| Friday, 16th May 2025, 5:43 pm

എന്റെ ഡയലോഗ് കാരണമാണ് സിനിമയുടെ റിലീസ് തടഞ്ഞതെന്ന് വിജയ് അന്ന് എന്നോട് പറഞ്ഞു: സന്താനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.വി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സന്താനം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിയ സന്താനം വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര കോമഡി താരമായി മാറി. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങാതെ നിന്ന സന്താനം നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

വിജയ് നായകനായി 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തലൈവ. എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ തടഞ്ഞിരുന്നു. ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുള്ള ‘ടൈം ടു ലീഡ്’ എന്ന ടാഗ്‌ലൈന്‍ അന്നത്തെ രാഷ്ട്രീയപ്പാര്‍ട്ടിയെ ചൊടിപ്പിച്ചതിനാലാണ് റിലീസ് തടഞ്ഞത്. കേരളമുള്‍പ്പെടെ എല്ലായിടത്തും റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമായിരുന്നു തലൈവ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തില്‍ വിജയ്‌യോടൊപ്പം സന്താനവും പ്രധാനവേഷത്തിലെത്തിയിരുന്നു. തമിഴ്‌നാട്ടില് റിലീസ് വൈകിയ സമയത്ത് വിജയ് തന്നെ ഒരു പരിപാടിക്കിടെ കണ്ടിരുന്നെന്ന് സന്താനം പറഞ്ഞു. സിനിമ റിലീസാകാത്തതിന് കാരണം താനാണെന്ന് വിജയ് കുറ്റപ്പെടുത്തിയെന്നും തനിക്ക് കാര്യം മനസിലായില്ലെന്നും സന്താനം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ വിജയ്‌യുടെ കഥാപാത്രത്തോട് തന്റെ കഥാപാത്രം, ‘നീ രാഷ്ട്രീയത്തിലേക്ക് വരേണ്ടയാളാണ്’ എന്ന് പറയുന്ന ഡയലോഗുണ്ടായിരുന്നെന്നും അതാണ് വിജയ് ഉദ്ദേശിച്ചതെന്നും സന്താനം പറഞ്ഞു. പല രാഷ്ട്രീയപ്പാര്‍ട്ടികളും ആ ഡയലോഗിനെച്ചൊല്ലി പ്രശ്‌നമുണ്ടാക്കിയെന്ന് വിജയ് തന്നോട് പറഞ്ഞെന്നും എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വിജയ് രാഷ്ട്രീയത്തിലേക്ക് എത്തിയെന്നും സന്താനം പറയുന്നു. ഡി.ഡി. നെക്സ്റ്റ് ലെവലിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സന്താനം.

‘തലൈവ സിനിമയുടെ റിലീസിന്റെ സമയത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയൊക്കെ കഴിഞ്ഞാണ് റിലീസായത്. അത്രക്ക് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിനിടയില്‍ ഒരുദിവസം വിജയ്‌യെ ഒരു ഫങ്ഷനില്‍ വെച്ച് കണ്ടു. ‘നീ കാരണം ഇപ്പോള്‍ സിനിമയുടെ റിലീസ് വരെ അവതാളത്തിലായി. എല്ലാത്തിനും കാരണം നിന്റെ ആ ഡയലോഗാണ്’ എന്ന് വിജയ് പറഞ്ഞു.

എന്താണെന്ന് എനിക്ക് മനസിലായില്ല. ആ സിനിമയില്‍ ‘നീയൊക്കെ രാഷ്ട്രീയത്തിലേക്ക് വരേണ്ട സമയം എപ്പഴോ കഴിഞ്ഞു’ എന്ന് തമാശക്ക് പറയുന്നുണ്ട്. അതാണ് വിജയ് ഉദ്ദേശിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആദ്യമായി സിനിമയില്‍ പറഞ്ഞത് ഞാനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ രാഷ്ട്രീയത്തിലേക്ക് തന്നെയെത്തി,’ സന്താനം പറയുന്നു.

Content Highlight: Santhanam shares Vijay’s comment during Thalaivaa movie controversy

We use cookies to give you the best possible experience. Learn more