രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സന്തോഷ്. ടി. കുരുവിളാണ് ചിത്രത്തിൻ്റെ നിർമാതാവ്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ്, കെൻഡി സിർദോ പാർവ്വതി. ടി എന്നിവർ പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ച ചിത്രത്തിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചു. ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പനെപ്പറ്റി സംസാരിക്കുകയാണ് നിർമാതാവ്.
മലയാളത്തിലെ എല്ലാ പ്രൊഡ്യൂസേഴ്സും ഉപേക്ഷിച്ച സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പനെന്നും എന്നിട്ടും അത് പ്രൊഡ്യൂസ് ചെയ്യാൻ കാരണം സാനു ജോൺ വർഗീസ് എന്ന ക്യാമറാമാനാണെന്നും സന്തോഷ്. ടി. കുരുവിള പറഞ്ഞു.
തനിക്ക് അപ്പോൾ സംവിധായകനെ അറിയാത്തതുകൊണ്ട് സാനു എന്നു പറയുന്ന വ്യക്തിയിലുള്ള വിശ്വാസം കൊണ്ടാണ് സിനിമ എടുത്തതെന്നും എന്നാൽ ന്നാ താൻ കേസ് കൊട് പ്രൊഡ്യൂസ് ചെയ്യാനുള്ള കാരണം രതീഷ് പൊതുവാൾ എന്ന സംവിധായകനിലുള്ള വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആർക്കറിയാം എന്ന സിനിമയും സാനുവിലുള്ള വിശ്വാസം കൊണ്ടാണ് ചെയ്തതെന്നും കൊവിഡിൻ്റെ സമയത്ത് സാനുവിൻ്റെ വീട്ടിൽ പോയിട്ടാണ് കഥ സംസാരിച്ചതെന്നും സന്തോഷ്. ടി. കുരുവിള കൂട്ടിച്ചേർത്തു.
‘ മലയാളത്തിലെ എല്ലാ പ്രൊഡ്യൂസറും ഉപേക്ഷിച്ച സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ഞാൻ സാനുവിനോട് ഡിമാൻ്റ് ചെയ്തതാണ് എനിക്ക് രതീഷ് ബാലകൃഷ്ണ പൊതുവാളിനെ അറിയില്ല, എന്നാൽ നീ ക്യാമറ ചെയ്യുകയാണെങ്കിൽ തീർച്ചയായും നമുക്ക് ആ സിനിമയെടുക്കാമെന്നും പൈസ മുടക്കാമെന്നും.
അത് സാനു എന്നു പറയുന്ന വ്യക്തിയിലുള്ള വിശ്വാസമാണ്. എന്നാൽ ന്നാ താൻ കേസ് കൊട് എന്ന സിനിമ രതീഷ് പൊതുവാൾ എന്ന സംവിധായകനിലുള്ള വിശ്വാസമാണ്. അയാൾ എൻ്റെ കൂടെ ചെയ്ത പടം ഗംഭീരമായിരുന്നത് കൊണ്ടും അയാളുടെ കഴിവിനെ മനസിലായതുകൊണ്ടുമാണ് ആ ചെയ്തത്.
ആർക്കറിയാം എന്ന് പറയുന്ന സിനിമയും സാനുവിലുള്ള വിശ്വാസം കൊണ്ടാണ് ചെയ്തത്. കൊവിഡിൻ്റെ സമയത്ത് പുതുപ്പള്ളിയിൽ അവൻ്റെ വീട്ടിൽ പോയിരുന്ന് കഥ സംസാരിക്കുമായിരുന്നു,’ സന്തോഷ്. ടി. കുരുവിള പറഞ്ഞു.
Content Highlight: Santhosh T Kuruvila Talking about Android Kunjappan Movie