| Saturday, 5th April 2025, 8:31 pm

ആ നടിമാരുടെയൊക്കെ കാലത്ത് എന്ത് ആവശ്യത്തിനും മുറിയിലേക്ക് ചെല്ലാമായിരുന്നു, ഇന്ന് ആറ് മണിക്ക് ശേഷം ഒരു നടിയുടെ റൂമിന്റെ ഡോറില്‍ മുട്ടാന്‍ പോലും പേടിയാണ്: സന്തോഷ് കെ. നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ് കെ. നായര്‍. 1982ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. നായകനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ച സന്തോഷ് ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയിട്ടുണ്ട്. സീരിയല്‍ രംഗത്തും സന്തോഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളസിനിമയില്‍ പഴയകാല നടിമാരുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കെ. നായര്‍. പഴയകാലത്തെ പല നടിമാരുമായും തനിക്ക് നല്ല സൗഹൃദമായിരുന്നെന്ന് സന്തോഷ് പറഞ്ഞു. കെ.പി.എ.സി ലളിത, മീന, സുകുമാരി തുടങ്ങി ആ ജനറേഷനിലുള്ള നടിമാരുമായി നല്ല ആത്മബന്ധമായിരുന്നെന്നും സന്തോഷ് കെ. നായര്‍ കൂട്ടിച്ചേര്‍ത്തു.

ഉര്‍വശിയെപ്പോലുള്ള നടിമാരുടെ സൗഹൃദവും നല്ല രീതിയില്‍ ആസ്വദിച്ചിരുന്നെന്നും സന്തോഷ് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് റെസ്റ്റെടുക്കുമ്പോള്‍ റൂമിലെ വെള്ളം തീര്‍ന്നാല്‍ അവരുടെ റൂമില്‍ പോയി ചോദിക്കാന്‍ തക്ക സൗഹൃദവും തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നെന്നും സന്തോഷ് കെ. നായര്‍ പറയുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മൊത്തം മാറിയെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ ഹോട്ടല്‍ മുറിയുടെ ഡോറില്‍ മുട്ടാന്‍ പോലും പേടിയാണെന്നും അത്തരം രീതിയില്‍ കാര്യങ്ങള്‍ മാറിയെന്നും സന്തോഷ് കെ. നായര്‍ പറഞ്ഞു. ഒരുതരത്തില്‍ നോക്കുമ്പോള്‍ അതെല്ലാം നല്ല കാര്യമായി തോന്നുമെന്നും എന്നാല്‍ പഴയതുപോലെ ആരും തമ്മില്‍ വലിയ സൗഹൃദങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാറില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് കെ. നായര്‍.

‘പണ്ടുള്ള നടിമാരുമായൊക്കെ നല്ല സൗഹൃദവും അതിലുപരി നല്ല ആത്മബന്ധവുമായിരുന്നു. കെ.പി.എ.സി. ലളിത ചേച്ചി, കവിയൂര്‍ പൊന്നമ്മ ചേച്ചി, സുകുമാരിയമ്മ, മീനാമ്മ ഇങ്ങനെ ആ ജനറേഷനിലുള്ള നടിമാരുമായി നല്ല ബന്ധമായിരുന്നു. ഉര്‍വശി, കല്പന എന്നിവരോടും നല്ല കമ്പനിയായിരുന്നു. അന്നൊക്കെ ഷൂട്ട് കഴിഞ്ഞ് റൂമിലെത്തിയാല്‍ എന്തെങ്കിലും ആവശ്യത്തിന് അവരുടെ റൂമിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

വെള്ളം തീര്‍ന്നാലോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ആവശ്യം വന്നാലോ ഒന്നും പേടിക്കാതെ അവരുടെയടുത്തേക്ക് പോകാന്‍ പറ്റും. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല, വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ ഒരു നടിയുടെ റൂമിന്റെ ഡോറില്‍ മുട്ടാന്‍ പേടിയാണ്. ഒരുതരത്തില്‍ നോക്കിയാല്‍ അത് നല്ലതായി തോന്നും. എന്നാല്‍ പഴയതുപോലുള്ള സൗഹൃദങ്ങള്‍ ഇപ്പോള്‍ കാണാന്‍ പറ്റില്ല,’ സന്തോഷ് കെ. നായര്‍ പറഞ്ഞു.

Content Highlight: Santhosh K Nayar about the changes happened in Malayalam industry

We use cookies to give you the best possible experience. Learn more