| Wednesday, 23rd April 2025, 9:22 am

മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഞാന്‍ ആദ്യം കണ്ട സീന്‍ അതായിരുന്നു, പിന്നീട് ആ സിനിമ കാണാന്‍ എനിക്ക് തോന്നിയില്ല: സന്തോഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് സന്തോഷ് നാരായണന്‍. പാ. രഞ്ജിത് സംവിധാനം ചെയ്ത അട്ടക്കത്തിയിലൂടെയാണ് സന്തോഷ് നാരായണന്‍ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ സന്തോഷ് നാരായണന് സാധിച്ചു. വ്യത്യസ്തമായ ശൈലിയാണ് മറ്റുള്ളവരില്‍ നിന്ന് സന്തോഷ് നാരായണനെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് നാരായണന്‍. ചിത്രത്തെക്കുറിച്ച് എല്ലായിടത്തും പോസിറ്റീവ് അഭിപ്രായങ്ങളായിരുന്നു കേട്ടതെന്ന് സന്തോഷ് നാരായണന്‍ പറഞ്ഞു. എന്നാല്‍ ആ സിനിമ ആദ്യം കണ്ടവര്‍ തിയേറ്ററില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോസ് എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും അതില്‍ ഒരെണ്ണം താന്‍ കാണാനിടയായെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

ക്ലൈമാക്‌സ് സീനില്‍ ഗുണായിലെ പാട്ട് വെച്ചുകൊണ്ട് ആളെ രക്ഷിക്കുന്ന സീനായിരുന്നു താന്‍ കണ്ടതെന്നും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അതെന്നും സന്തോഷ് നാരായണന്‍ പറയുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അതെന്നും ആ സീന്‍ കണ്ടതോടെ സിനിമ കാണാനുള്ള മൂഡ് പോയെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിന്റെ കാര്യവും അങ്ങനെയായിരുന്നെന്ന് സന്തോഷ് നാരായണന്‍ പറഞ്ഞു. നാലാമത്തെ സീസണിന്റെ സ്‌നീക്ക് പീക്ക് താന്‍ യൂട്യൂബില്‍ കണ്ടെന്നും മൂന്ന് കഥാപാത്രങ്ങള്‍ മരിച്ചില്ലെന്ന് മനസിലായെന്നും സന്തോഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് കുറച്ചുകാലം കഴിഞ്ഞാണ് താന്‍ ആ സീരീസ് കണ്ടുതീര്‍ത്തതെന്നും സന്തോഷ് നാരായണന്‍ പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സന്തോഷ് നാരായണന്‍.

‘മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് എല്ലാവരും നല്ലത് പറയുന്നത് കേട്ടു. ആ സിനിമ കാണണമെന്നും വിചാരിച്ചതായിരുന്നു. പക്ഷേ, റിലീസായ സമയത്ത് യാദൃശ്ചികമായി ആ സിനിമയുടെ ഒരു സീന്‍ എക്‌സില്‍ കണ്ടു. ക്ലൈമാക്‌സില്‍ ആ നടനെ രക്ഷിച്ചുകൊണ്ടു വരുന്ന സീനായിരുന്നു. തിയേറ്ററില്‍ നിന്ന് ആരോ ഷൂട്ട് ചെയ്ത വീഡിയോയായിരുന്നു. അത് കണ്ടതോടെ സിനിമ കാണാനുള്ള മൂഡ് പോയി.

അതുപോലെ തന്നെയാണ് ഗെയിം ഓഫ് ത്രോണ്‍സും. യൂട്യൂബില്‍ നാലാമത്തെ സീസണിന്റെ സ്‌നീക്ക് പീക്ക് കണ്ടിരുന്നു. അതില്‍ മൂന്ന് കഥാപാത്രങ്ങളെ മെയിന്‍ ആക്കി കാണിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ മൂന്നും മരിക്കില്ലെന്ന് മനസിലായി. പിന്നീട് അതൊക്കെ മറക്കാന്‍ വേണ്ടി കാത്തിരുന്ന് കുറേ കഴിഞ്ഞിട്ടാണ് ആ സീരീസ് പൂര്‍ത്തിയാക്കിയത്,’ സന്തോഷ് നാരായണന്‍ പറഞ്ഞു.

Content Highlight: Santhosh Narayanan saying he didn’t watched Manjummel Boys

We use cookies to give you the best possible experience. Learn more