ആഷിഖ് അബു സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ശേഖര്‍ മേനോന്‍, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി. രവി, നൈല ഉഷ, അപര്‍ണ ഗോപിനാഥ്, ഹരീഷ് പേരടി, ദിലീഷ് പോത്തന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഡാഡി കൂള്‍ എന്ന സിനിമക്ക് ശേഷം ആഷിക് അബുവും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന കാരണത്താല്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളികള്‍ ഈ സിനിമ കാണാന്‍ പോകുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗ്യാങ്‌സ്റ്ററിന്റെ പരാജയത്തെ കുറിച്ചും ആഷിക് അബു – മമ്മൂട്ടി കൂട്ടുകെട്ടിനെ കുറിച്ചും പറയുകയാണ് നിര്‍മാതാവായ സന്തോഷ് ടി. കുരുവിള. ഗ്യാങ്സ്റ്ററില്‍ തങ്ങള്‍ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മമ്മൂട്ടിക്ക് പോലും ഗ്യാങ്‌സ്റ്റര്‍ എന്ന പേര് കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം പറയുന്നു.
‘ഗ്യാങ്സ്റ്ററില്‍ ഞങ്ങള്‍ക്ക് പാളിച്ച ഉണ്ടായിട്ടുണ്ട്. ആ നഷ്ടം വളരെ വലുതാണ്. ആളുകള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കാറില്ല. മമ്മൂക്കക്ക് പോലും ഗ്യാങ്‌സ്റ്റര്‍ എന്ന പേര് കേള്‍ക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം എന്നോട് ആ കാര്യം പറഞ്ഞിട്ടുണ്ട്.
പൈസയുടെ നഷ്ടം മാത്രമല്ല അവിടെ കാര്യം. ഒരു സിനിമക്ക് നല്ല പേര് കിട്ടി കഴിഞ്ഞാല്‍ അതിന് പത്തോ ഇരുപത്തിയഞ്ചോ ലക്ഷം രൂപ നഷ്ടം വന്നാല്‍ പോലും കുഴപ്പമില്ല. ആ സിനിമയുടെ പരാജയമാണോ ആഷിക് അബു – മമ്മൂട്ടി ചിത്രം പിന്നീട് വരാത്തതെന്ന് ചോദിച്ചാല്‍, മമ്മൂക്കക്ക് സത്യത്തില്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് ആഷിക് അബു.
ചിലപ്പോള്‍ മമ്മൂക്കക്ക് പറ്റുന്ന ഒരു കഥ ആഷിക്കിന് കിട്ടാത്തത് കൊണ്ടാകാം അവര്‍ വീണ്ടും ഒരു സിനിമ ചെയ്യാത്തത്. ആഷിക് ഇപ്പോള്‍ റൈഫിള്‍ ക്ലബ് എന്ന ഗംഭീര സിനിമ ചെയ്തില്ലേ. അത് ആളുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്തായാലും ആഷിക് വീണ്ടും മറ്റൊരു പടവുമായി മമ്മൂക്കയുടെ അടുത്ത് പോയേക്കാം,’ സന്തോഷ് ടി. കുരുവിള പറയുന്നു.
Content Highlight: Santhosh T Kuruvila Talks About Gangster And Mammootty