| Saturday, 10th May 2025, 9:37 pm

താമസിക്കുന്ന ഹോട്ടലിന് താഴെ കല്യാണം നടക്കുന്നുണ്ടായിരുന്നു, ബിരിയാണിയുടെ മണം നന്നായിട്ടുണ്ടെന്ന് വിജയ് പറഞ്ഞു, പിന്നീട് അവിടെ ജനസാഗരമായിരുന്നു: സന്താനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.വി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സന്താനം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിയ സന്താനം വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര കോമഡി താരമായി മാറി. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങാതെ നിന്ന സന്താനം നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

തമിഴിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും സന്താനം അഭിനയിച്ചിട്ടുണ്ട്. വിജയ്‌യോടൊപ്പം സന്താനം അഭിനയിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഴകിയ തമിഴ് മകന്‍. ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് സന്താനം. കാരൈക്കുടിയില്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ ഉണ്ടായിരുന്നെന്ന് സന്താനം പറഞ്ഞു.

ആ നാട്ടില്‍ താമസിക്കാന്‍ കഴിയുന്ന ഒരൊറ്റ ഹോട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എല്ലാ ക്രൂവിനും അവിടെയായിരുന്നു താമസമെന്നും സന്താനം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഷൂട്ടില്ലാത്ത ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ വെറുതേയിരുന്നെന്നും അന്ന് വിജയ്‌യും തങ്ങളോടൊപ്പമുണ്ടായിരുന്നെന്നും സന്താനം പറഞ്ഞു. ആ ദിവസം താഴെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നെന്നും സന്താനം പറയുന്നു.

കല്യാണത്തിനുണ്ടാക്കിയ ബിരിയാണിയുടെ മണം തങ്ങളുടെ മുറിയിലേക്കും എത്തിയെന്നും ബിരിയാണിക്ക് നല്ല മണമെന്ന് വിജയ് പറഞ്ഞെന്നും സന്താനം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കൂടെ ഗഞ്ചാകറുപ്പും ഉണ്ടായിരുന്നെന്നും വിജയ് പറഞ്ഞത് കേട്ട് അയാള്‍ മുറിയുടെ പുറത്തേക്ക് പോയെന്നും സന്താനം പറഞ്ഞു. തങ്ങള്‍ പിന്നീട് സംസാരം തുടര്‍ന്നെന്നും സന്താനം പറയുന്നു.

കുറച്ച് കഴിഞ്ഞ് ജനലിലൂടെ നോക്കിയപ്പോള്‍ ആ നാട്ടിലെ എല്ലാവരും ഹോട്ടലില്‍ തടിച്ചുകൂടിയെന്നും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലായില്ലെന്നും സന്താനം കൂട്ടിച്ചേര്‍ത്തു. വിജയ് പറഞ്ഞത് കേട്ട് മുറിക്ക് പുറത്തേക്ക് പോയ ഗഞ്ചാകറുപ്പ് താഴെ കല്യാണം നടക്കുന്ന സ്ഥലത്ത് പോയി വിജയ്ക്ക് ബിരിയാണി കഴിക്കാന്‍ തോന്നുന്നെന്ന് പറഞ്ഞെന്നും അത് കേട്ടാണ് എല്ലാവരും കൂടിയതെന്നും സന്താനം പറഞ്ഞു. പുതിയ ചിത്രമായ ഡി.ഡി നെക്സ്റ്റ് ലെവലിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സന്താനം.

അഴകിയ തമിഴ് മകന്റെ ഷൂട്ട് കാരൈക്കുടിയില്‍ നടക്കുകയാണ്. അവിടെ പോയവര്‍ക്ക് അറിയാം. ആ ഏരിയയില്‍ സിനിമാക്കാര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഒരൊറ്റ ഹോട്ടല്‍ മാത്രമേയുള്ളൂ. ക്രൂവിലെ എല്ലാവരും ഒരൊറ്റ ഹോട്ടലിലായിരുന്നു. ഷൂട്ടില്ലാത്ത ഒരുദിവസം ഞാനും വിജയ്‌യും ഗഞ്ചാകറുപ്പും റൂമിലിരുന്ന് സംസാരിച്ചു. ആ സമയത്ത് താഴെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടാക്കുന്ന ബിരിയാണിയുടെ മണം ഞങ്ങളുടെ റൂം വരെയെത്തി.

‘ബിരിയാണിക്ക് നല്ല മണം, അല്ലേ’ എന്ന് വിജയ് ഞങ്ങളോട് ചോദിച്ചു. ആ സമയത്ത് ഗഞ്ചാകറുപ്പ് റൂമിന് പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ബഹളം കേട്ടു. ജനലിലൂടെ നോക്കിയപ്പോള്‍ ആ നാട്ടിലെ എല്ലാവരും ഹോട്ടലിലെത്തിയിരിക്കുകയാണ്. സംഗതി എന്താണെന്ന് വെച്ചാല്‍ വിജയ് പറഞ്ഞത് കേട്ട് ഗഞ്ചാ കറുപ്പ് നേരെ കല്യാണം നടക്കുന്ന സ്ഥലത്തേക്ക് പോയി. ‘മുകളിലെ റൂമില്‍ വിജയ്‌യുണ്ട്. അദ്ദേഹത്തിന് ബിരിയാണി വേണം’ എന്നാണ് അവന്‍ പറഞ്ഞത്. ഇത് കേട്ടതും എല്ലാവരും റൂമിലേക്ക് പാഞ്ഞുവന്നു,’ സന്താനം പറയുന്നു.

Content Highlight: Santhanam shares shooting experience with Vijay in Azhagiya Tamizh Magan Movie

We use cookies to give you the best possible experience. Learn more