകെ ഞെട്ടിച്ചുകൊണ്ടാണ് സ്‌പൈ ത്രില്ലര്‍ ചിത്രം ധുരന്ധറില്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയായി സാറ എത്തിയത്.
ഇരുപത് വയസ്സുകാരിയായ സാറയുമൊത്തുളള രണ്‍വീര്‍ സിങ്ങിന്റെ പ്രണയരംഗങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്ന പക്വമായ പ്രതികരണമായിരുന്നു താരം വിഷയത്തില്‍ നല്‍കിയത്.
ഇപ്പോഴിതാ ധുരന്ധറിലേക്കും ഫെബ്രുവരി 6 ന് റിലീസ് ചെയ്യാനിരിക്കുന്ന യുഫോറിയയിലേക്കും എത്തിപ്പെടാനുണ്ടായ സാചര്യത്തെക്കുറിച്ച് സാറ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘പൊന്നിയന്‍ സെല്‍വന്‍ 2 ല്‍ അഭിനയിച്ച ശേഷം ഞാന്‍ നേരെ പോയത് ബോര്‍ഡിങ്ങ് സ്‌കൂളിലേക്കാണ്. അവിടെ നിന്ന് എന്റെ ആദ്യത്തെ പ്ലാന്‍ അഭിനയം പഠിക്കാനായി വിദേശത്തേക്ക് പോകുക എന്നതായിരുന്നു. ബോര്‍ഡ് എക്‌സാം എഴുതുന്ന സമയത്താണ് മാജിക്ക് എന്ന സിനിമ സൈന്‍ ചെയ്യുന്നത്. അത് കംപ്ലീറ്റ് ആക്കിയതിനുശേഷം വിദേശത്തേക്ക് പോകുക എന്ന പ്ലാനില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു ഞാന്‍.
പക്ഷേ യുഫോറിയയുടെ കഥ കേട്ടപ്പോള്‍ എല്ലാവരെയും പോലെ ആ സിനിമ ചെയ്യണം എന്നൊരു ഹ്യൂമണ്‍ ടെന്‍ഡന്‍സി എനിക്കും വന്നു. ഇത്തരത്തില്‍ വലിയ സമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ചെയ്യണമെന്ന് എനിക്ക് തോന്നി. യുഫോറിയ ചെയ്യുന്നതിനിടയിലാണ് ഞാന്‍ ധുരന്ധറില്‍ സൈന്‍ ചെയ്തത്,’ സാറ പറഞ്ഞു.
ചെറുപ്പം മുതല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങിയ സാറ, വിക്രം നായകനായ ദൈവതിരുമകളിലെ നിള കൃഷ്ണ എന്ന കഥാപാത്രമായി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. സംവിധായകന്‍ എ.എല്‍ വിജയ് സംവിധാനം ചെയ്ത സൈവം സിനിമയിലും പ്രധാനവേഷത്തിലെത്തിയിരുന്നു. നീലിമ ഗുണ നിര്‍മിച്ച് ഗുണശേഖര്‍ സംവിധാനം ചെയ്ത യുഫോറിയയാണ് സാറയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ഭൂമിക ചൗള, ഗൗതം മേനോന്‍, വിഘ്‌നേശ് ഗവിറെഡ്ഡി, നാസര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlights: Sara Arjun Talks about how she came in to Dhurandhar after planning to take a break to study abroad
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.