| Monday, 29th September 2025, 11:59 am

അല്‍ഫോണ്‍സിന്റെ പുറകേ എത്രയോ നടന്നിട്ടാണ് അദ്ദേഹം അഭിനയിക്കാന്‍ തയ്യാറായത്; ആദ്യം സമ്മതമല്ലായിരുന്നു: സന്തോഷ് ടി. കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ ബള്‍ട്ടി സിനിമയില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി.കുരിവിള. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് അല്‍ഫോണ്‍സ് പുത്രനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സംസാരിച്ചത്.

ഈ സിനിമയില്‍ തനിക്ക് ഒരു നല്ല പ്രൊഡ്യൂസറിനെ പാര്‍ട്ണറായി കിട്ടിയെന്നും അദ്ദേഹം തന്റെ പഴയ സുഹൃത്താണെന്നും സന്തോഷ് പറയുന്നു. തങ്ങള്‍ രണ്ട് പേരും ആ റോളില്‍ അഭിനയിക്കാന്‍ പലരെയും നോക്കിയെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമായ ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

‘തമിഴ്‌നാട്ടില്‍ നോക്കി, കേരളത്തില്‍ നോക്കി. പിന്നെ നമ്മുടെ മനസില്‍ വന്നത് അല്‍ഫോണ്‍സ് മാത്രമാണ്. അല്‍ഫോണ്‍സിന്റെ പുറകേ എത്രയോ നടന്നിട്ടാണ് അദ്ദേഹം ബള്‍ട്ടിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. ആദ്യം ഓക്കെ പറഞ്ഞില്ല. പിന്നെ ഓക്കെ പറഞ്ഞു. അതുകഴിഞ്ഞ് അല്‍ഫോണ്‍സിന് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് പേടിച്ചിട്ട് നാല് ദിവസം മുമ്പ് സിനിമയില്‍ നിന്ന് പിന്‍മാറി.

ആ സമയം ഞങ്ങള്‍ ഒത്തിരി ടെന്‍ഷന്‍ അടിച്ചു. പിന്നെ ഞാന്‍ ഡയറക്ടറിന്റെ അടുത്ത് ‘താന്‍ ഇവിടെ വലിയ പ്രശ്‌നത്തിലാണെന്ന്’ പറഞ്ഞ് ഒന്ന് അല്‍ഫോണ്‍സിന് മെസേജ് അയക്കാന്‍ പറഞ്ഞു. അങ്ങനെ സെന്റിമെന്റ്‌സ് കൂടി ഒന്ന് വര്‍ക്ക് ഔട്ട് ചെയ്താണ് പുള്ളി പിന്നെ അഭിനയിക്കാന്‍ വന്നത്,’ സന്തോഷ്.ടി കുരുവിള പറയുന്നു.

ഷെയ്ന്‍ നിഗം നായകനായെത്തി കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ബള്‍ട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്‌നിന് പുറമേ ശാന്തനു ഭാഗ്യരാജ്, സെല്‍വരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സോഡാ ബാബു എന്ന കഥപാത്രമായിട്ടാണ് അല്‍ഫോണ്‍സ് സിനിമയില്‍ എത്തിയിരുന്നത്.

Content highlight: Santosh T. Kuruvila says Alphonse Puthren was initially hesitant to act in Balti

We use cookies to give you the best possible experience. Learn more